ന്യൂഡൽഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ജൂൺ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.