Headlines
Loading...
വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍; സംസ്ഥാനം മാറുമ്പോഴുള്ള നൂലാമാലകള്‍ കുറയും

വാഹനങ്ങളുടെ റീ രജിസ്‌ട്രേഷന്‍; സംസ്ഥാനം മാറുമ്പോഴുള്ള നൂലാമാലകള്‍ കുറയും

വാഹനങ്ങൾ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകുമ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കുന്നതിനുള്ള കരട് വ്യവസ്ഥകൾ കേന്ദ്ര ഗതാഗതമന്ത്രാലയം പ്രസിദ്ധീകരിച്ചു.

കേന്ദ്രസർക്കാർ, സ്വകാര്യമേഖല എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് സ്ഥലംമാറ്റമാകുമ്പോൾ വാഹനങ്ങളും പുതിയ സ്ഥലത്തേക്ക് കൊണ്ടുപേകണ്ടത്. ഈ ഘട്ടത്തിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റൽ സങ്കീർണമായ പ്രക്രിയയാണെന്നും മന്ത്രാലയം വിലയിരുത്തുന്നു.


1988-ലെ മോട്ടോർ വാഹന നിയമമനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് വീണ്ടും രജിസ്റ്റർ ചെയ്യാതെ ഒരുവർഷം വരെ ഉപയോഗിക്കാം. എന്നാൽ, ഈ കാലയളവിനുള്ളിൽ പുതിയ രജിസ്ട്രേഷൻ നടത്തിയിരിക്കണം. ഇതിനായി വാഹനത്തിന് എൻ.ഒ.സി., റോഡ് നികുതി രേഖകൾ തുടങ്ങിയവ ഹാജരാക്കണം. ഇവ കാര്യമായ കാലതാമസമുണ്ടാകുന്ന പ്രക്രിയകളാണ്.

ഇതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതു-സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലളിതമായ മാർഗം ഏർപ്പെടുത്തും. വാഹന നികുതി രണ്ടുവർഷത്തേക്കോ അതിന്റെ ഗുണിതമായോ വാങ്ങും.

ഇത് സ്വകാര്യവാഹനങ്ങളെ ഇന്ത്യയിൽ എതു സംസ്ഥാനത്തേക്കും സുഗമമായി കൊണ്ടുപോകാൻ സഹായിക്കും. ഈ ഇളവ് ലഭിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്ക് അഞ്ചോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുണ്ടായിരിക്കണം. കരട് ചട്ടങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം.