
election 2021
kerala
സിപിഐഎം മന്ത്രിമാരെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനം; ഒരാളുടെ കാര്യത്തില്‍ അനിശ്ചിതത്വം
നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിസഭയിലെ ഭൂരിഭാഗം സിപിഐഎം അംഗങ്ങളെയും വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനം. പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎമ്മിന്റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തനമികവില്‍ പിന്നിലായ ഒരു മന്ത്രിയുടെ കാര്യത്തില്‍ മാത്രമാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ഈ മന്ത്രിയെ സംഘടനാരംഗത്തേക്ക് മാറ്റാനാണ് പാര്‍ട്ടി തീരുമാനം.
രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചവരെ മാറ്റിനിര്‍ത്തുന്നതാണ് സിപിഐഎം രീതി. എന്നാല്‍ ഇത്തവണ ആ മാനദണ്ഡം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ആവര്‍ത്തിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും യുവ പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള ആലോചനയില്‍ കൂടിയാണ് സിപിഐഎം. ഇതിന്റെ ഭാഗമായി പല മണ്ഡലങ്ങളിലും ഡിവൈഎഫ്ഐ നേതാക്കളെ പരിഗണിക്കുന്നുണ്ട്. ശക്തികേന്ദ്രങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സിപിഐഎം തീരുമാനം.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകളൊന്നും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ല. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തോടെ ചര്‍ച്ചകള്‍ ആരംഭിക്കും. 27ന് മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ യോഗവും തിരുവനന്തപുരത്ത് നടക്കും. ജോസ് കെ മാണി വിഭാഗത്തിന് ആറും ലോക് താന്ത്രിക ജനതാദളിന് നാലു സീറ്റുകളും നല്‍കാനാണ് തീരുമാനം.