Headlines
Loading...
ജലീല്‍ ഒഴിഞ്ഞു, പിണറായി മന്ത്രിസഭയിലെ അഞ്ചാം രാജി; ബന്ധുനിയമനത്തില്‍ രണ്ടാമത്തേത്

ജലീല്‍ ഒഴിഞ്ഞു, പിണറായി മന്ത്രിസഭയിലെ അഞ്ചാം രാജി; ബന്ധുനിയമനത്തില്‍ രണ്ടാമത്തേത്

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. ബന്ധുനിയമന വിവാദത്തിൽ പെട്ട് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയും. പിണറായി സർക്കാർ അധികാരമേറ്റ് നാളുകൾ പിന്നിടുമ്പോഴാണ് ബന്ധുനിയമന വിവാദത്തെ തുടർന്ന് ഇ.പി.ജയരാജന്റെ രാജി ഉണ്ടാകുന്നത്. സമാനമായ വിവാദത്തിലകപ്പെട്ടുളള ജലീലിന്റെ രാജിയോടെ മന്ത്രിമാരുടെ രാജിയിൽ മുന്നിലാണ് പിണറായി സർക്കാർ.ആരോപണങ്ങൾക്ക് പഞ്ഞമില്ലായിരുന്നെങ്കിലും കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷത്തിൽ മൂന്നുമന്ത്രിമാർ മാത്രമാണ് രാജിവെച്ചത്. ഗാർഹികപീഡനപരാതിയിൽ കെ.ബി. ഗണേഷ്കുമാറും ബാർകോഴക്കേസിൽ കെ.എം.മാണിയും പുറത്തായി. ബാർകോഴയിൽ ആരോപണവിധേയനായ കെ.ബാബു രാജിവെച്ചെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജി ഗവർണർക്ക് കൈമാറിയില്ല. ബാബു തിരിച്ചെത്തി.2016 മേയ് 25-നാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന് മാസങ്ങൾക്കകം ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രിസഭ വിടേണ്ടിവന്നു. പിന്നാലെ ഫോൺകെണിയിൽ കുടുങ്ങിയ എ.കെ. ശശീന്ദ്രനും. മൂന്നാമൻ തോമസ് ചാണ്ടി ആയിരുന്നു. പിന്നീട് മാത്യു ടി.തോമസും ഒടുവിൽ ജലീലിലും രാജിവെച്ചിരിക്കുന്നു. ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി.

2016 ഒക്ടോബർ 14
ഇ.പി. ജയരാജന്റെ രാജി. വ്യവസായ മന്ത്രിയായിരുന്ന ജയരാജൻ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ഭാര്യാസഹോദരി പി.കെ. ശ്രീമതി എം.പി.യുടെ മകൻ ഉൾപ്പെടെയുള്ള ബന്ധുക്കളെ നിയമിച്ചത് വിവാദമായി. പത്തുദിവസംനീണ്ട പ്രശ്നങ്ങൾക്കൊടുവിൽ രാജി. വിജിലൻസ് പിന്നീട് ജയരാജനെ കുറ്റവിമുക്തനാക്കി. കോടതി ഇത് അംഗീകരിച്ചു.

2017 മാർച്ച് 26
ഗതാഗതമന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ രാജിവെച്ചു. ചാനൽ ഒരുക്കിയ പെൺകെണിയിൽപ്പെട്ട ശശീന്ദ്രന്റെ അശ്ലീലസംഭാഷണം ചാനൽ പുറത്തുവിട്ടു. സംഭാഷണം പുറത്തുവന്ന അന്നുതന്നെ രാജി. തുടർന്ന് ഏപ്രിൽ ഒന്നിന് തോമസ് ചാണ്ടി ഗതാഗതവകുപ്പ് മന്ത്രിയായി. ഈ കേസ് ഇപ്പോൾ ഒത്തുതീർപ്പിന്റെ വഴിയിലാണ്. ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണവും നടക്കുന്നു.

