Headlines
Loading...
NEWS CLICK 18 NOV 2020

NEWS CLICK 18 NOV 2020

ലൈവ് ടുഡേ മലയാളം സ്ഥാപകനും എം ടി അബ്ദുൾ നാസർ യുകെയുടെ മകനുമായ മുഹമ്മദ് ഷാഹിം യുകെക്ക് അഭിനന്ദനങ്ങൾ (റെക്കോർഡ് ലഭിച്ചത് ലൈവ് ടുഡേ മലയാളത്തിൽ 2000 വാർത്തകൾ പ്രസിദ്ധീകരിച്ചതിന്)



🔳യുഡിഎഫും ബിജെപിയും സിഎജിയെ കൂട്ടുപിടിച്ച് കിഫ്ബിയ്ക്ക് എതിരെ നീങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് . യുഡിഎഫ് കാലത്ത് നടത്തിയത് പോലെ വായ്പ എടുത്താണ് എല്‍ഡിഎഫും വികസനം നടത്തുന്നത്. അന്നാരും എതിര്‍ത്തില്ല. സിഎജി അല്ല ഏത് കൊലകൊമ്പന്‍ വന്നാലും വികസനം തടയാന്‍ കഴിയില്ല.  ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെ ആണ് എന്നും മന്ത്രി പറഞ്ഞു.

🔳സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന് പറഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാര്‍ത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. അപ്പോള്‍ വീണ്ടും നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്. തുടര്‍ച്ചയായി പച്ചക്കള്ളം പറയുന്ന മന്ത്രി രാജി വയ്ക്കണമെന്നും ചെന്നിത്തല.

🔳ധനമന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും.  ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വന്തം തെറ്റ് മറച്ചുവയ്ക്കാനാണ് ഐസക്കിന്റെ ശ്രമം. കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ തോമസ് ഐസക്കാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳ഇടത് സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ നീക്കം ആസൂത്രിതമാണെന്ന് സിപിഎം നേതാവ് എം എ ബേബി. തുടര്‍ഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പില്‍ തയാറാക്കിയ പദ്ധതിയാണ് ഇത്. സിഎജി റിപ്പോര്‍ട്ട് ആണ് കേരളത്തിന്റെ അവകാശം ലംഘിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

🔳എന്‍ഫോഴ്സ്മെന്റ് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതള്ളി. ശിവശങ്കറിന് ജാമ്യമില്ലെന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതേ സമയം ലൈഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. ജയിലിലെത്തി ശിവശങ്കറെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുള്ള വിജിലന്‍സിന്റെ അപേക്ഷ ഇന്നലെ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് അംഗീകരിച്ചത്.

🔳സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് സമ്മതിച്ചെന്ന മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമര്‍ശം. ശിവശങ്കര്‍ കുറ്റക്കാരന്‍ ആണെന്നോ അല്ലെന്നോ പറയാന്‍ കഴിയാത്ത സാഹചര്യമാണ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലായതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

🔳മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് എന്‍സിബി സംഘം ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.

🔳കേരളത്തില്‍ ഇന്നലെ 56,157 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1915 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96

🔳കോവിഡ് ബാധിച്ച മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി സുകുമാരന്‍ (85), ശാസ്തമംഗലം സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (83), ആനയറ സ്വദേശിനി അമ്മുക്കുട്ടി (78), കല്ലാട്ടുമുക്ക് സ്വദേശിനി കുല്‍സുബീവി (55), നേമം സ്വദേശിനി റഷീദ (43), കൊല്ലം കരൂര്‍കടവ് സ്വദേശി രസക് കുഞ്ഞ് (60), ക്ലാപ്പന സ്വദേശിനി ആശ (45), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി സരസമ്മ (72), കോട്ടയം നാഗമ്പടം സ്വദേശി ബേബി (68), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കെ.എം. നബീസ (63), എളമക്കര സ്വദേശി കെ.കെ. പുരുഷന്‍ (74), തൃശൂര്‍ പാമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (79), എടശേരി സ്വദേശി അബ്ദുള്‍ ജലീല്‍ (52), അഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (75), പാലക്കാട് കല്ലേപ്പുള്ളി സ്വദേശി സൗമ്യകുമാരന്‍ (84), മലപ്പുറം പോരൂര്‍ സ്വദേശി സുനില്‍ ബാബു (40), താഴേക്കോട് സ്വദേശിനി ഖദീജ (54), ഇരുമേട് സ്വദേശി മുഹമ്മദ് (73), പൂക്കോട്ടൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ (50), മംഗലം സ്വദേശിനി ഫാത്തിമകുട്ടി (65), ചേര്‍പുളശേരി സ്വദേശിനി നഫീസ (64), കോഴിക്കോട് നടപുരം സ്വദേശി വിജയന്‍ (65), വട്ടോളി സ്വദേശി ചന്ദ്രന്‍ (75), വളയം സ്വദേശി അബ്ദുള്ള (74), തിരുവന്നൂര്‍നട സ്വദേശി വേലായുധന്‍ (90), കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശിനി സുഹറാബി (69), കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (70) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 599 ഹോട്ട് സ്‌പോട്ടുകള്‍.

