കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരുന്ന അർജുൻ ആയങ്കി അറസ്റ്റിലായി. കരിപ്പൂർ കേന്ദ്രീകരിച്ച് വൻ സ്വർണക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനും സിപിഎം നേതാവുമാണ് അർജുൻ ആയങ്കി.
അർജുനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. ഒളിവിലായിരുന്ന അർജുൻ നാടകീയമായാണ് ഇന്ന് രാവിലെ 11 മണിയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഓഫീസിൽ ഹാജരായത്. ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കരിപ്പൂരിൽ നിന്നുളള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വൻ റാക്കറ്റുകളുമായി ബന്ധമുളള കണ്ണിയാണ് അർജുൻ ആയങ്കി എന്നാണ് സൂചന.
അർജുന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉൾപ്പെടെ അന്വേഷണസംഘം ചോദിച്ചറിഞ്ഞിരുന്നു. അർജുനായി സ്വർണം കടത്തിക്കൊണ്ടുവന്ന മലപ്പുറം സ്വദേശി ഷഫീഖിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് മുഖ്യ ആസൂത്രകൻ അർജുനാണെന്ന് വ്യക്തമായത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആരാണ് ഇവർക്ക് സ്വർണം അയച്ചുനൽകുന്നതെന്ന് അടക്കമുളള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്.
ഷെഫീഖിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇതോടെ ഷെഫീഖിനെയും കൊച്ചിയിൽ എത്തിക്കും. ഷെഫീഖിനെയും അർജുനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോടതിയിലും
അറിയിച്ചു. അർജുന്റെ പങ്ക് തെളിയിക്കുന്ന മുഹമ്മദ് ഷെഫീഖുമായി നടത്തിയ ഫോൺ കോൾ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു.
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണമാണ് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുളള സ്വർണക്കടത്ത് സംഘങ്ങളിലേക്ക് എത്തിയത്. സ്വർണക്കടത്തിനായി അർജുൻ ഉപയോഗിച്ച ചുവന്ന മാരുതി സ്വിഫ്റ്റ് കാർ പരിയാരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.