ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന ആവശ്യവുമായി യുഎന്‍; അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമെന്ന് കത്ത്
ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സംഘടന രംഗത്ത്. ഇന്ത്യ ഐടി നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി ഇന്ത്യന്‍ പ്രതിനിധിക്ക് കത്തയച്ചു. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട ഉടമ്പടികളിലെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങള്‍ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് കത്ത്. അന്താരാഷ്ട്ര മനുഷ്യാവകാശ കാഴ്ചപ്പാടിനെ ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ഐക്യരാഷ്ട്ര സഭയിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസിലെ വിദഗ്ധര്‍ പറയുന്നത്.
സിവില്‍ പൊളിറ്റിക്കല്‍ ഉടമ്പടിയിലെ 17,19 എന്നീ അനുച്ഛേദങ്ങള്‍ ഇന്ത്യയും അംഗീകരിച്ചിട്ടുണ്ടെന്നാണ് കത്തിലൂടെ ഐക്യരാഷ്ട്രസഭ ഇന്ത്യന്‍ പ്രതിനിധിയെ ധരിപ്പിച്ചിട്ടുള്ളത്. 1973ലാണ് ഇന്ത്യ ഈ ഉടമ്പടി അംഗീകരിക്കുന്നത്. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. പുതിയ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മാത്രമല്ല വസ്തുതകള്‍ പറയുന്ന പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടെങ്കില്‍ നീക്കേണ്ടി വരും. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍.
പുതിയ ഐ ടി നിയമപ്രകാരമുള്ള സംരക്ഷണത്തില്‍ നിന്ന് ട്വിറ്ററിനെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ഗാസിയാബാദ് സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യാമേധാവി മനീഷ് മഹേശ്വരിയോട് നേരിട്ട് ഹാജരാകാന്‍ യുപി പോലീസ് നേരിട്ട് ഹാജരാകാന്‍ പറഞ്ഞത് വിവാദമായിരുന്നു.ഗാസിയാബാദില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട വൃദ്ധന്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യാ മേധാവി മനിഷ് മഹേശ്വരിയോട് നേരിട്ട് ഹാജരാകാന്‍ യുപി പൊലീസ് ആവശ്യപ്പെട്ടിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത് സാമൂഹ്യവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടാന്‍ കാരണമായെന്ന് ചൂണ്ടിക്കാണിച്ചാണ് യു പി പോലീസ് ട്വിറ്റര്‍ ഇന്ത്യാ മേധാവിക്ക് നോട്ടീസ് അയച്ചത്. ഒരാഴ്ച്ചക്കകം ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ലയോണി പോലീസ് സ്‌റ്റേഷനിലാണ് ട്വിറ്റര്‍ മേധാവി ഹാജരാകേണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ മേധാവിയുടെ മൊഴി എടുക്കേണ്ടതുണ്ടെന്നാണ് പോലീസ് അറിയിച്ചത്.