Headlines
Loading...
‘കര്‍ഷകരെ ആക്രമിച്ച് പ്രധാനമന്ത്രി ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നു’; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

‘കര്‍ഷകരെ ആക്രമിച്ച് പ്രധാനമന്ത്രി ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നു’; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. കര്‍ഷകരെ ആക്രമിച്ച് പ്രധാനമന്ത്രി ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നതായി രാഹുല്‍ ആഞ്ഞടിച്ചു. കര്‍ഷകസമരം പൊളിക്കുന്നതിനായി പ്രതിഷേധിക്കുന്ന കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിനുതൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കര്‍ഷകര്‍ക്കെതിരായ അക്രമം പൊറുക്കാനാകില്ലെന്നും കര്‍ഷകര്‍ ഇതുകൊണ്ടൊന്നും മടങ്ങിപ്പോകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷികനിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്നും അത് ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സിംഘു അതിര്‍ത്തിയില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ശക്തമായി അപലപിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കയറ്റിവിട്ടത് എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ആഭ്യന്തരമന്ത്രാലയമാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകസമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. കര്‍ഷകരുടെ വിശ്വാസമാണ് രാജ്യത്തിന്റെ മൂലധനമെന്നും ആ വിശ്വാസം തകര്‍ക്കുന്നത് കുറ്റകൃത്യമാണെന്നും പ്രിയങ്ക പ്രതികരിച്ചു. കര്‍ഷകരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് കൊടുംപാതകമാണ്. കര്‍ഷകരെ ആക്രമിക്കുന്നത് രാജ്യത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇനിയും രാജ്യത്തെ ദുര്‍ബലപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിയ്ക്ക് താക്കീത് നല്‍കിക്കൊണ്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്.

കര്‍ഷക സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം  ഉടലെടുത്തത്. കര്‍ഷക സമരത്തിനെതിരെ വന്ന ഒരുസംഘം ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷക സമരം നടക്കുന്ന പ്രദേശത്തേക്ക് കടന്നു. പൊലീസിന് പ്രതിഷേധക്കാരെ തടയാന്‍ കഴിയാതെ വന്നതാടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്കെത്തിയത്.

കര്‍ഷക സമരത്തിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പിന്നാലെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റിപബ്ലിക് ദിനത്തില്‍ ദേശിയ പതാകയെ അപമാനിച്ചു. ഇവരെ ഇവിടെ തുടരാന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. 200 പേരടങ്ങുന്ന സംഘമാണ് സിംഘുവില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കല്ലേറുണ്ടായി.