
national
പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീപ്പിടിത്തം: അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഉണ്ടായ തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് നാളെ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ സന്ദർശനം നടത്തുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ തീപ്പിടിത്തമുണ്ടായ നിലയിൽ കോൺട്രാക്ടറുടെ ആളുകളാണ് ജോലി ചെയ്തിരുന്നത്. തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ കണ്ടത് കത്തിക്കരിഞ്ഞ നിലയിലുളള അഞ്ചുമൃതദേഹങ്ങളാണ്. മരിച്ചവരിൽ രണ്ടുപേർ യു.പിയിൽ നിന്നുളളവരാണ്. പുണെയിൽ നിന്നുളള രണ്ടുപേരും ബിഹാറിൽ നിന്നുളള ഒരാളും മരിച്ചവരിൽ പെടുന്നു. കോവിഡ് പ്രതിരോധ വാക്സിൻ ഉല്പാദനത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ല. എനിക്ക് ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് റോട്ടാവൈറസ് വാക്സിൻ നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് സർക്കാർ- അജിത് പവാർ പറഞ്ഞു.
നിലവിൽ ആളുകളെ രക്ഷിക്കുക എന്നുളളതാണ് പ്രധാനമെന്നും നഷ്ടം സംബന്ധിച്ചുളള കണക്കെടുപ്പ് പിന്നീട് നടത്തുമെന്നുമാണ് സിറം സി.ഇ.ഒ. അദാർ പൂനാവാല അറിയിച്ചത്. തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി എന്നിവർ തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്.