അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കും; ജീവിതനിലവാരം ഉയര്‍ത്തും-മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്രരേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക മേഖലകകൾ ശക്തപ്പെടുത്തും.സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതൽ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികൾ തുടങ്ങിയവയെ കൃത്യമായി പ്രയോജനെപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകൽ,നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത 25 വർഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തിൽ വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങൾ കൂടുതൽ ഉറപ്പുവരുത്തുന്നതിന് ഊന്നൽ നൽകും.