Headlines
Loading...
ജി.എസ്.ടി വരുമാനത്തില്‍ 1255 കോടിയുടെ കുറവ്; കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ജി.എസ്.ടി വരുമാനത്തില്‍ 1255 കോടിയുടെ കുറവ്; കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ലോക്ഡൗണില്‍ സംസ്ഥാനത്തിന്‍റെ വരുമാനം കുത്തനെ ഇടിഞ്ഞു. മേയിലെ ജി.എസ്.ടി വരുമാനത്തില്‍ 1255 കോടിരൂപയുടെ കുറവാണുണ്ടായത്. മദ്യവില്‍പന നിലച്ചതോടെ 1300 കോടിയും ലോട്ടറി വില്‍പന മുടങ്ങിയതോടെ 118 കോടിയും നഷ്ടമായി. സ്റ്റാംപ് ഡ്യൂട്ടി വരുമാനം 220 കോടിയില്‍നിന്ന് 26 കോടിയായി കുറഞ്ഞു. റജ്സിട്രേഷന്‍ ഫീസിനത്തില്‍ 78 കോടി ലഭിച്ചിരുന്നത് 9 കോടിയായി താഴ്ന്നു. ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞമാസം എട്ടിന് തുടങ്ങിയ ലോക്ഡൗണ്‍ സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജി.എസ്.ടി വരുമാനം 1043 കോടിയായി കുത്തനെ താഴ്ന്നു. 1255 കോടിയുടെ കുറവ്. സംസ്ഥാനസര്‍ക്കാരിന്‍റെ നേരിട്ടുള്ള വിഹിതമായ എസ്.ജി.എസ്.ടി 1075 കോടിയില്‍ നിന്ന് 477 കോടിയായാണ് കുറഞ്ഞത്. 598 കോടിയുടെ കുറവ്. 

ജി.എസ്.ടി വരുമാനം ഇത്രയെങ്കിലും കിട്ടി. എന്നാല്‍ സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളായ മദ്യവും ലോട്ടറിയും വില്‍ക്കുന്നേയില്ല. അനന്തമായി ലോക് ഡൗണ്‍ നീളുമ്പോള്‍ ഈയിനങ്ങളില്‍ ഖജനാവിലേക്ക് ഒരു രൂപപോലും വരുന്നില്ല. 

പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് നടക്കുന്നത്. ഇതിന്‍റെ നികുതിയിനത്തില്‍ മാത്രം 1500 കോടിവരെ സര്‍ക്കാരിന് കിട്ടാറുണ്ട്. ഈ തുകയൊന്നടങ്കം നഷ്ടമായി. 33 ലോട്ടറികളാണ് ഇതുവരെ റദ്ദാക്കിയത്. 118 കോടി വിറ്റുവരവായി കിട്ടേണ്ടതാണ്. ലോട്ടറി വില്‍പനയിലെ സംസ്ഥാന ജി.എസ്.ടി വിഹിതമായ പതിനാറരക്കോടിയും ഇല്ലാതായി. 16 വരെ ലോക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ നഷ്ടമിനിയും ശതകോടികള്‍ വര്‍ധിക്കും. കടമെടുക്കല്‍ മാത്രമാണ് പരിഹാരമാര്‍ഗമായി സര്‍ക്കാര്‍ കാണുന്നത്.

Summary: [ www.livetodaymalayalam.in]