janavidi 2021
ഇ.എം.സി.സി MOU ഒരു 'ഒപ്പിടല്‍ നാടകം'; അറിഞ്ഞത് വിവാദമായപ്പോള്‍ മാത്രം- മുഖ്യമന്ത്രി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സി എന്ന കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്ര (MOU)ത്തെക്കുറിച്ച് അറിഞ്ഞത് വിവാദമായപ്പോൾ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നടപടിയെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് വികസന മുന്നേറ്റയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകൾ
നിക്ഷേപ സംഗമം വലിയ ആൾക്കൂട്ടമാണ്. നിക്ഷേപത്തിന് താത്പര്യമുള്ള എല്ലാ ആളുകളും അവിടെ വരുന്നു. കുറച്ച് മണിക്കൂറുകൾ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. കേരളത്തിന്റെ നയം എന്താണെന്ന് നമ്മൾ വ്യക്തമാക്കുമ്പോൾ അത് കേട്ട് അവർ നിലപാട് എടുക്കുന്നു. താത്പര്യമുണ്ടെങ്കിൽ അറിയിക്കുന്നു. അതാണ് നിക്ഷേപ സംഗമത്തിൽ നടക്കുന്നത്.
ഇവിടെ കെ.എസ്.ഐ.എൻ.സി എന്ന സ്ഥാപനം ഒരു പ്രത്യേക കരാറിൽ ഒപ്പിടുന്നു. കരാറല്ല മറിച്ച് ആശ്ചര്യകരമായ ഒരു എം.ഒ.യു ആണത്. എം.ഒ.യു ആണെങ്കിൽ പോലും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി അറിയും. ആ സെക്രട്ടറി ജനവിഭവ വകുപ്പിന്റെ അഡീഷ്ണൽ ചീഫ് സെക്രട്ടറിയായ. പി.കെ ജോസ് ആണ്. അദ്ദേഹം കരാറിനെപ്പറ്റിയുള്ള ഒരു കാര്യവും അറിഞ്ഞില്ല. എം.ഒ.യു ഒപ്പുവെച്ചത് ഫെബ്രുവരി രണ്ടാം തീയതിയാണ് എന്നാണ് പറയുന്നത്. ഫെബ്രുവരി ആദ്യം തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ആരംഭിച്ച് കഴിഞ്ഞിരുന്നു. ഒപ്പുവെച്ച കാര്യം യഥാർത്ഥത്തിൽ സർക്കാർ അറിയുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ജാഥ അവസാനിക്കാൻ പോകുന്ന ദിവസത്തിന്റെ തൊട്ടുമുന്നോടിയായി ഈ വിഷയം വിവാദമായി ഉയർത്തി കൊണ്ടുവന്നപ്പോഴാണ് സർക്കാർ അറിയുന്നത്.
സർക്കാർ ഒരു നിമിഷം പോലും സ്തംഭിച്ചു നിന്നില്ല. കാരണം എം.ഒ.യു എന്നത് സർക്കാർ അറിയാത്ത കാര്യമാണ്. സർക്കാർ അറിയാതെ എം.ഒ യു വെക്കാൻ പാടില്ല. ആ എം.ഒ.യു റദ്ദ് ചെയ്യാൻ സർക്കാർ നിർദ്ദേശം കൊടുത്തു. മാത്രമല്ല എ.ഒ.യു വെക്കാനിടയായ സാഹചര്യം എന്ത് എന്നതിനെക്കുറിച്ച് പരിശോധിക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതൊക്കെ വിവാദമായപ്പോൾ ഒരു മാധ്യമപ്രവർത്തക ഈ പറയുന്ന സ്ഥാപനത്തിന്റെ എം.ഡിയെ വിളിച്ചു എന്നുപറയുന്നു. അവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി എന്ന പരാതിയും വന്നിരിക്കുകയാണ്. അതും പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. സർക്കാർ കൃത്യമായ നിർദ്ദേശം കൊടുത്ത് കെ.എസ്.എ ഡി.സിയുമായി ഉണ്ടാക്കിയെന്ന് പറയുന്ന ധാരണ അതും റദ്ദ് ചെയ്തു. സർക്കാരിന് കൃത്യമായി നയമുണ്ട്. അതിന് വിരുദ്ധമായി ഏതൊ ചില നിലകളുടെ ഭാഗമായി ഒരു ഒപ്പിടൽ നാടകം നടന്നു. അതാണ് എം.ഒ.യു നാടകം. ശ്രദ്ധയിൽപെട്ട ഉടനെ റദ്ദ് ചെയ്തു. തുടർ നടപടിയും എടുത്തു. മുഖ്യമന്ത്രി വ്യക്തമാക്കി