പത്തുവര്‍ഷത്തെ അന്വേഷണം; കേരളത്തില്‍ നിന്ന് അഞ്ചു പുതിയയിനം ഇലത്തവളകളെ കണ്ടെത്തി ഗവേഷകര്‍
കോഴിക്കോട്:കേരളത്തിൽ നിന്ന് അഞ്ച് പുതിയയിനം ഇലത്തവളകളെ ഗവേഷകർ കണ്ടെത്തി. പശ്ചിമഘട്ടത്തിലെ ഇലത്തവളകളെ കുറിച്ച് പത്തുവർഷം നടന്ന സമഗ്രപഠനത്തിന്റെ ഭാഗമായാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന 'റോർച്ചെസ്റ്റസ്' ജീനസിൽ പെടുന്ന ഇലത്തവളകളുടെ (Shrub frogs) രൂപപഠനം, ഡി.എൻ.എ.താരതമ്യം, കരച്ചിൽ രീതികൾ, സ്വഭാവസവിശേഷതകൾ എന്നിങ്ങനെ വ്യത്യസ്തമായ ഘടകങ്ങളാണ് പഠനത്തിൽ ഗവേഷകർ പരിഗണിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ്, പുതിയ ഇനങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞതെന്ന്, അന്താരാഷ്ട്ര ശാസ്ത്രജേർണലായ 'പിയർ ജെ' (PeerJ) പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് പറയുന്നു.
ഡെൽഹി യൂണിവേഴ്സിറ്റിയിലെ പ്രസിദ്ധ ഉഭയജീവി ഗവേഷകനും മലയാളികളുമായ എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു) ആണ് പഠനത്തിന് നേതൃത്വം നൽകിയത്. സൊനാലി ഗാർഗ് (ഡെൽഹി യൂണിവേഴ്സിറ്റി), റോബിൻ സുയേഷ് (ശ്രീ വെങ്കിട്ടേശ്വര കോളേജ്, ന്യൂഡൽഹി), സന്ദീപ് ദാസ് (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്, പീച്ചി, തൃശ്ശൂർ), മാർക്ക് എ. ബീ (മിന്നസോട്ട യൂണിവേഴ്സിറ്റി, യു.എസ്) എന്നിവരാണ് പഠനസംഘത്തിലെ മറ്റംഗങ്ങൾ.
'റോർച്ചെസ്റ്റസ് ധ്രുതാഹു' (Raorchestes drutaahu) ആണ് പുതിയതായി തിരിച്ചറിഞ്ഞ സ്പീഷീസുകളിൽ ഒന്ന്. വേഗത്തിൽ ശബ്ദമുണ്ടാക്കുന്നവ എന്ന അർഥത്തിൽ ശാസ്ത്രീയ നാമം നൽകപ്പെട്ട ഇതിന്റെ സാധാരണ നാമം (common name) 'ഫാസ്റ്റ്-കാളിങ് ഇലത്തവള' എന്നാണ്. കേരളത്തിൽ രണ്ടിടങ്ങളിൽ ഇതിനെ കണ്ടെത്തി.

കക്കയം ഡാമിന് സമീപത്തു നിന്ന് തിരിച്ചറിഞ്ഞ 'കക്കയം ഇലത്തവള'യ്ക്ക്, ആ സ്ഥലത്തിന്റെ പേരാണ് ശാസ്ത്രീയനാമമായി നൽകപ്പെട്ടത്- 'റോർച്ചെസ്റ്റസ് കക്കയാമിൻസസ്' (Raorchestes kakkayamensis). കക്കയം ഡാമിന് സമീപത്തെ ചെറിയൊരു പ്രദേശത്തു മാത്രമാണ് ഇവയെ കണ്ടെത്തിയത്.
'കെയ്രാസ് ഇലത്തവള'യാണ് പുതിയ ഇനങ്ങളിൽ മറ്റൊന്ന്. ശാസ്ത്രീയ നാമം: 'റോർച്ചെസ്റ്റസ് കെയ്രസാബിനേ' (Raorchestes keirasabinae). തെക്കൻ പശ്ചിമഘട്ടത്തിൽ അഗസ്ത്യകൂടം, അണ്ണാമലൈ വനമേഖലയിൽ കാണപ്പെടുന്ന സ്പീഷീസാണിത്. കെയ്ര സാബിൻ എന്ന പ്രകൃതിസ്നേഹിയുടെ പേരാണ് ഈ തവളയിനത്തിന് നൽകിയിട്ടുള്ളത്. ഉഭയജീവി ഗവേഷണത്തിനും പ്രകൃതിസംരക്ഷണത്തിനും ആഗോളതലത്തിൽ 'ആൻഡ്രു സാബിൻ ഫാമിലി ഫൗണ്ടേഷൻ' നൽകിവരുന്ന പിന്തുണയ്ക്കുള്ള അംഗീകാരമായാണ് ഈ നാമകരണം നടത്തിയതെന്ന്, ഡെൽഹി യൂണിവേഴ്സിറ്റിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

