national
ഛോട്ടാ രാജൻ മരിച്ചെന്നത് വ്യാജവാർത്ത; ചികിത്സ തുടരുന്നതായി എയിംസ് അധികൃതരും ഡൽഹി പൊലീസും
ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു എന്ന റിപ്പോർട്ട് നിരസിച്ച് എയിംസ് അധികൃതരും ഡൽഹി പൊലീസും. ഛോട്ടാ രാജന്റെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഏപ്രിൽ 26നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.ഛോട്ടാ രാജന് എയിംസിൽ ചികിത്സ നൽകുന്ന വിവരം പുറത്തുവന്നപ്പോൾ വലിയ വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം ഉണ്ടായത്.
2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് പിടിയിലായ ഇയാളെ ഇന്ത്യയിലെത്തിച്ച് തീഹാർ ജയിലിലടച്ചു. 2011ൽ മാദ്ധ്യമപ്രവർത്തകനായ ജ്യോതിർമയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ 2018ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൊലപാതകങ്ങൾ അടക്കം മുംബയിലെ 70ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ഈ കേസുകളെല്ലാം സിബിഐയ്‌ക്ക് കൈമാറിയിരുന്നു. ഇവയുടെ വിചാരണയ്‌ക്ക് പ്രത്യേക കോടതിയും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മാസം ഒരു കേസിൽ വീഡിയോ കോൺഫറൻസിംഗ് വഴി വിചാരണയ്‌ക്ക് ഇയാളെ ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് കൊവിഡ് മൂലമാണതെന്ന് ജയിൽ അധികൃതർ പുറത്തുവിട്ടത്.