Headlines
Loading...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; പ്രസിഡണ്ടിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അകാലിദള്‍ ഉള്‍പ്പെടെ 16 പ്രതിപക്ഷ കക്ഷികള്‍

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; പ്രസിഡണ്ടിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അകാലിദള്‍ ഉള്‍പ്പെടെ 16 പ്രതിപക്ഷ കക്ഷികള്‍

പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തില്‍ പ്രസിഡണ്ട് രാംനാഥ് കോവിന്ദിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് ശിരോമണി അകാലി ദള്‍. വിവാദ കാര്‍ഷിക നിയമത്തിലെ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രസിഡണ്ടിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് ഇതിനകം കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ഉള്‍പ്പെടെയുള്ള 16 ഓളം പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ശിരോമണി അകാലി ദളും രംഗത്തെത്തിയത്. ആംആദ്മി സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച്ചയാണ് ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭകളേയും രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്ത ശേഷം സഭകള്‍ വെവ്വേറെ ചേരും.

തിങ്കളാഴ്ച്ചയാണ് പൊതുബജറ്റ് അവതരിപ്പിക്കുക. പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷക നിയമങ്ങളെ ജനാധിപത്യപരമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപി ഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചിരുന്നു.

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് നേരത്തെ കേന്ദ്രഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ ഹര്‍സിമ്രത്ത് കൗര്‍ രാജിവെച്ചിരുന്നു. തുടക്കത്തില്‍ നിയമങ്ങളെ പിന്തുണച്ച ശിരോമണി അകാലി ദള്‍ പിന്നീട് എതിര്‍പ്പ് അറിയിക്കുകയും എന്‍ഡിഎ സഖ്യം വിടുകയുമായിരുന്നു.