വയനാട്ടിൽ നിന്ന് തിരിച്ചറിഞ്ഞ മറ്റൊരിനം ഇലത്തവളയ്ക്ക്, ഇന്ത്യൻ സസ്യശാസ്ത്രജ്ഞനും ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (BSI) മുൻ മേധാവിയുമായ ഡോ.എം.സഞ്ജപ്പയുടെ പേരിട്ടു. 'സഞ്ജപ്പാസ് ഇലത്തവള' എന്ന് സാധാരണ നാമം നൽകപ്പെട്ട അതിന്റെ ശാസ്ത്രീയനാമം 'റോർച്ചെസ്റ്റസ് സഞ്ജപ്പായ് (Raorchestes sanjappai) എന്നാണ്.

ശിരുവാണി മലകളിലും സൈലന്റ് വാലി നാഷണൽ പാർക്കിന്റെ സമീപപ്രദേശങ്ങളിലും നിന്ന് തിരിച്ചറിഞ്ഞ ഒരിനത്തിന് ('വെള്ളിക്കണ്ണൻ ഇലത്തവള') അതിന്റെ വെള്ളിക്കണ്ണിന്റെ സവിശേഷത വെച്ച്, 'റോർച്ചെസ്റ്റസ് വെള്ളിക്കണ്ണൻ' (Raorchestes vellikkannan) എന്നാണ് ശാസ്ത്രീയനാമം നൽകിയത്.

പഠനത്തിന്റെ ഭാഗമായി 48 ഇലത്തവളയിനങ്ങളുടെ കരച്ചിൽ ശബ്ദം പരിശോധിക്കാൻ ഗവേഷകർക്കായി. ഇലത്തവളകളുടെ കണ്ണുകൾ കഥ പറയുന്ന കാര്യവും ഗവേഷകർ പരിശോധിച്ചു. ഓരോ സ്പീഷീസിന്റെയും കണ്ണുകളുടെ വ്യത്യാസം ഗവേഷകർ രേഖപ്പെടുത്തി. ഈ ജീനസിൽ പെട്ട തവളകളെ തിരിച്ചറിയാനുള്ള കൂടുതൽ വിവരങ്ങൾ ഇത്തരം പഠനം വഴി ഗവേഷകർക്ക് ലഭിച്ചു.

'ഇന്ത്യയിൽ ഏറ്റവുമധികം ഗവേഷണം നടന്നിട്ടുള്ള ഉഭയജീവി വിഭാഗമാണ് ഇലത്തവളകളുടേത്. എന്നിട്ടും, അവയുടെ വൈവിധ്യവും തനത് സവിശേഷതകളും എത്ര കുറച്ചു മാത്രമേ നമുക്ക് മനസിലാക്കാൻ സാധിച്ചിട്ടുള്ളൂ, എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്'-ഡോ.ബിജു വിശദീകരിക്കുന്നു. പല ഇനങ്ങളും കണ്ടുപിടിക്കപ്പെടുന്നതിനും തിരിച്ചറിയപ്പെടുന്നതിനും മുമ്പ് അപ്രത്യക്ഷമാകുന്നു എന്നതാണ് സങ്കടകരമായ കാര്യമെന്ന്, പഠനപ്രബന്ധത്തിന്റെ മുഖ്യരചയിതാവായ സൊണാലി ഗാർഗ് പറയുന്നു. 'കണ്ടുപിടിക്കും മുമ്പുതന്നെ പല സ്പീഷീസും അന്യംനിന്നിട്ടുണ്ടാകും'.
ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു വിഭാഗമാണ് ഇലത്തവളകളുടേത്. ആ വിഭാഗത്തെ പറ്റി ഇത്രകാലവും നടന്നതിൽ ഏറ്റവും സമഗ്രമായ പഠനമാണ് ഡോ.ബിജുവും സംഘവും ഒരു പതിറ്റാണ്ടുകൊണ്ട് നടത്തിയത്. ലോകത്താകെയുള്ള ഇലത്തവളകളിൽ (റോർച്ചെസ്റ്റസ് ജീനസിൽപെട്ട) 80 ശതമാനവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. വളരെ ചെറിയ ആവാസവ്യവസ്ഥകളിലാണ് ഇവയിൽ ഓരോ ഇനവും കഴിയുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണിത് വ്യക്തമാക്കുന്നതെന്ന് ഗവേഷകർ പറയുന്നു