Headlines
Loading...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം


കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. സ്വർണ്ണ കപ്പിൽ കണ്ണൂർ നാലാം തവണയാണ് മുത്തമിടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 952 പോയിന്‍റോടെയാണ് കണ്ണൂർ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്‍റ് ലഭിച്ചു. 23 വർഷത്തിന് ശേഷമാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ ഏറ്റവും ഒടുവിൽ കലാകിരീടം നേടിയത്.

പാലക്കാട്- 938, തൃശൂർ- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്. അവസാന ദിവസം പോയിന്‍റുകൾ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലർത്തിയത് കണ്ണൂർ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം ഉറപ്പിച്ച് മുന്നേറിയെങ്കിലും കോഴിക്കോട് അവസാന മത്സരയിനങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂർ നാലാം തവണ കലോത്സവത്തിൽ കിരീടം നേടുകയായിരുന്നു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളാണ് കഴിഞ്ഞ അഞ്ച് ദിവസമായി കൊല്ലത്ത് നടന്നുവന്ന കലോത്സവത്തിൽ ഉണ്ടായിരുന്നത്. ഇത്തവണ കലാ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 244 പോയിന്‍റോടെ ഒന്നാമതെത്തി. 116 പോയിന്‍റ് നേടി തിരുവനന്തപുരം കാർമേൽ എച്ച് എസ് എസ് ആണ് രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്‍റ് തെരെസാസ് എച്ച് എസ് എസ് 92 പോയിന്‍റോടെ മൂന്നാമതാണ്.

കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളില്‍ ആയി 10 ഇനങ്ങളാണ് ഇന്ന് നടന്നത്. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയികൾക്ക് ട്രോഫി സമ്മാനിക്കും.