ചിപ്‌കോ പ്രസ്ഥാന നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു
പരിസ്ഥിതി പ്രവര്‍ത്തകനും വനസംരക്ഷണ മുന്നേറ്റമായ ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. 94 വയസുകാരനായ ബഹുഗുണ ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
വര്‍ഷങ്ങളായി ബഹുഗുണ ഹിമാലയന്‍ വനങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആഴ്ചകള്‍ക്കുമുന്‍പ് കൊവിഡ് പോസിറ്റീവായ ബഹുഗുണയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പത്ത് ദിവസങ്ങള്‍ക്കുമുന്‍പാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.
വനനശീകരണത്തിനെതിരായി ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ടതോടെയാണ് ബഹുഗുണ രാജ്യത്തുടനീളവും രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെടുന്നത്. ചേര്‍ന്നുനില്‍ക്കുക എന്നതാണ് ചിപ്‌കോ എന്ന വാക്കിന്റെ അര്‍ഥം.
തൊട്ടുകൂടായ്മയ്‌ക്കെതിരെ സമരം ചെയ്തുകൊണ്ടാണ് സുന്ദര്‍ലാല്‍ ബഹുഗുണ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം നിരവധി മദ്യവിരുദ്ധ സമരങ്ങള്‍ നടത്തി. തെഹ്രി അണക്കെട്ടിനെതിരായി നിരവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രതിഷേധത്തില്‍ അണിചേര്‍ന്ന് ബഹുഗുണ നടത്തിയ നിരാഹാര സമരം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായ പിവി നരസിംഹ റാവുവില്‍ നിന്നും നേരിട്ട് ഉറപ്പ് ലഭിച്ചതിനുശേഷമാണ് ബഹുഗുണ 45 ദിവസം നീണ്ടുനിന്ന തന്റെ ഉപവാസസമരം അവസാനിപ്പിച്ചത്.