ന്യൂഡൽഹി: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ സെൽഫി എടുക്കുന്നതിനിടെ 11 പേർ മിന്നലേറ്റ് മരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ആമേർ കോട്ട സന്ദർശിക്കാനെത്തിയവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി രണ്ടുദിവസത്തിനിടെ മിന്നലേറ്റ് 68 പേരാണ് മരണപ്പെട്ടത്.
ആമേർ കോട്ടയിലെ വാച്ച് ടവറിന് മുകളിൽ സെൽഫി എടുക്കുകയായിരുന്നവരാണ് ദുരന്തത്തിനിരയായത്. മൊബൈൽ ക്യാമറകളിൽ ഫോട്ടോ പകർത്തുന്നതിനടെ അതിശക്തമായ മിന്നലേൽക്കുകയായിരുന്നു. നിരവധിപേർ പരിഭ്രാന്തരായി വാച്ച് ടവറിൽ നിന്ന് ചാടി. ഇവരിൽ മിക്കവർക്കും സാരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ 27 പേരണ് വാച്ച് ടവറിലും കോട്ടയിലും ഉണ്ടായിരുന്നത്. കോട്ടയിലെ ദുരന്തത്തിന് പുറമേ, ഞായറാഴ്ച സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ഒമ്പത് പേരും മരണപ്പെട്ടു. ഇതിൽ ഏഴുപേർ കുട്ടികളാണ്