Headlines
Loading...
‘കേരളത്തിലെ കൊവിഡ് മരണങ്ങള്‍ 25000നുമപ്പുറമാണ്’; സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിദഗ്ധസമിതി കണക്കുകള്‍ അട്ടിമറിച്ചെന്ന് വിഡി സതീശന്‍

‘കേരളത്തിലെ കൊവിഡ് മരണങ്ങള്‍ 25000നുമപ്പുറമാണ്’; സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിദഗ്ധസമിതി കണക്കുകള്‍ അട്ടിമറിച്ചെന്ന് വിഡി സതീശന്‍

കേരളത്തിലെ കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മനപ്പൂര്‍വമായ ശ്രമം ഉണ്ടായെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് മരണം രേഖപ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ശ്രമം നടത്താതെ സര്‍ക്കാര്‍ പിടിവാശി കാണിക്കുമ്പോള്‍ ഈ സംശയം പ്രതിപക്ഷത്തിന് കൂടുതല്‍ ബലപ്പെടുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് തിരുവനന്തപുരത്തെ വിദഗ്ധസമിതി കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആയിരക്കണക്കിന് മരണങ്ങള്‍ കേരളത്തില്‍ കൊവിഡ് മൂലമെന്ന് രേഖപ്പെടുത്താതെ പോയിട്ടുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു. മനോരമ ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍:
കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടായാല്‍ പരിഹരിക്കാം എന്നാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ മറുപടി തന്നെ ശരിയല്ല. ആര്‍ക്കാണ് പരാതി നല്‍കേണ്ടത് എന്നകാര്യം പോലും ആരോഗ്യമന്ത്രി പറഞ്ഞിട്ടില്ല. മന്ത്രിയ്ക്കാണോ ആശുപത്രി സൂപ്രണ്ടിനാണോ ഡിഎംഒയ്ക്കാണോ സാധാരണക്കാര്‍ പരാതി സമര്‍പ്പിക്കേണ്ടത് എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. പരാതിയുണ്ടായാല്‍ പരിഹരിക്കാമെന്ന നിലപാടല്ല ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങള്‍ വഴി മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് തയ്യാറാക്കുകയാണ് ചെയ്യേണ്ടത്. എത്ര പേര്‍ക്ക് കൊവിഡ് ബാധിച്ചു, അതില്‍ എത്ര പേര്‍ മരണപ്പെട്ടു, എത്രപേര്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചു തുടങ്ങിയ കണക്കുകളെല്ലാം തദ്ദേശസ്ഥാപനങ്ങളുടെയും ആശാവര്‍ക്കര്‍മാരുടെയും കൈയ്യിലുണ്ടാകും. ഈ കണക്കുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം.

10 ദിവസം കൊണ്ട് ഐസിഎംആര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള യഥാര്‍ത്ഥ മരണനിരക്ക് ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിക്കും. ചിലപ്പോള്‍ അതൊരു വലിയ സംഖ്യ ആയിരിക്കും. ആ നമ്പര്‍ പുറത്താകുന്നതിലുള്ള ദുരഭിമാനമാണ് സര്‍ക്കാരിനെ ഇത് മറച്ചുവെക്കാന്‍ പ്രേരിപ്പിക്കുന്നത്. 25000ന് പുറത്തേക്ക് കണക്കുകള്‍ പോകുമെന്നാണ് പ്രതിപക്ഷം ആശങ്കപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മാത്രം പരിശോധിച്ചാല്‍ മൂന്നിലൊന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലാക്കാന്‍ സാധിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിച്ചിട്ടുള്ള പല മരണങ്ങളും കൊവിഡ് മരണങ്ങളായി പരിഗണിക്കപ്പെട്ടിട്ടില്ല.ശ്്മശാനങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്നിട്ടുള്ള സംസ്‌കാരങ്ങളുടെ കണക്ക് മാത്രമെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. ആയിരക്കണക്കിന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ടെന്നാണ് പ്രതിപക്ഷം മനസിലാക്കുന്നത്. ഇത്തരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച സാധാരണക്കാര്‍ അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ നിന്നും പുറത്തേക്ക് പോകുന്നു.കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യം ചില കുട്ടികള്‍ക്ക് ലഭിക്കാത്ത സ്ഥിതി ഉണ്ടാകും. ഇത് വളരെ ഗുരുതരമായ കാര്യമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് പരിശോധനകള്‍ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു