Headlines
Loading...
വാർത്തകൾ പ്രഭാതത്തിൽ NEWS CLICK

വാർത്തകൾ പ്രഭാതത്തിൽ NEWS CLICK

🔳തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരത്തെത്തുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.

🔳കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങളോടുളള അതൃപ്തി വ്യക്തമാക്കിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍.

🔳കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍നിന്നുള്ള കലാകാരന്‍മാരും രംഗത്തെത്തിയിരുന്നു.


🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് ബില്‍ക്കിസ് ദാദിയെ സിംഘു അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. ഇവരെ പിന്നീട് പോലീസ് കരുതല്‍ തടങ്കലിലാക്കി.

🔳കര്‍ഷക നിയമത്തിനെതിരേ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കര്‍ഷകരെ പിന്തുണച്ച് കൊണ്ട് സംസാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ട്രൂഡോ. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം അനാവശ്യമെന്ന് ഇന്ത്യ. വിഷയത്തില്‍ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

🔳കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരസ്യ പ്രതികരണത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയോട് പ്രതികരിക്കാതെ ധനമന്ത്രി തോമസ് ഐസക്. ഇനി പറയാനുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നും പരസ്യമായി ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക്.

🔳പെരിയ ഇരട്ട കൊലക്കേസിന്റെ അന്വേഷണം സി ബി ഐ യ്ക്ക് കൈമാറിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി ബി ഐ യ്ക്ക് അടിയന്തിരമായി കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

🔳ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

🔳തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന പാവ മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലിയെന്നും ചെന്നിത്തല.

🔳ബിജു രമേശിന് രമേശ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്. തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജു രമേശ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടീസയച്ചത്.

🔳സംസ്ഥാനത്ത് ഇന്നലെ 58,809 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2270 ആയി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,092 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവകരുടെ ജില്ല തിരിച്ചുള്ള കണക്ക് :  മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന്‍ (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി സുകുമാരന്‍ (69), എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ് (62), പോത്തനിക്കാട് സ്വദേശിനി സൈനബ ഹനീഫ (70), തൃശൂര്‍ നെല്ലങ്കര സ്വദേശി അജികുമാര്‍ (40), ചൊവ്വൂര്‍ സ്വദേശി ജോഷി (53), കുന്നംകുളം സ്വദേശി ചിന്നസ്വാമി (70), കോടന്നൂര്‍ സ്വദേശി അന്തോണി (68), മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി (60), വേങ്ങര സ്വദേശി ഇബ്രാഹീം (71), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അലി (85), ഇരിഞ്ഞല്‍ സ്വദേശി തങ്കച്ചന്‍ (65), ഇടിയാങ്കര സ്വദേശി ഇ.വി. യഹിയ (68), പേരാമ്പ്ര സ്വദേശിനി പാറു അമ്മ (92), വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യന്‍ (68), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി ബീവി (67), പൂക്കോട് സ്വദേശി ശ്രിധരന്‍ (69)

🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 501 ഹോട്ട് സ്‌പോട്ടുകള്‍.

🔳നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പോലീസ് റെയ്ഡ്. ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ്.

🔳നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

🔳ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 1000 ത്തില്‍ നിന്ന് 2000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നാളെ മുതല്‍ ബുക്കിങ് ആരംഭിക്കും.  ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു.

🔳കോവിഡ് ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍. 800 രൂപയാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാരും ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് 800 രൂപയാക്കി കുറച്ചിരുന്നു.

🔳രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ.

🔳ബോളിവുഡ് താരം ഊര്‍മിള മാംതോഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊര്‍മിള ശിവസേന അംഗത്വമെടുത്തത്. ശിവസേന അവരെ പാര്‍ട്ടി വക്താവായി നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലില്‍നിന്ന് രാജ്യം കരയറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. നവംബറില്‍ ജിഎസ്ടിയിനത്തില്‍ 1,04,963 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷന്‍ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഉയര്‍ന്ന വരുമാനം. .

🔳ഇന്ത്യയില്‍ ഇന്നലെ 36,130 കോവിഡ് രോഗികള്‍. മരണം 489. ഇതോടെ ആകെ മരണം 1,38,148 ആയി, ഇതുവരെ 94.99 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.27 ലക്ഷം രോഗികള്‍. 89.31 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,930 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 4,006 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,315 പേര്‍ക്കും കര്‍ണാടകയില്‍ 1330 പേര്‍ക്കും ആന്ധ്രയില്‍ 685 പേര്‍ക്കും തമിഴ്നാട്ടില്‍ 1404 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ 5,28,843 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,57,695 പേര്‍ക്കും ബ്രസീലില്‍ 50,509 പേര്‍ക്കും തുര്‍ക്കിയില്‍ 30,110 പേര്‍ക്കും റഷ്യയില്‍ 26,402 പേര്‍ക്കും രോഗം ബാധിച്ചു. 11,205 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2356 പേരും ഇറ്റലിയില്‍ 785 പേരും ബ്രസീലില്‍ 652 പേരും ഇംഗ്ലണ്ടില്‍ 603 പേരും റഷ്യയില്‍ 569 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 6.41 കോടി കോവിഡ് രോഗികളും 14.85 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോണ്‍ഡ്രേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഹെര്‍നാന്‍ സന്റാന മൂന്നാം ഗോള്‍ നേടി.

