Headlines
Loading...
ഗ്രൗണ്ടിൽ ഹെലികോപ്റ്ററിനു അനുമതി നിഷേധിച്ചു; ലക്ഷ്യസ്ഥാനത്തേക്ക് ഓട്ടോറിക്ഷയിൽ: സുരക്ഷാവീഴ്ചയുടെ കാരണം ഇങ്ങനെ

ഗ്രൗണ്ടിൽ ഹെലികോപ്റ്ററിനു അനുമതി നിഷേധിച്ചു; ലക്ഷ്യസ്ഥാനത്തേക്ക് ഓട്ടോറിക്ഷയിൽ: സുരക്ഷാവീഴ്ചയുടെ കാരണം ഇങ്ങനെ

രാഹുൽ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനത്തിൽ ഗുരുതര സുരക്ഷാ വീഴ്ച. നിശ്ചയിച്ച സ്ഥാനത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. പിന്നീട് ഓട്ടോറിക്ഷയിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. അരമണിക്കൂറോളം സുരക്ഷാസേന ഇരുട്ടിലായി. 

വയനാട്ടിലെ പര്യടനത്തിനിടെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി തൊട്ടുപിന്നാലെ കോഴിക്കോട്ടും ഓട്ടോയിൽ യാത്ര ചെയ്ത് എത്തുന്നതാണ് എല്ലാവരും കണ്ടത്. ഒപ്പം കെസി വേണുഗോപാൽ എംപിയും. എന്നാൽ ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് തന്നെ വൻ സുരക്ഷാവീഴ്ചയുമായി. വയനാട്ടിൽ നിന്നെത്തുന്ന കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചത് കടപ്പുറത്തെ ഹെലിപാഡിൽ ആണ്. ഇറങ്ങിയത് ആകട്ടെ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും. തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന കേന്ദ്രമെന്ന നിലയിൽ സ്ഥലത്ത് ഉണ്ടായിരുന്ന നടക്കാവ് പോലീസ് സംഘം ഉടനടി ഇടപെട്ടു. 

എസ്ഐ എസ്.നിയാസ് സംസാരിച്ചു ബോധ്യപ്പെടുത്തിയപ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഏതെങ്കിലും വാഹനം വിളിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എന്നാൽ സുരക്ഷ പരിഗണിച്ച് പൊലീസുകാർ കമ്മീഷണറെ ബന്ധപ്പെട്ടു. ഈ സമയം കൊണ്ട് റോഡിലേക്കിറങ്ങിയ രാഹുൽ തൊട്ടടുത്ത് കണ്ട ഓട്ടോറിക്ഷ വിളിച്ച് കടപ്പുറത്തേക്ക് പുറപ്പെട്ടു. പൊലീസ് വഴി വിവരറിഞ്ഞയുടൻ ഇവിടേക്ക് പുറപ്പെട്ട സുരക്ഷാസേന വഴിമധ്യേ രാഹുലിനെ കണ്ടുമുട്ടിയതോടെയാണ് പിരിമുറുക്കം അയഞ്ഞത്. അതേസമയം നേരത്തെ നിശ്ചയിച്ച കോളജ്ഗ്രൗണ്ടിൽ രാഹുലിന് ഇറങ്ങാൻ ശനി വൈകിട്ട് കലക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. 

ഇതിൽ പ്രതിഷേധിച്ച യുഡിഎഫുകാർ പിന്നീട് കണ്ടെത്തിയ സ്ഥലമാണ് കടപ്പുറത്തെ ഹെലിപാട്. ഈ ആശയക്കുഴപ്പത്തിനിടെയാണ് കോപ്റ്റർ ആദ്യം നിശ്ചയിച്ച സ്ഥലത്ത് തന്നെ ഇറങ്ങിയത്. അതാണ് ഇത്ര വലിയ സുരക്ഷാവീഴ്ചക്ക് വഴിവച്ചതും