
national
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാന്റിൽ തീപിടുത്തം
മുംബൈ: കോവിഡ് വാക്സിനടക്കം നിർമിക്കുന്ന പ്രമുഖ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റിൽ തീപ്പിടിത്തം. പുണെയിലെ മഞ്ച്രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം.
ടെർമിനൽ-I-ൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിയാണ് തീപ്പിടിത്തമുണ്ടായത്. ഇത് മറ്റു നിലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തിന്റെ യഥാർഥകാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
അതേസമയം, വാക്സിനുകളും വാക്സിൻ നിർമാണ പ്ലാന്റും സുരക്ഷിതമാണെന്നാണ് വിവരം. കോവിഡ് വാക്സിൻ നിർമിക്കുന്ന പ്ലാന്റിലല്ല തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. റോട്ടാവൈറസ് വാക്സിനും ബി.സി.ജി. വാക്സിനുമാണ് ഈ പ്ലാന്റിൽ നിർമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.