assembly election 2021
kerala
‘വിവാദം ആഘോഷമാക്കുന്ന വ്യക്തിയാണ് ഞാന്‍’; പത്രക്കാര്‍ കാരണം സ്വയം കണ്ടെത്തിയ വഴിയെന്ന് പിവി അന്‍വര്‍
വിവാദങ്ങളില്‍ തളരുന്ന വ്യക്തിയല്ല താനെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. 2016 ലെ വിവാദങ്ങള്‍ക്ക് ശേഷം അപമാനം ആഘോഷിക്കാന്‍ താന്‍ സ്വയം പഠിച്ചെന്നും പിവി അന്‍വര്‍ പറഞ്ഞു.
‘വിവാദം ഒരു ആഘോഷമാക്കുന്ന വ്യക്തിയാണ് ഞാന്‍. 2016 ല്‍ എംഎല്‍എയായതിനു ശേഷം ആരോപണങ്ങള്‍ വന്നപ്പോള്‍ ക്ലിയര്‍ ചെയ്യാനുള്ള ഒരു ശ്രമം ഞാന്‍ പത്രക്കാരുമായി നടത്തി. പക്ഷെ അത് ക്ലിയര്‍ ചെയ്തില്ലെന്ന് മാത്രമല്ല വളരെ മോശപ്പെട്ട ഒരു അവസ്ഥയിലേക്ക് പോവുന്നത് കണ്ടപ്പോള്‍ അപമാനം ആഘോഷമാക്കുന്നതെങ്ങനെയെന്ന് ഞാന്‍ സ്വയം കണ്ടെത്തി,’ പിവി അന്‍വര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
നിലമ്പൂരിലെ ജനങ്ങള്‍ക്ക് തന്നെ നന്നായറിയാം. എംഎല്‍എയായ ശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നേരിട്ട് കണ്ടതാണ് അതിനാല്‍ തെരഞ്ഞെടുപ്പ് ഭയം തനിക്ക് തീരെയില്ലെന്നും പിവി അന്‍വര്‍ പറയുന്നു.
‘തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് മൂന്ന് മാസം ഞാന്‍ നാട്ടില്‍ നിന്നും മാറി നിന്നത്. എന്നെ അത് ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. നാട്ടില്‍ തിരിച്ചെത്തി ഏഴു ദിവസം ക്വാറന്റീനിലാണ് ഞാന്‍. 19ാം തിയ്യതിയോ 20ാം തിയ്യതിയോ മാത്രമേ ജനങ്ങളിലേക്ക് എനിക്ക് ഇറങ്ങാന്‍ പറ്റൂ. എനിക്ക് അത്രയും ദിവസം മതിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ആ ജനങ്ങള്‍ക്ക് എന്നെയുമറിയാം. എനിക്ക് ജനങ്ങളെയുമറിയാം,’ പിവി അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണയില്‍ നിന്നും പിവി അന്‍വര്‍ എംഎല്‍എ തിരിച്ചെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് എംഎല്‍എക്ക് ലഭിച്ചത്. ക്വാറന്റൈന്‍ കഴിഞ്ഞാലുടന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്കിറങ്ങുമെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു.
‘ഏഴ് ദിവസം ക്വറന്റൈനില്‍. അത് കഴിഞ്ഞാല്‍ രംഗത്തിറങ്ങും. പാര്‍ട്ടി തീരുമാനിക്കുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനറങ്ങും. എല്ലാ അനിശ്ചിതത്വത്തിനും വിരാമമായി. കാണിനില്ലെന്ന് പരാതിയൊക്കെ കൊടുത്തോട്ടെ’ പിവി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു.