പാറശ്ശാല: അതിർത്തിപ്രദേശത്ത് കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ കൊള്ളനിരക്ക് ഈടാക്കുന്നതായി പരാതി. കോവിഡ് ചികിത്സയിൽ കഴിഞ്ഞ രോഗിക്ക് ഒരുദിവസം ഓക്‌സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയതായാണ് പരാതി.
കോവിഡ് ചികിത്സയുടെപേരിൽ അതിർത്തിപ്രദേശത്തെ ഒരുവിഭാഗം സ്വകാര്യ ആശുപത്രികൾ തോന്നിയനിരക്ക് ഈടാക്കുന്നതായാണ് പരാതി. 27-ന് ഈ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളേജിലേക്കുമാറ്റിയ രോഗിക്ക് ഒരുദിവസം ഓക്‌സിജൻ നൽകിയതിനാണ് ഇത്രയും തുക.
ആശുപത്രിയിൽനിന്നു രോഗിയുടെ ബന്ധുക്കൾക്ക് നൽകിയ ബില്ലിൽ കൃത്യമായി ഒരുദിവസത്തേക്കാണ് ഓക്‌സിജൻ നൽകിയതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രോഗിയുടെ ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
പല ആശുപത്രിയും തോന്നിയ നിരക്കാണ് കോവിഡ് രോഗികളിൽനിന്ന് ഈടാക്കുന്നത്. കോവിഡിനായി ചികിത്സ തേടിയിട്ടുള്ള രോഗികളെ പരിചരിക്കുന്നതിനായി പ്രത്യേകം ജീവനക്കാരെയാണ് ആശുപത്രി അധികൃതർ നിയോഗിച്ചിട്ടുള്ളത്. ഇവർ ഒരു പി.പി.ഇ.കിറ്റ് ഉപയോഗിച്ചാണ് എല്ലാം രോഗികളെയും പരിചരിക്കുന്നതെങ്കിലും ഓരോ രോഗിയിൽനിന്നും പി.പി.ഇ. കിറ്റിനെന്ന പേരിൽ ഇവർ പണം ഈടാക്കുന്നുണ്ട്. ഇത്തരത്തിലുളള ചികിത്സയ്ക്കായി പ്രത്യേക നിരക്ക് സർക്കാർ നിശ്ചയിച്ചിട്ടില്ലാത്തതിനാലാണ് ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികൾ തോന്നിയ നിരക്ക് ഈടാക്കുന്നത്.