Headlines
Loading...
ലൗ ജിഹാദിൽ മലക്കംമറിഞ്ഞ് ജോസ്; ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; എൽഡിഎഫ് വെട്ടില്‍

ലൗ ജിഹാദിൽ മലക്കംമറിഞ്ഞ് ജോസ്; ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; എൽഡിഎഫ് വെട്ടില്‍

ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ ലൗ ജിഹാദ് പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ജോസ് കെ.മാണി. സര്‍ക്കാരിന്‍റെയും ഇടതുമുന്നണിയുടെയും അഭിപ്രായമാണ് തനിക്കുമെന്ന് ജോസ് കെ.മാണി പറഞ്ഞു. കാനം രാജേന്ദ്രന്‍ പരസ്യമായി തള്ളിപ്പറയുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കാതിരിക്കുകയും ചെയ്തതോടെയാണ് ജോസിന്‍റെ നിലപാടുമാറ്റം. ഇതേസമയം ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി രംഗത്തെത്തിയതോടെ പ്രശ്നത്തില്‍ എല്‍ഡിഎഫ് വെട്ടിലായി. 


ഇടതുനയത്തില്‍ നിന്ന് വ്യതിചലിച്ച് ജോസ് കെ മാണി നടത്തിയ പരാമര്‍ശം മുന്നണിക്ക് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി. ലൗജിഹാദ് സംബന്ധിച്ച ജോസ് കെ മാണിയുടെ  സംശയങ്ങളെ  കടുത്ത ഭാഷയിലാണ് കാനം രാജേന്ദ്രന്‍ തള്ളിയത്. 

ജോസിന്‍റെ പരാമര്‍ശം ബൂമറാങ്ങാകുമെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഏറെക്കാലമായി ഉയര്‍ത്തുന്ന വാദത്തിന് ഇടതുമുന്നണി ഘടകകക്ഷിയില്‍നിന്ന് കിട്ടിയ പിന്തുണ ബിജെപി ആയുധമാക്കി. ജോസിന്‍റെ പ്രസ്താവന ജാതീയത വളര്‍ത്താനാണെന്ന് യുഡിഎഫ് ആരോപിച്ചു.

വിവാദം ആളിക്കത്തിയതോടെ തിരുത്തുമായി ജോസ് കെ.മാണി രംഗത്തെത്തി. ഇതിനിടെ സഭയുടെ ആവശ്യത്തോടുള്ള ക്രിയാത്മക നിലപാടാണ് ജോസ് കെ.മാണിയുടേതെന്ന് കെ.സി.ബി.സി പറഞ്ഞത് ഇടതുമുന്നണിയെ വെട്ടിലാക്കി.

സമുദായനേതൃത്വങ്ങള്‍ പല അഭിപ്രായവും പറയുമെന്നായിരുന്നു സിപിഎമ്മിന്‍റെ മറുപടി. പ്രചാരണത്തിന്‍റെ അവസാനലാപ്പില്‍ ലൗജിഹാദ് സജീവ ചര്‍ച്ചയായാലുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടിയെപ്പറ്റി ഇടതുമുന്നണി നേതൃത്വത്തിന് ആശങ്കയുണ്ട്.