assembly election 2021
kerala
അരി വിതരണം തുടരാം; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുത്: കോടതി
സംസ്ഥാനത്ത് മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകൾക്കുള്ള സ്പെഷല്‍ അരിവിതരണം തുടരാന്‍ ഹൈക്കോടതി അനുമതി. അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം അരിവിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിലെ വെള്ള നീല റേഷന്‍ കാര്‍ഡ് ഉടമകൾക്ക് ഈസ്റ്റര്‍ വിഷു കാലയളവില്‍ പത്തു കിലോ സ്പെഷല്‍ അരി നൽകാനുള്ള സര്‍ക്കാര്‍ നീക്കം പെരുമാറ്റചട്ടത്തിൻറെ ലംഘനമാണെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞത്. പ്രതിപക്ഷ നേതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ നടപടി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്ക് അരിവിതരം ചെയ്യാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ എടുത്തതാണെന്ന്ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
അരി വിതരണം ചെയ്യാനുള്ള തീരുമാനം ഫെബ്രുവരി നാലിന് എടുത്തതാണെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. ഫുഡ് കോര്‍പറേഷനില്‍ നിന്ന് 83കോടി 34 ലക്ഷം രൂപയ്ക്ക് അരിവാങ്ങാന്‍ കരാറായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അരി ലഭിക്കാന്‍ പണമടയ്ക്കേണ്ട അവസാന ദിവസം നാളെയാണ്. ഈ സാഹചര്യത്തില്‍ ഉത്തരവില്‍ ഇളവു തേടി സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഓഗസ്റ്റില്‍ നിര്‍ത്തി വച്ച അരിവിതരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുനരാരംഭിച്ചതാണെന്നും ഇത് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം. അരിവിതരണത്തിനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ഇത് തടയാനാകില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു.അതേസമയം അരിവിതരണം പൂര്‍ണമായും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി