kerala
‘ഇത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമല്ല’; സമരത്തെ അടിച്ചൊതുക്കാനുള്ള ശ്രമം മനുഷ്യത്വരഹിതമെന്ന് രമേശ് ചെന്നിത്തല
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതിക്രൂരമായിട്ടാണ് പിണറായിയുടെ പൊലീസ് ആക്രമണം അഴിച്ചുവിട്ടതെന്ന് ചെന്നിത്തല പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതിയായ , പത്താംക്ലാസ് യോഗ്യത മാത്രമുള്ള സ്വപ്നാ സുരേഷുമാര്‍ക്ക് ലക്ഷങ്ങളുടെ ശമ്പളത്തോടെ നിയമനം നല്‍കുകയും സഖാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന അനീതിക്കെതിരെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും സമരം ചെയ്യുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.
സമരം ചെയ്യാനും, സമാധാനപൂര്‍ണമായ പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള യുവാക്കളുടെ അവകാശത്തെ പോലീസിനെ കൊണ്ട് കായികമായി നേരിടാന്‍ ഇത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു.
രമേശ് ചെന്നിത്തല
കേരള വിദ്യാര്‍ത്ഥി യൂണിയന്റെ സമരത്തെ ക്രൂരമായി അടിച്ചൊതുക്കാനുള്ള പിണറായി പോലീസിന്റെ നടപടി മനുഷ്യത്വരഹിതമാണ്. സമരം ചെയ്യുന്നവര്‍ക്ക് നേരെ ലാത്തി ഉപയോഗിക്കേണ്ട സാഹചര്യം വന്നാലും തലയ്ക്ക് അടിയ്ക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഞാന്‍ നല്‍കിയിരുന്നു. മനുഷ്യത്വത്തിന്റെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടാണ് പിണറായി പൊലീസിന്റെ നരനായാട്ട് അരങ്ങേറുന്നത്. വിയോജിക്കുന്നവരെ കായികമായി നേരിടുന്ന പിണറായി വിജയന്റെ കിരാത നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.