national
കോവിഡിനിടെ പ്രധാനമന്ത്രിക്ക് പുതിയ വസതി; ചെലവ് 20000 കോടി; വ്യാപക വിമര്‍ശനം
കോവിഡ് വ്യാപനത്തിനിടയിലും പ്രധാനമന്ത്രിക്ക് പുതിയ വസതി അടക്കം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം പുരോഗമിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം. പദ്ധതി നിര്‍ത്തിവയ്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്നാലെ ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ 76 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി.
മനോഹരമായ വിജയ്ചൗക്ക് മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിന്റെ ഇന്നത്തെ രൂപമാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരം, ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓഫീസും വസതിയും, കേന്ദ്ര സെക്രട്ടേറിയറ്റിനായി 11 മന്ദിരങ്ങള്‍ – ഇതെല്ലാം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ ചെലവ് 20000 കോടി രൂപ. കോവിഡ് മഹാമാരിക്കാലത്ത് ഓക്സിജനും വാക്സീനും വേണ്ടി ജനം നെട്ടോട്ടമോടുമ്പോള്‍ പദ്ധതി നിര്‍ത്തിവയ്‍ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പദ്ധതി ഉപേക്ഷിക്കുകയോ നിര്‍ത്തിവയ്‍ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപര്‍ ഉള്‍രപ്പെടെ 76 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണപുരോഗതിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്കടക്കം CPWD വിലക്കേര്‍പ്പെടുത്തി. നിര്‍മാണസ്ഥലത്ത് തൊഴിലാളികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സെന്‍ട്രല്‍ വിസ്തയ്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വീണ്ടും രംഗത്തെത്തി.
കോവിഡ് വ്യാപനത്തിനിടെ വാക്സീന്‍, ഓക്സിജന്‍, മരുന്നുകള്‍ എന്നിവയ്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണാനില്ലെന്നും കോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്തയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് അവശേഷിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അതേസമയം, സെന്‍ട്രല്‍ പദ്ധതിക്ക് പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി ആയുധമാക്കിയ ഛത്തീസ്ഗഡിലെ പുതിയ നിയമസഭാമന്ദിര നിര്‍മാണത്തിനുള്ള ടെന്‍ഡറുകള്‍ മരവിപ്പിച്ചതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അറിയിച്ചു. ഛത്തീസ്ഗഡിലെ വന്‍കിട പദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവയ്‍ക്കാനും തീരുമാനിച്ചു.