Headlines
Loading...
അഹങ്കരിക്കരുത് റഹീമേയെന്ന് പോരാളി ഷാജി; ശൈലജ ടീച്ചറെ തിരിച്ചുവിളിച്ചതും തിരിച്ചടിച്ചു

അഹങ്കരിക്കരുത് റഹീമേയെന്ന് പോരാളി ഷാജി; ശൈലജ ടീച്ചറെ തിരിച്ചുവിളിച്ചതും തിരിച്ചടിച്ചു

സിപിഎമ്മിന്റെ സൈബർ മുഖമായിരുന്ന പോരാളി ഷാജിയെ കൂട്ടത്തോടെ അൺഫോളോ ചെയ്ത് സൈബർ സഖാക്കൾ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെ പേരെടുത്തുപറഞ്ഞു വിമർശിച്ചതാണ് ഷാജിക്ക് വിനയായത്. പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അ‍ജ്ഞാത സംഘമാണെന്നും ചാനൽ ചർച്ചയ്ക്കിടെ റഹീം പറഞ്ഞതാണു ഷാജിയെ പ്രകോപിപ്പിച്ചത്. റഹീമിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റും’ പാർട്ടിയുടെ ശമ്പളവും തനിക്കു വേണ്ടെന്നു പറഞ്ഞ് ഷാജി വെല്ലുവിളി ഉയർത്തിയതിനു പിന്നാലെയാണ് ‘വി ലവ് സിപിഎം’ ഉൾപ്പെടെയുള്ള പേജുകളും സൈബർ സഖാക്കളും പോരാളി ഷാജി പേജ് ഡിസ്‌ലൈക്ക് ചെയ്യാൻ ആവശ്യപ്പെട്ട് പോസ്റ്റുകളിട്ടത്. ഏഴരലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്ന പേജിലെ ഫോളോവർമാരിൽ പതിനായിരത്തോളം പേർ ഈ ആഹ്വാനം വന്ന് ആദ്യ മൂന്നു മണിക്കൂറിനിടെത്തന്നെ ഡിസ്‌ലൈക്കടിച്ചു.

കെ.കെ.ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കുന്നതായുള്ള തീരുമാനം വന്നയുടൻ ‘കോപ്പ്’ എന്ന് പോസ്റ്റ് ചെയ്തു ഷാജി പ്രതിഷേധിച്ചിരുന്നു. ‘മഹാമാരികൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു...’ ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണെന്നും പറഞ്ഞുകൊണ്ട് ഷാജി വീണ്ടും പോസ്റ്റിട്ടു. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ കെ.കെ.ശൈലജയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട്  #bringbackkkshailajateacher ക്യാംപെയ്നും തുടക്കമിട്ടതോടെ സൈബർ സഖാക്കളിൽ ഒരുവിഭാഗത്തിന് പോരാളി ഷാജി പേജിനെ തള്ളിപ്പറയേണ്ടിവന്നു.
പാർട്ടി തീരുമാനം വന്ന ശേഷം പിജെ ആർമിയും കെ.കെ.ശൈലജയ്ക്കുവേണ്ടി വാദിച്ചു രംഗത്തെത്തിയിരുന്നു. പാർട്ടി വിമതരല്ല പാർട്ടിക്കൊപ്പം തന്നെയെന്ന് കുറിച്ചുകൊണ്ട് അതൃപ്തി രേഖപ്പെടുത്തിയെങ്കിലും പണിപാളുമെന്ന് ഉറപ്പായതോടെ പിജെ ആർമി പാർട്ടി ലൈനിലേക്ക് അതിവേഗം തിരിച്ചെത്തി. സൈബർ സഖാക്കൾ കൂട്ടത്തോടെ ഡിസ്‌ലൈക്കടിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം രാത്രി മൂന്നു മണിക്കൂറിലേറെ സമയം പേജ് അൺപബ്ലിഷാക്കിയിരുന്നു. രാത്രി 12 മണിയോടെ പേജ് വീണ്ടു ലൈവായതോടെ ഡിസ്‌ലൈക്കുകൾ തുരുതുരെ എത്തി. ഇതിനിടെ ഗുഡ്ബൈ പറഞ്ഞുകൊണ്ടുവന്ന ഷാജിയുടെ പോസ്റ്റിനു താഴെ ഷാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും അനുശോചനമർപ്പിച്ചും കമന്റുകളും വന്നു നിറഞ്ഞു. 
ബിനീഷ് കോടിയേരിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗുഡ് ബൈ സഖാക്കളെ, കമിങ് സൂൺ എന്നു രേഖപ്പെടുത്തിയ പോസ്റ്റ്. ബിനീഷ് കോടിയേരിയുടെ ടാഗ് പിന്നീട് നീക്കംചെയ്തു. കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിരന്തരം കള്ളക്കഥകൾ മെനയുന്ന മാധ്യമങ്ങളെ തുറന്നുകാട്ടാനും പൊളിച്ചടുക്കാനും പ്രവർത്തിക്കുന്ന പോരാളി ഷാജിക്ക് അഭിവാദ്യമെന്നു പറയുന്ന പി.വി.അൻവർ എംഎൽഎയുടെ വിഡിയോയാണ് പേജിൽ പിൻചെയ്തിട്ടിട്ടുള്ളത്.