Headlines
Loading...
ഒന്നാംഘട്ടം തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്; 72.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

ഒന്നാംഘട്ടം തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്; 72.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലേക്ക് നടന്ന ഒന്നാം ഘട്ടം തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിപ്പിച്ചപ്പോള്‍ 72.24 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 76.67 ശതമാനം പേര്‍ ജില്ലയില്‍ വോട്ട് ചെയ്തു. തിരുവനന്തപുരത്താണ് കുറവ് പോളിംഗ്. 69.22 ശതമാനം പേരാണ് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്. കൊല്ലം 73, പത്തനംതിട്ട 69.48, ഇടുക്കി 74.17 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം.

കോവിഡ് ആശങ്കകള്‍ വോട്ടിംഗിന് തടസമായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയപ്പോള്‍ പലയിടത്തും നീണ്ട വരികള്‍ കാണാനായി. ഉച്ചയോടെതന്നെ 50 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തിരുന്നു. പലയിടത്തും ആളകലമോ കോവിഡ് നിയന്ത്രണങ്ങളോ പാലിക്കപ്പെട്ടതുമില്ല. ചിലയിടങ്ങളില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് പോളിംഗ് തടസപ്പെട്ടു.

അതേസമയം, കൊല്ലത്ത് സിപിഎമ്മിന്റെ ചിഹ്നമുളള മാസ്‌ക് ധരിച്ചതിന് പ്രിസൈഡിംഗ് ഓഫീസറെ മാറ്റി. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്ബര്‍ ബൂത്തിലായിരുന്നു സംഭവം. കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥയെ മാറ്റിയത്. ആലപ്പുഴയില്‍ ബൂത്തില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന പാര്‍ട്ടികളുടെ പരാതിയെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റിനെ ബൂത്തില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തിലായിരുന്നു സംഭവം,

മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിം?ഗ് ഓഫിസര്‍ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.

വോട്ടെടുപ്പിനിടെ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്ബില്‍ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ മഹാദേവി കാട് സ്വദേശിയായ ബാലന്‍ എന്നിവരാണ് മരിച്ചത്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വോട്ടിംഗിനിടെ കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതൊഴിച്ചാല്‍ സമാധാനപരമായാണ് വോട്ടിംഗ് അവസാനിച്ചത്.