
assembly election 2021
kerala
സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലെ നാമനിർദേശം പെരുമാറ്റച്ചട്ടലംഘനമെന്ന് ആക്ഷേപം
തിരുവനന്തപുരം:സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് മുൻ എം.പി. പി.കെ. ബിജു ഉൾപ്പെടെ ആറ് അംഗങ്ങളെ നാമനിർദേശം ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആക്ഷേപം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
26-നാണ് ഉത്തരവ് ഇറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും അന്നാണ്. സാങ്കേതിക സർവകലാശാല സ്ഥിരം നിയമനങ്ങൾക്ക് വിജ്ഞാപനം ചെയ്തിട്ടുള്ള ഡയറക്ടർമാരുടെ ഒഴിവുകൾ മുന്നിൽക്കണ്ടാണ് ഇടതുപക്ഷ സംഘടനകളിലുള്ളവരെ ഉൾപ്പെടുത്തി സിൻഡിക്കേറ്റ് തിരക്കിട്ട് വിപുലീകരിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അനധ്യാപക തസ്തികകൾ പി.എസ്.സിയാണ് നികത്തേണ്ടതെങ്കിലും ഡയറക്ടർ തസ്തികകൾ അക്കാദമിക വിഭാഗത്തിൽ പെടുന്നതാണെന്ന് ന്യായീകരണമാണ് അധികൃതരുടേത്. അതേസമയം, സാങ്കേതിക സർവകലാശാല ചട്ടത്തിൽ ഡയറക്ടർ തസ്തികകൾ അനധ്യാപക ജീവനക്കാർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ പി.എസ്.സിക്കു മാത്രമേ സ്ഥിരം നിയമനം നടത്താൻ അധികാരമുള്ളൂവെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമമാണ് നാമനിർദേശത്തിലൂടെ ഉണ്ടായതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.