229 ദിവസത്തെ മന്ത്രി
2017 നവംബർ 15 തോമസ് ചാണ്ടിയുടെ രാജി. തോമസ് ചാണ്ടി മന്ത്രിയായിരുന്നത് 229 ദിവസം-ഏഴുമാസവും 15 ദിവസവും. ഒരുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുമെന്ന പ്രഖ്യാപനത്തോടെ അധികാരമേറ്റു. കെ.എസ്.ആർ.ടി.സി.യുടെ സാമ്പത്തികപുരോഗതി സ്വപ്നമായി തുടരുന്നു.

2018 നവംബർ 26
ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. രണ്ടരവർഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ ഡി എസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ധാരണപ്രകാരമായിരുന്നു മാത്യു ടി തോമസിന്റെ രാജി. മാത്യു ടി തോമസിനു പകരം, പാലക്കാട് ചിറ്റൂരിൽനിന്നുള്ള എം എൽ എ കെ കൃഷ്ണൻകുട്ടി മന്ത്രിസഭയിലെത്തി.

2021 ഏപ്രിൽ 13
മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവർണർ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.ധാർമികമായ വിഷയങ്ങൾ മുൻനിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീൽ രാജിക്കത്തിൽ പറഞ്ഞത്. ലോകായുക്തയിൽ നിന്ന് ഇത്തരമൊരു വിധി വന്നതിനാൽ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തിൽ പറയുന്നു. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധിയാണ് ജലീലിന്റെ രാജി അനിവാര്യമാക്കിയത്.സ്വർണക്കടത്ത് വിവാദത്തിലും ജലീലിനെ ചോദ്യം ചെയ്തപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട മന്ത്രിക്കാണ് ബന്ധു നിയമനത്തിൽ മന്ത്രിപദവി രാജിവെക്കേണ്ടി വന്നത്. യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ് ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജറായി ജലീൽ നിയമിച്ചത്. വിവാദം വലിയ ചർച്ചയായതോടെ അദ്ദേഹം മാനേജർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാനമൊഴിഞ്ഞതുകൊണ്ട് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനിൽക്കുമെന്ന് ലോകായുക്ത വിധിച്ചുജലീൽ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന ലോകായുക്തയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2016ൽ മന്ത്രിയായി ജലീൽ അധികാരമേറ്റ് രണ്ടുമാസത്തിനകം തന്നെ കെ.ടി അദീബിനെ നിയമിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. 2018 ഒക്ടോബറിൽ അദീബിനെ നിയമിക്കുന്നതു വരെയുള്ള മുഴുവൻ നടപടിക്രമങ്ങളും അതിലെ ചട്ടലംഘനങ്ങളും എടുത്തപറഞ്ഞായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ന്യൂനപക്ഷ ധനകാര്യ വികസന കേർപ്പറേഷൻ ഡയറക്ടർ ബോർഡ് അറിയാതെയാണ് അദീബിന്റെ നിയമനമെന്നും സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ നിയമിക്കാനാകില്ലെന്ന വകുപ്പ് സെക്രട്ടറിയുടെ നിർദേശം ജലീൽ തള്ളിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു.ലോകായുക്ത പരാമർശം:പടിയിറങ്ങിയവരിൽ കെ.