Headlines
Loading...
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാൻ അധികൃതർ ഇൻറർനാഷണൽ കമ്മിറ്റി ഓഫ് റെഡ്‌ക്രോസിന് കൈമാറി

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാൻ അധികൃതർ ഇൻറർനാഷണൽ കമ്മിറ്റി ഓഫ് റെഡ്‌ക്രോസിന് കൈമാറി

അഫ്ഗാനിസ്താനില്‍ സൈനികരും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാന്‍ കൈമാറി. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസിന് മൃതദേഹം കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. പുലിസ്റ്റര്‍ പ്രൈസ് ജേതാവായ ഡാനിഷ് റോയിട്ടേര്‍സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്.

കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന്‍ സേനയോടൊപ്പം കാണ്ഡഹാറിലെ സാഹചര്യങ്ങള്‍ കവര്‍ ചെയ്യുകയായിരുന്നു ഇദ്ദേഹം. 1990 കളില്‍ താലിബാന്റെ പ്രധാന കേന്ദ്രമായിരുന്നു കാണ്ഡഹാര്‍. മേഖലയില്‍ നിന്നും വിദേശ സൈന്യം പിന്‍വാങ്ങുന്നതിനിടെ ഇവിടെ വീണ്ടും വേരുറപ്പിക്കുകയാണ് താലിബാന്‍. പ്രവിശ്യയിലെ പ്രധാന പ്രദേശങ്ങള്‍ ഇതിനകം താലിബാന്‍ കൈക്കലാക്കിയിട്ടുണ്ട്.

മേഖലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ കോണ്‍സുലേറ്റ് ഇന്ത്യ താല്‍ക്കാലികമായി അടച്ചിടുകയും കോണ്‍സുലേറ്റിലെ 50 ജീവനക്കാരെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളെയും ഇന്ത്യയിലെത്തിത്തിക്കുകയും ചെയ്തിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനമയച്ചാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്.

അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യമുള്‍പ്പെടയുള്ള വിദേശസൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വീണ്ടും വേരുറപ്പിക്കുന്നത്. താലിബാനെ പ്രതിരോധിക്കാനായി 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകള്‍ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിന്‍വാങ്ങുകയാണ്. സെപ്റ്റംബര്‍ മാസത്തോടെ അഫ്ഗാനിസ്താനില്‍ നിന്നും പൂര്‍ണമായും വിദേശ സൈന്യം പിന്‍മാറും