കോഴിക്കോട്ടും ഡെല്‍റ്റയുടെ പുതിയ വകഭേദം; നാല് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാല് ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചു. മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ മൂന്നും തോട്ടത്തിന്‍കടവില്‍ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. മെയ് 20 ന് പരിശോധന നടത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. പാലക്കാട് പത്തനംതിട്ട ജില്ലകളിലാണ് മുൻപ് ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
കേരളത്തില്‍ ഇന്നലെ 13,550 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി.