വാളയാര്‍ അമ്മയുടെ ചിഹ്നം കുഞ്ഞുടുപ്പ്; ഭാഗ്യവതിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു
വാളയാര്‍ കേസില്‍ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന ഭാഗ്യവതിയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി കുഞ്ഞുടുപ്പ് നല്‍കി ഇലക്ഷന്‍ കമ്മീഷന്‍. ഫ്രോക്ക് ആണ് ചിഹ്നമായി അമ്മ ആവശ്യപ്പെട്ടതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഇതിനേത്തുടര്‍ന്നാണ് ആവശ്യപ്പെട്ട ചിഹ്നം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. വാളയാര്‍ അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംഭാവന അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളില്‍ ക്രൗഡ് ഫണ്ടിങ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത തന്റെ മക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഭാഗ്യവതി തലമുണ്ഡനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ജനുവരി 26 മുതല്‍ പാലക്കാട് വഴിവക്കില്‍ സത്യഗ്രഹ സമരം നടത്തിയിട്ടും നടപടിയെടുക്കാത്തതിനേത്തുടര്‍ന്നായിരുന്നു ഇത്.

വാളയാര്‍ കേസ് എത്രയും വേഗം ഏറ്റെടുത്ത് സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ്‌കേരള ഹൈക്കോടതി വിധിച്ചിരുന്നു. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസ് സിബിഐയ്ക്ക് കൈമാറിയ സര്‍ക്കാര്‍ വിജ്ഞാപനത്തിലെ അപാകതകള്‍ ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി ജി അരുണാണ് ഉത്തരവിട്ടത്. കേസ് തുടക്കത്തില്‍ അന്വേഷിച്ച പൊലീസ് സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് മുന്‍പത്തെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി