Headlines
Loading...
അര്‍ച്ചനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍; ഭര്‍ത്താവ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

അര്‍ച്ചനയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍; ഭര്‍ത്താവ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ ഭര്‍ത്താവിനെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. നേരത്തെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്.

സുരേഷിനെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കോവളം എംഎല്‍എ എം വിന്‍സന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പൊലീസിനോടും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷിനെ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രതിഷേധം ശക്തമായത്.

വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി 24കാരിയായ അര്‍ച്ചനയെ തീകൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയെ കുടുംബ വീട്ടില്‍ നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് തിരികെ എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ ഉറുമ്പിനെ കത്തിക്കാനെന്നായിരുന്നു സുരേഷ് പറഞ്ഞതെന്നും അശോകന്‍ വ്യക്തമാക്കിയിരുന്നു.

അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് സുരേഷ് ഒളിവില്‍ പോയിരുന്നു. പിന്നീടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം. സുരേഷിന്റെ വീട്ടുകാര്‍ നിരന്തരം തങ്ങളോട് പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു.