Sports
എംബാപെയ്ക്ക് പിഴച്ചു; ലോക ചാമ്പ്യന്‍മാരെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്
യൂറോ കപ്പിലെ ആവേശപ്പോരില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 3-3 (5-4) എന്ന സ്‌കോറിനാണ് സ്വിസ് ടീമിന്റെ ചരിത്ര വിജയം. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം എംബാപെ പെനാല്‍റ്റി നഷ്ടമാക്കി. ആദ്യ മിനിറ്റുമുതല്‍ ലോകചാമ്പ്യന്മാരെ ഞെട്ടിച്ച പ്രകടനമാണ് സ്വിസ്പ്പട പുറത്തെടുത്തത്. ഫ്രാന്‍സിന്‍റെ പതർച്ച മുതലെടുത്ത സ്വിസ് ടീം 15-ാം മിനിറ്റില്‍ ഹാരിസ് സെഫറോവിച്ചിലൂടെ ലീഡിലേക്കുയര്‍ന്നു.
നിരന്തരം സ്വിസ് പോസ്റ്റിലേക്ക് ഫ്രാന്‍സിന്റെ മുന്നേറ്റനിര എത്തിയെങ്കിലും ആദ്യ പകുതിയില്‍ സമനില കണ്ടെത്താനായില്ല. 54-ാമത്തെ മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഫ്രാന്‍സ് ഉണര്‍ന്നു കളിക്കുന്നത്. അധികം വൈകാതെ 57-ാം മിനിറ്റില്‍ കരീം ബെന്‍സിമയിലൂടെ ഫ്രാന്‍സിന്‍റെ സമനില ഗോള്‍. ആദ്യ ഗോളിന്റെ നടുക്കം മാറും മുന്‍പ് ബെന്‍സിമ വീണ്ടും സ്വിസ് വല കുലുക്കി.
പിന്നീട് കണ്ടത് ചാമ്പ്യന്‍മാര്‍ സ്വസിദ്ധമായ ശൈലിയില്‍ കളിയിലേക്ക് തിരികെയെത്തുന്നതാണ്. നിരന്തരം സ്വിസ് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. 75 മിനിറ്റില്‍ ബോക്‌സിന് പുറത്തേക്ക് ലഭിച്ച റീബൗണ്ട് വലയ്ക്കുള്ളിലാക്കി പോള്‍ പൊഗ്ബ ചാമ്പ്യന്‍മാരുടെ കരുത്തു കാട്ടി. സ്‌കോര്‍ 3-1. തോല്‍ക്കുമെന്ന് കാണികളുറപ്പിച്ച നിമിഷമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലേക്ക് അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയത്.
81-ാം മിനിറ്റില്‍ ബോക്‌സിനുള്ളിലേക്ക് ഹാരിസ് സെഫ്രറോവിച്ച് ഫ്രഞ്ച് വലയിലേക്ക് കുത്തിയിട്ടു. ലീഡ് ഒന്നായി കുറഞ്ഞതോടെ ഫ്രാന്‍സ് പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും വലമുണ്ടായില്ല. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്വിസ് കൗണ്ടര്‍. ഫ്രഞ്ച് പോസ്റ്റിലേക്ക് ഇരച്ചെത്തിയ സ്വിസ്പ്പട ലോകചാമ്പ്യന്‍മാരുടെ വലയിലേക്ക് വീണ്ടും നിറയൊഴിച്ചു. സ്‌കോര്‍ 3-3. മാരിയോ ഗവറാണോവിച്ചിന്റെ വകയായിരുന്നു അദ്ഭുത ഗോള്‍.
മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്രട്രാ ടൈമില്‍ മികച്ച അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് കഴിഞ്ഞില്ല. മറുവശത്ത് മികച്ച രണ്ട് അവസരങ്ങള്‍ ഫ്രാന്‍സ് പാഴാക്കുകയും ചെയ്തു. ഇതിലൊന്ന് നഷ്ടപ്പെടുത്തിയത് എംബാപെ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആധികാരികമായി ഇരു ടീമുകളും സ്‌കോര്‍ ചെയ്തു. എന്നാല്‍ അവസാന അവസരത്തില്‍ സ്വിസ് ഗോള്‍ കീപ്പറുടെ കൈയ്യിലേക്ക് പന്തടിച്ച് എംബാപെ ലോകചാമ്പ്യന്‍മാരുടെ ദുരന്ത നായകനായി.