Headlines
Loading...
കാസർഗോഡ് കോവിഡ് വാക്സിൻ സ്വീകരിച്ച് 36 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

കാസർഗോഡ് കോവിഡ് വാക്സിൻ സ്വീകരിച്ച് 36 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്

കാസർഗോഡ്: കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് രോഗം വരാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. വാക്സിൻ സ്വീകരിച്ച 36 ആരോഗ്യപ്രവർത്തകർ വീണ്ടും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് വിശദീകരണം നൽകിയത്. സംഭവത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് ഒട്ടും ആശങ്കയ്ക്ക് വക നൽകുന്ന കാര്യമല്ല. വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പോസിറ്റീവായാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനോ ഗുരുതരാവസ്ഥയിലാകാനോ ഉള്ള സാധ്യത തീർത്തും വിരളമാണെന്നും സംസ്ഥാന കോവിഡ്-19 വിദഗ്ധസമിതി അംഗവും തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ.ടി.എസ്. അനീഷ് പറഞ്ഞു.

ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും വളരെ കുറവാണ്. വാക്സിൻ വിതരണം തുടങ്ങിയതിനു ശേഷം ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് നിരക്ക് കുറഞ്ഞത് വാക്സിന്റെ ഫലപ്രാപ്തിയെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് പോസിറ്റീവായ 36 പേരിൽ 12 പേർ വാക്സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ച് രണ്ടാഴ്ച പൂർത്തീകരിച്ചിരുന്നവരാണ്. മറ്റ് 24 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയിൽ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. എല്ലാവർക്കും കോവിഷീൽഡ് ആയിരുന്നു കുത്തിവച്ചത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ജില്ലാ മെഡിക്കൽ ഓഫീസിലെയും രണ്ടു വീതം ജീവനക്കാരും ഉദുമ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആറ് ജീവനക്കാരും വാക്സിനെടുത്തതിനുശേഷം രോഗബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.