Headlines
Loading...
ജമ്മു വിമാനത്താവളത്തിലെ ഇരട്ടസ്‌ഫോടനം ഡ്രോണ്‍ ആക്രമണമെന്ന് സൂചന; യുഎപിഎ പ്രകാരം കേസ്

ജമ്മു വിമാനത്താവളത്തിലെ ഇരട്ടസ്‌ഫോടനം ഡ്രോണ്‍ ആക്രമണമെന്ന് സൂചന; യുഎപിഎ പ്രകാരം കേസ്

വ്യോമസേന നിയന്ത്രണത്തിലുളള ജമ്മുവിലെ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനം ഡ്രോണ്‍ ആക്രമണം എന്ന് സൂചന. വിമാനത്തവളത്തിലെ ടെക്‌നിക്കല്‍ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് മിനിറ്റ് ഇടവേളകളില്‍ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഡ്രോണ്‍ ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിഷയത്തില്‍ യുഎപിഎ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ് നാഥ് സിങ് വ്യോമസേന ഉപമേധാവിയുമായി സംസാരിച്ചു. സിആര്‍പിഎഫ് ഡിഐജി ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.

തീവ്രത കുറഞ്ഞ സ്‌ഫോടനങ്ങളാണ് വിമാനത്താവളങ്ങളില്‍ നടന്നത്. സ്‌ഫോടനങ്ങളില്‍ ഒന്നില്‍ വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ത്തു. തുറസായ സ്ഥലത്തായിരുന്നു മറ്റൊരു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ജീവഹാനിയോ യന്ത്രങ്ങള്‍ക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് ഡിഫന്‍സ് പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് വ്യക്തമാക്കി. അതേസമയം, വിമാനത്താവളത്തിലെ സര്‍വീസുകളെ സ്‌ഫോടനം ബാധിച്ചിട്ടില്ല. എന്നാല്‍ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ജമ്മുവില്‍ ജാഗ്രത മുന്നറിയിപ്പു നല്‍കി.