റോഡിലെ കുഴിയെക്കുറിച്ച് കമന്‍റ്; മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ഇടപെട്ടു, മണിക്കൂറുകൾക്കുള്ളിൽ പരിഹാരം
പെരിന്തൽമണ്ണ, ചെർപ്പുളശേരി റോഡിലെ കുഴിയെക്കുറിച്ച് ഫേസ്ബുക്ക് പരാതി മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ച് മന്ത്രി മുഹമ്മദ് റിയാദ്. പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അപകടരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. പരാതി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പിഡബ്ല്യുഡി കംപ്ലെയിൻറ് സെൽ വഴി അടിയന്തിര പരിഹാരത്തിന് നിർദ്ദേശം നൽകി. ഇപ്പോൾ കുഴി അടച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വരുന്ന പരാതികളും മെയിലിൽ വരുന്ന പരാതികളും കംപ്ലെയിൻറ് സെല്ലിലേക്ക് നൽകുന്നതിന് എൻറെ ഓഫീസിൽ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. പല പരാതികളിലും പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ളതായി അവർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ ഇനി പരാതികൾ കമൻറ് ചെയ്യുന്നവർ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്കിൽ എഴുതിയ പരാതി ഇങ്ങനെ; “പെരിന്തൽമണ്ണ. ചെറുപ്ലശേരി റൂട്ടിൽ ആനമങ്ങാട് എത്തുന്നതിൻറെ മുൻപ് റോഡിൽ ഒരു വലിയ കുഴിയുണ്ട്. അതിൽ എൻറെ സുഹൃത്തു ഇന്നു രാത്രി 7 മണിക്ക് വീണു പരിക്കുപറ്റി. അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വേണ്ടി ഞാൻ അവിടേക്കു പോയി അവരെ കണ്ടു കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വണ്ടിയും കൂടി ആ കുഴിയിൽ വീണു. അപ്പോഴാണ് അവിടന്ന് അറിഞ്ഞത് ഇന്ന് 5 വാഹനങ്ങൾ ഈ കുഴിയിൽ വീണു പരിക്ക് പറ്റിയിട്ടുണ്ടെന്ന്.”
Comment on pothole in road; Minister Mohammad Riyaz intervened directly and the matter was resolved within hours