Headlines
Loading...
കോവിഡ്: പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു - വിജയരാഘവന്‍

കോവിഡ്: പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു - വിജയരാഘവന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നത് ആക്ഷേപം മാത്രമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. കേന്ദ്ര മന്ത്രി ആക്ഷേപം ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു. ആക്ഷേപം ഉന്നയിക്കൽ മന്ത്രിയായി അദ്ദേഹം മാറി. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകൾ ആവർത്തിച്ച് നടത്തുന്നു. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു.


കേരളത്തിലെ ജനപിന്തുണ ഇത്തരം തെറ്റായ സമീപനങ്ങൾക്ക് ലഭിക്കില്ലെന്ന് വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ ഒരു കോടി വാക്സിൻ ചുരുങ്ങിയത് ലഭിക്കണം. വാക്സിൻ കൂടുതൽ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണം. ഇടതുമുന്നണിയും കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയിലേക്ക് രണ്ട് സീറ്റുകളിൽ ഇടതുമുന്നണിക്ക് വിജയിക്കാനാവും. അതിൽ സിപിഎം പ്രതിനിധികൾ മത്സരിക്കണമെന്നാണ് ഇടതുമുന്നണി തീരുമാനിച്ചത്. സിപിഎം സംസ്ഥാന സമിതിയംഗം ഡോ വി ശിവദാസൻ, കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസുമാണ് മത്സരിക്കുക. 'കെകെ രാഗേഷ് പാർലമെന്ററി പദവിയിൽ മാതൃകാപരമായി പ്രവർത്തിച്ചു. ജോൺ ബ്രിട്ടാസ് ഇടതുപക്ഷ പത്രപ്രവർത്തനം നല്ല രീതിയിൽ നിർവ്വഹിച്ചു. പാർട്ടിയുടെ പൂർണ്ണ ബോധ്യത്തോടെയാണ് രണ്ട് പേരെയും തീരുമാനിച്ചത്.

എൻഎസ്എസ് സംബന്ധിച്ച് സിപിഎം നിലപാടാണ് ദേശാഭിമാനി ലേഖനത്തിൽ വ്യക്തമാക്കിയത്. എൻഎസ്എസ് പറയുന്ന എല്ലാത്തിനോടും പദാനുപദ മറുപടി ആവശ്യമില്ല. തന്നെക്കുറിച്ച് പറയാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.