Headlines
Loading...
കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ; കേരളം അടുത്തഘട്ട വിതരണത്തിനും സജ്ജം- ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ; കേരളം അടുത്തഘട്ട വിതരണത്തിനും സജ്ജം- ആരോഗ്യമന്ത്രി


കണ്ണൂർ: ഇന്നത്തെ വാക്സിൻ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളും ഉൾപ്പെടെ 133 കേന്ദ്രങ്ങളിലാണ് കേരളത്തിൽ വാക്സിനേഷൻ ആരംഭിക്കുന്നത്.


ആദ്യഘട്ടത്തിലെ വാക്സിൻ വിതരണം ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതാണെന്നും രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് വാക്സിൻ ലഭിക്കുകയെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

അടുത്തഘട്ടത്തിൽ വാക്സിൻ നൽകുന്നത് പോലീസുകാർ, അങ്കൺവാടി വർക്കർമാർ, വളണ്ടിയർമാർ ഉൾപ്പെടെയുള്ള മുൻഗണന പ്രവർത്തകർക്കു വേണ്ടിയാണ്. തൊട്ടുപിന്നാലെ 60 വയസ്സിനു മുകളിലുള്ളവർക്കും 50 വയസ്സിനു മുകളിലുള്ള മറ്റ് അസുഖങ്ങളുള്ള ആളുകൾക്കും വാക്സിൻ നൽകും. വാക്സിൻ കേന്ദ്രത്തിൽനിന്ന് കിട്ടുന്നതിന് അനുസരിച്ച് തുടർച്ചയായി കൊടുത്തു കൊണ്ടിരിക്കുമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

വാക്സിൻ ഉത്പാദിപ്പിച്ചു കിട്ടുന്നതിന്റെയും കേന്ദ്രത്തിന്റെ ക്വാട്ട അനുവദിച്ചു കൊടുക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് വാക്സിൻ വിതരണം. വാക്സിൻ വന്നുകഴിഞ്ഞാൽ ഇത്തരം വൈറസുകളെ കീഴടക്കാൻ സാധിക്കും. അടുത്ത ഘട്ടം വാക്സിൻ വിതരണത്തിനും കേരളം പൂർണമായും തയ്യാറാണെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ് വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജൻസികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എൻ.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷൻ യാഥാർത്ഥ്യമാക്കുന്നത്.

സംസ്ഥാനത്തെ കോവിഡ്-19 വാക്സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നുവെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.


വാക്സിനേഷൻ കേന്ദ്രം ഇപ്രകാരം

ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും വെയിറ്റിങ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക. വാക്സിനേഷനായി അഞ്ച് വാക്സിനേഷൻ ഓഫീസർമാർ ഉണ്ടാകും.

വാക്സിൻ എടുക്കാൻ വെയിറ്റിങ് റൂമിൽ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ നടത്തും. പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ്, എൻ.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും.


ക്രൗഡ് മാനേജ്മെന്റ്, ഒബ്സർവേഷൻ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കുന്നതാണ്. വാക്സിനേറ്റർ ഓഫീസറാണ് വാക്സിനേഷൻ എടുക്കുന്നത്.

നൽകുന്നത് 0.5 എം.എൽ. കോവീഷീൽഡ് വാക്സിൻ

ഓരോ ആൾക്കും 0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നൽകുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.


ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തിൽ നിന്നും 100 പേർക്കാണ് വാക്സിൻ നൽകുന്നത്. രാവിലെ 9 മണി മുതൽ 5 മണിവരെയാണ് വാക്സിൻ നൽകുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിൻ തുടങ്ങുക. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്സിൻ എടുക്കാൻ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവർ വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിൻ നൽകാൻ ഒരാൾക്ക് 4 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ സമയമെടുക്കും.

ഒബ്സർവേഷൻ നിർബന്ധം


വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.

10 ശതമാനം വേസ്റ്റേജ്

കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് വാക്സിനേഷനിൽ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിൻ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്സിന്റെ പകുതി സ്റ്റോക്ക് ചെയ്യാൻ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉടൻ ലഭിക്കുന്ന ബാക്കി വാക്സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.