🔳സിഡ്നിയിലെ ആദ്യ രണ്ട് തോല്‍വികളോടെ ഏകദിന പരമ്പര കൈവിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരയില്‍ മാനം കാക്കാനുള്ള പോരാട്ടത്തിന് ഓസ്ട്രേലിയക്കെതിരെ നാളെ ഇന്നിറങ്ങുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും നാണംകെട്ട തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ പരമ്പരയിലെ അവസാന മത്സരത്തിലെങ്കിലും ജയിച്ച് ആശ്വാസജയം സ്വന്തമാക്കാനാണ് കോലിയും സംഘവും ഇറങ്ങുന്നത്.

🔳രാജ്യത്തെ വിരമിച്ച സൈനികര്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്പ്കാര്‍ട്ട് രംഗത്ത്. വിരമിച്ച സൈനികര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് കമ്പനി പ്രധാനമായും ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ടും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്മെന്റ് ഓര്‍ഗനൈസേഷനുമായി സംയുക്തമായ തിരഞ്ഞെടുക്കുന്ന കരസേനയില്‍ നിന്നും വിമരമിച്ച സൈനികര്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുകയാണ് പ്രധാന ലക്ഷ്യം. ഫ്ളിപ്പ് മാര്‍ച്ച് എന്ന പേരിലാണ് പുതുക്കിയ പദ്ധതി കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.

🔳ജന്‍ ധന്‍ അക്കൗണ്ടുകളും സര്‍ക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫറും ഗ്രാമങ്ങളില്‍ എടിഎം ഉപയോഗം വര്‍ധിക്കാന്‍ കാരണമായി. 2014 ല്‍ വെറും രണ്ട് ശതമാനമായിരുന്ന എടിഎം ഉപയോഗം ഇപ്പോള്‍ 12 ശതമാനത്തിലെത്തി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്തെ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു. 2020 സെപ്തംബറില്‍ 86 കോടിയാണ് ഗ്രാമങ്ങളിലെ ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം. ഇതില്‍ തന്നെ 30 കോടിയോളം പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന വഴിയുള്ള റുപേ കാര്‍ഡുകളാണ്.

🔳പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാള ചിത്രം 'പിപ്പലാന്ത്രി' റിലീസിനൊരുങ്ങി. സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതനായ ഷോജി സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം. സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

🔳ഇലക്ഷന്‍ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത്, 'മെമ്പര്‍ രമേശന്‍ 9-ാംവാര്‍ഡ്' എന്ന  മലയാള സിനിമയുടെ പ്രൊമോഷണല്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ് . ബോബന്‍ ആന്‍ഡ് മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ നവാഗതരായ ആന്റോ ജോസ് പെരേര-എബി ട്രീസ പോള്‍ എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, ഇന്ദ്രന്‍സ്, മാമുക്കോയ, സാബുമോന്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, രണ്‍ജി പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണിത്.

🔳ഥാര്‍ എസ്യുവിയുടെ പുതിയ വിലകള്‍  മഹീന്ദ്ര ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ 9.80 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്.  വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 20,000 ബുക്കിംഗുകള്‍ നേടിയിരുന്നു. വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം 2000 യൂണിറ്റാണ്. ബുക്കിങ്ങ് ഉയര്‍ന്നതോടെ ജനുവരി മാസം മുതല്‍ ഉത്പാദന ശേഷി 3000 ആയി ഉയര്‍ത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചിരുന്നു.

🔳കുത്തിക്കുറിക്കലുകളില്‍ നിന്ന് ചരിത്രത്തിലേക്കുള്ള ചിറകുകള്‍ തുന്നുകയാണ് തുഴയില്ലാ കടലാസുതോണിയിലെ യാത്രക്കാരന്‍. ചിന്തകളില്‍ വിരിഞ്ഞ വസന്തകാലത്തെ കോര്‍ത്തുവെക്കാനൊരിടമാണിത്. 'തുഴയില്ലാ കടലാസു തോണി'. അഷറഫ് പുഴങ്കരയില്ലത്ത്. മഴത്തുള്ളി പബ്ളിക്കേഷന്‍സ്. വില 95 രൂപ.

