‘പല പുരുഷന്മാരും ചെയ്തത് തെറ്റാണെന്ന് സമ്മതിക്കില്ല, അതിനാലാണ് ലൈക്ക് ചെയ്തത്, ക്ഷമിക്കണം’; വേടൻ വിഷയത്തിൽ പാർവതി
മലയാളി റാപ്പര്‍ വേടൻ ഇൻസ്റ്റഗ്രാമിലൂടെ തനിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണത്തിൽ മാപ്പപേക്ഷിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. പോസ്റ്റിൽ ലൈക്ക് ചെയ്തതിനെത്തുടർന്ന് നടി പാർവതി തിരുവോത്തിന് നേരെ ഏറെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാർവതി.
പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാറില്ല എന്നതിനാലാണ് വേടൻ പങ്കുവെച്ച പോസ്റ്റ് താൻ ലൈക്ക് ചെയ്തതെന്ന് പാർവതി പറഞ്ഞു. താൻ എപ്പോഴും അതിജീവിച്ചവർക്കൊപ്പമാണ്. എല്ലാവരോടും മാപ്പപേക്ഷിക്കുന്നതായും പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.
പാർവതിയുടെ വാക്കുകൾ:
ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച അതിജീവിച്ചവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കില്ല എന്നത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും, ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേർ പറഞ്ഞതായി അറിഞ്ഞയുടനെ ഞാൻ എന്റെ “ലൈക്ക്” നീക്കം ചെയ്തു. ഞാൻ തിരുത്തുന്നു. ക്ഷമിക്കണമോ വേണ്ടയോ എന്നത് എല്ലായ്പ്പോഴും അതിജീവിച്ചവന്റെ തീരുമാനമാണ്, ഞാൻ എപ്പോഴും അവരുടെ കൂടെ നിൽക്കും. നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വേടൻ മാപ്പപേക്ഷിച്ച് പോസ്റ്റ് പങ്കുവെച്ചത്. തന്റെ പെരുമാറ്റത്തില്‍ നിന്ന് സ്ത്രീകളോട് സംഭവിച്ച പിഴവുകളില്‍ ഖേദിക്കുന്നു. എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുകയും അതിന് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വേടന്‍ പറയുന്നത്.
അതേസമയം ലൈംഗീക ആരോപണത്തെ തുടർന്ന് വേടന്‍ ഭാഗമായ മൂഹ്‌സിന്‍ പരാരിയുടെ പുതിയ മ്യൂസിക് വീഡിയോ ”ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നു. മുഹ്‌സിന്‍ പരാരിയും ആല്‍ബം നിര്‍ത്തിവെക്കുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍’ എന്നീ ആല്‍ബങ്ങളുടെ തുടര്‍ച്ചയായാണ് നേറ്റീവ് ഡോട്ടര്‍ എന്ന മ്യൂസിക് ആല്‍ബം ഒരുക്കാന്‍ തീരുമാനിച്ചത് എന്നാല്‍ മ്യൂസിക് വീഡിയോയുടെ ഭാഗമായ വേടനെതിരെ മീടു ആരോപണം വന്നതിനാല്‍ റൈറ്റിങ്ങ് കമ്പനി മേല്‍പ്പറഞ്ഞ മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളുടെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വേടനെതിരെയുള്ള ആരോപണം ഗുരുതരമായതിനാല്‍ സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നാണ് മുഹ്‌സിന്‍ പറഞ്ഞത്.
പ്രശസ്ത ഗായികയായ ചിന്മയിയും ”എന്‍ജോയ് എന്‍ജാമി’യിലൂടെ സുപരിചിതനായ അറിവുമാണ് മ്യൂസിക് ആല്‍ബത്തിലെ മറ്റ് പ്രധാന ഗായകര്‍. മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് ”ഫ്രം എ നേറ്റീവ് ഡോട്ടര്‍”.