‘മന്ത്രിയുടെ ഖേദം എന്തിനാണെന്ന് ആര്‍ക്കും മനസിലാകും, പ്രശ്‌നം അതുകൊണ്ടൊന്നും തീരില്ല’; പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് എന്‍എസ്എസ്
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതില്‍ പ്രതികരണവുമായി നായര്‍ സര്‍വ്വീസ് സൊസൈറ്റി. മന്ത്രിയുടെ ഖേദം ആത്മാര്‍ഥമായിട്ടാമെങ്കില്‍ സുപ്രിംകോടതിയില്‍ ശബരിമല വിശ്വാസികള്‍ക്ക് അനുകൂലമായി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എന്‍എസ്എസ് പ്രസ്താവനയിറക്കി. കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് ആര്‍ക്കും മനസിലാകുമെന്നും ഖേദവും പശ്ചാത്താപവുംകൊണ്ട് പ്രശ്‌നം തീരില്ലെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികളുടെ ആരാധനാവകാശം സംരക്ഷിക്കുന്നതിനായി ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി വിശാലബെഞ്ചിനുമുന്നില്‍ പുതിയ സത്യവാങ്മൂലം
സമര്‍പ്പിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെടുന്നു.ഇതിനായി സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കാത്ത പക്ഷം ഖേദപ്രകടനങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്നും സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നുമായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.
‘ 2018 ലെ ഒരു പ്രത്യേക സംഭവവികാസമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയം അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്,’ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിഷയമാക്കുന്നതിനിടെയാണ് കടകംപള്ളിയുടെ പ്രതികരണം.നേരത്തെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.