Headlines
Loading...
കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് കിട്ടിയത് 47.35 ലക്ഷം രൂപ; സ്വര്‍ണവും വിദേശ കറന്‍സിയും തിരികെനല്‍കി

കെ.എം ഷാജിയുടെ വീട്ടില്‍നിന്ന് കിട്ടിയത് 47.35 ലക്ഷം രൂപ; സ്വര്‍ണവും വിദേശ കറന്‍സിയും തിരികെനല്‍കി

കോഴിക്കോട്: മുസ്ലീംലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടുകളിൽ നടത്തിയ റെയ്ഡിന്റെ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഷാജിയുടെ വീട്ടിൽനിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഷാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത 50 പവൻ സ്വർണവും വിദേശ കറൻസിയും വിജിലൻസ് സംഘം തിരികെനൽകി. ഇതിൽ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഇവ തിരികെനൽകിയത്. വിദേശകറൻസി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കെ.എം.ഷാജിയെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിജിലൻസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തിങ്കളാഴ്ചയാണ് കെ.എം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ അഴീക്കോട്ടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച രാത്രിയോടെയും അഴീക്കോട്ടെ പരിശോധന ചൊവ്വാഴ്ച ഉച്ചയ്ക്കുമാണ് പൂർത്തിയായത്.