കെ. രാമചന്ദ്രൻമുതൽ യെദ്യൂരപ്പവരെലോകായുക്തയുടെ വിധിയും പരാമർശവും കസേര നഷ്ടമാക്കിയവരുടെ കൂട്ടത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രൻമുതൽ കർണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പവരെയുള്ളവർ. പ്രതിപക്ഷ മുറവിളിയെക്കാൾ സ്വന്തം പാർട്ടിക്കുള്ളിൽ തക്കംപാർത്തിരുന്നവർ രാജിയാവശ്യം ഏറ്റുപിടിച്ചതാണ് രാമചന്ദ്രന്റെയും മറ്റും പടിയിറക്കത്തിന് ആക്കംകൂട്ടിയത്. 2006-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന രാമചന്ദ്രന്റെ വകുപ്പ് മന്ത്രിസഭാ പുനഃസംഘടനയോടെ എടുത്തുമാറ്റിയേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മന്ത്രിസഭാ യോഗത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നതോടെ ഇത് ശക്തമായി. അതിനിടെയാണ് ആരോഗ്യവകുപ്പിലെ ക്രമക്കേട് സംബന്ധിച്ച പരാതി ലോകായുക്ത പരിഗണിക്കുന്നത്. മന്ത്രിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയുടെ അറിവിലേക്ക് ലോകായുക്ത പ്രത്യേക കുറിപ്പും നൽകി.കുറിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചു. അതിനിടെ ലോകായുക്തയിൽ മൊഴിനൽകിയ വയനാട് ഡി.എം.ഒ.യെ മന്ത്രി ഭീഷണിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നു. പരാതിക്കാരനെ മന്ത്രി ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ടേപ്പ് ജനുവരി 13-ന് ഒരു ചാനൽ പുറത്തുവിട്ടതോടെ വിവാദം വീണ്ടും കത്തി. മന്ത്രിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. വൈകുന്നേരത്തോടെ മുഖ്യമന്ത്രിതന്നെ രാമചന്ദ്രന്റെ രാജി സ്ഥിരീകരിച്ചു. ലോകായുക്ത ഉത്തരവ് വരുംമുമ്പായിരുന്നു രാമചന്ദ്രന്റെ രാജി.കൂടുതൽ അധികാരങ്ങളുള്ള കർണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയുടെ റിപ്പോർട്ടാണ് കർണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുടെ വൻവീഴ്ചയ്ക്കു കാരണമായത്.ദക്ഷിണേന്ത്യയിൽ ആദ്യ ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചാണ് 2008-ൽ െയദ്യൂരപ്പ താരമായത്. കെണിയായത് അനധികൃത ഖനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോർട്ടായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് െയദ്യൂരപ്പയും കുടുംബവും അഴിമതി നടത്തിയെന്ന ലോകായുക്ത റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്രനേതൃത്വം ഇടപെട്ട് 2011 ജൂലായ് 28-ന് രാജിവെപ്പിക്കുകയായിരുന്നു.ഉത്തർപ്രദേശിൽ മൃഗസംരക്ഷണ മന്ത്രിയായ അവധ്പാൽസിങ് യാദവിനെ നീക്കംചെയ്യണമെന്ന ലോകായുക്ത വിധിയിൽ 2011-ൽ മുഖ്യമന്ത്രി മായാവതി അദ്ദേഹത്തിൽനിന്ന് രാജിവാങ്ങി. മൃഗാശുപത്രികൾ നിർമിക്കാനുള്ള കരാറുകൾ ബന്ധുക്കൾക്ക് നൽകിയെന്നായിരുന്നു ആരോപണം.ജാമാതാവിനെ ജയിൽവകുപ്പിൽ വെൽഫയർ ഓഫീസറായി നിയമിച്ച മധ്യപ്രദേശ് മന്ത്രി ഹാജി ഇനായത്ത് മുഹമ്മദ് പൊതുസ്ഥാനങ്ങളൊന്നും വഹിക്കാൻ പാടില്ലെന്ന് 1985-ൽ മധ്യപ്രദേശ് ലോകായുക്ത പി.വി. ദീക്ഷിത് വിധിപറഞ്ഞിരുന്നു. 2011 ഫെബ്രുവരിയിൽ ലോകായുക്ത കുറ്റക്കാരനെന്നു കണ്ടെത്തിയ ഡൽഹി മന്ത്രി രാജ്കുമാർ ചൗഹാൻ അടക്കം പലരും രാജിവെക്കാത്ത ചരിത്രവുമുണ്ട്