
കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രനിര്‍ദേശം തള്ളി കര്‍ഷകര്‍
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്നും കർഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചർച്ച നടത്താമെന്നുമുള്ള കേന്ദ്രസർക്കാർ നിർദേശം തള്ളി കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കുന്നതു വരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി തീരുമാനിച്ചു.
ബുധനാഴ്ച കർഷകരുമായി നടന്ന പത്താംവട്ട ചർച്ചയിലാണ് കേന്ദ്രം ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ ഉടൻ മറുപടി നൽകാൻ കർഷക സംഘടനകൾ തയ്യാറായില്ല. കൂടിയാലോചനകൾക്കു ശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്. തുടർന്ന് ഇന്ന് സംയുക്ത കിസാൻ മോർച്ച യോഗം ചേരുകയായിരുന്നു.
മൂന്ന് കാർഷിക നിയമങ്ങളും പൂർണമായി പിൻവലിക്കണമെന്നും എല്ലാ കർഷകർക്കും പ്രയോജനകരായ രീതിയിൽ താങ്ങുവില ഏർപ്പെടുത്തണമെന്ന ആവശ്യം ആവർത്തിക്കുകയാണെന്നും സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ പറഞ്ഞു. സമരം നടക്കുന്ന സിംഘു അതിർത്തിയിൽ ആയിരുന്നു യോഗം.