🔳മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടകളില്‍  കോവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. എങ്കില്‍പ്പോലും രോഗം വരാതെ കുട്ടികളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയുമാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കുറവോ അല്ലെങ്കില്‍ വ്യത്യസ്തമോ ആണ്.  ഇന്‍ഫെക്ഷന്റെ തോത് കുട്ടികളില്‍ കുറവായിരിക്കും. യുകെ യിലെ ഒരു സംഘം ഗവേഷകര്‍ കോവിഡ് 19 കുട്ടികളില്‍ എങ്ങനെയൊക്കെ ബാധിക്കപ്പെടാമെന്നതു സംബന്ധിച്ച് പഠനം നടത്തി. കോവിഡ് പിടിപെട്ട  ഇരുന്നോറോളം  കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളിലും രോഗത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. സാധാരണ കോവിഡ് 19 ന്റെ ലക്ഷണങ്ങളായ തൊണ്ട വേദന, ചുമ എന്നിവ കുട്ടികളില്‍ പൊതുവേ കാണപ്പെടുന്നില്ല എന്ന് ഈ പഠനം പറയുന്നു. എന്നാല്‍ ഈ പഠനത്തില്‍ പങ്കെടുത്ത 54% കുട്ടികളിലും പനി ഉണ്ടായതായി കണ്ടെത്തി. ഇത് മുതിര്‍ന്നവരിലും കണ്ടെത്തുന്ന ഒരു ലക്ഷണമാണ്. ഉന്മേഷമില്ലായ്മ, ക്ഷീണം എന്നീ ലക്ഷണങ്ങളും കുട്ടികളില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ കോവിഡില്‍ മറ്റൊരു പ്രധാന ലക്ഷണമാണ് തലവേദന. കഠിനമായ തലവേദനയെ അനുഭവപ്പെടുന്നതായി കുട്ടികള്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. അതുപോലെ മുതിര്‍ന്നവരില്‍ കാണപ്പെടുന്ന രോഗലക്ഷണമായ ഗന്ധം നഷ്ടമാകല്‍ കുട്ടികളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, തടിപ്പുകള്‍ എന്നിവയും കുട്ടികളില്‍ കോവിഡ് രോഗലക്ഷണമായി കണ്ടെത്തിയിട്ടുണ്ട്.  

*ശുഭദിനം*
*കവിത കണ്ണന്‍*
ആരേയും മുഖസ്തുതിയില്‍ വീഴ്ത്തുന്ന ഒരാളുണ്ടായിരുന്നു ആ നാട്ടില്‍.  പക്ഷേ, ചക്രവര്‍ത്തിയുടെ അടുത്തുമാത്രം അതു നടന്നില്ല.  ഒരു ദിവസം അയാള്‍ ചക്രവര്‍ത്തിയോട് പറഞ്ഞു: ഒരു മുഖസ്തുതിയിലും വീഴാത്ത ഒരേയൊരാള്‍ മാത്രമേ ഈ നാട്ടിലുള്ളൂ.  അതു താങ്കളാണ്.   ആ വാക്കുകളില്‍ ചക്രവര്‍ത്തി വീണു!   സ്തുതിപാഠകരുടെ പ്രകീര്‍ത്തനങ്ങള്‍  കാഴ്ച നിരോധിക്കും.  കേള്‍വി ഇല്ലാതാക്കും.  ഇത് കേള്‍ക്കുന്നത് പതിവായിക്കഴിഞ്ഞാല്‍  പിന്നെ ഒഴിവാക്കാന്‍ പറ്റാതെയാകും.  മുഖസ്തുതിയില്‍ വീണാല്‍ പിന്നെ സത്യമെന്തെന്നോ മിഥ്യയെന്തെന്നോ ആരും അന്വേഷിക്കാറില്ല.  പ്രീണിപ്പിക്കുന്നവരെ പ്രീതിപ്പെടുത്തുക എന്നതു മാത്രമാണ് അവരുടെ ശരി.  സ്തുതിപാഠകര്‍ക്ക് ചില സ്വഭാവവിശേഷങ്ങളുണ്ട്.  അവരെപ്പോഴും അധികാരകേന്ദ്രത്തോട് ചേര്‍ന്നുനില്‍പ്പുണ്ടാകും.  അവര്‍ ആശയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ ആളുകളെക്കുറിച്ചായിരിക്കും സംസാരിക്കുക.  അന്യരുടെ കുറവുകളായിരിക്കും അവരുടെ ആഹാരം.  ബഹുമതികിട്ടാന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും അവര്‍ മുന്‍പന്തിയിലൂണ്ടാകും.  എന്നാല്‍ കഠിനാധ്വാനം വേണ്ടയിടങ്ങളില്‍ നിന്നെല്ലാം അവര്‍ ആരുമറിയാതെ അപ്രത്യക്ഷരാകുകയും ചെയ്യും.  തങ്ങള്‍ക്ക് ചുറ്റും കറങ്ങിത്തിരിയുന്നവരെയല്ല, കര്‍മ്മരംഗത്ത് നിയോഗിക്കപ്പെട്ടവരേയും വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരെയുമാണ് അധികാരികള്‍ അന്വേഷിക്കേണ്ടതും അംഗീകരിക്കേണ്ടതും.  പറയുന്നതിന്റെ മനോഹാരിതയേക്കാള്‍, പ്രവൃത്തിക്കുന്നതിന്റെ ഗുണമേന്മയ്ക്കനുസരിച്ച് ആളുകളെ വിലമതിക്കാന്‍ നമുക്കാകട്ടെ - ശുഭദിനം.