🔳തദ്ദേശതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. 

🔳തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങി ബിജെപി. സംസ്ഥാന നേതാവും പാര്‍ട്ടി വക്താവുമായ ബി.ഗോപാലകൃഷ്ണനെ മത്സരരംഗത്തിറക്കിയാണ് ബിജെപിയുടെ പോരാട്ടം. തൃശ്ശൂരില്‍ വച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധകൃഷ്ണനാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഗോപാലകൃഷ്ണനെ പ്രഖ്യാപിച്ചത്.

🔳നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍  കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. നവംബര്‍ 19 ന് ബേക്കല്‍ പൊലീസിന് മുന്നില്‍ പ്രദീപിനോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ കാസര്‍കോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

🔳സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. അതേസമയം അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

🔳തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ ജയദേവന്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജി വെച്ചു. സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പാള്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്. രാജി സംബന്ധിച്ച് ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.

🔳കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ ഹോട്ട്സ്പോട്ടായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടച്ചേക്കും. മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ അനുമതി തേടി ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

🔳ജമ്മുകശ്മീരിലെ രാഷ്ട്രീയ സഖ്യമായ പീപ്പിള്‍ അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെതിരെ ആഞ്ഞടിച്ച് അമിത്ഷാ. സഖ്യം ദേശീയ താല്‍പര്യത്തിനെതിരാണെന്ന് അമിത്ഷാ വ്യക്തമാക്കി.വിദേശ ശക്തികളെ കശ്മീരില്‍ ഇടപെടുത്താനാണ് സഖ്യം ശ്രമിക്കുന്നതെന്നും ഗുപകര്‍ സംഘത്തിന് കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നും അമിത്ഷാ തുറന്നടിച്ചു. അമിത് ഷായുടെ ആരോപണം തള്ളിയ കോണ്‍ഗ്രസ്  ദേശീയ താല്‍പര്യമെന്ന പേരില്‍ നുണ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് തിരിച്ചടിച്ചു.

🔳അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ ചൈന മൈക്രോവേവ് ആയുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ പിടിച്ചെടുത്ത രണ്ട് തന്ത്രപ്രധാനമായ ഇടങ്ങളില്‍നിന്ന് ഇടങ്ങളില്‍നിന്ന് സൈനികരെ ഒഴിപ്പിക്കുന്നതിനാണ് ഈ മാര്‍ഗം ചൈന പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍

🔳ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്നും മോദി പറഞ്ഞു. ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണമെന്ന് മോദി പറഞ്ഞു.

🔳കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് ഡബ്ല്യൂ.എച്ച്.ഒ.

🔳ഇന്ത്യയില്‍ ഇന്നലെ 38,478 കോവിഡ് രോഗികള്‍. മരണം 471. ഇതോടെ ആകെ മരണം 1,31,031 ആയി, ഇതുവരെ 89.12 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.46 ലക്ഷം രോഗികള്‍. 83.33 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 6,396 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 2,732 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,654 പേര്‍ക്കും കര്‍ണാടകയില്‍ 1,336 പേര്‍ക്കും ആന്ധ്രയില്‍ 1395 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,652 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,24,409 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്നലെ 1,40,597 പേര്‍ക്കും ഇറ്റലിയില്‍ 32,191 പേര്‍ക്കും  ഇംഗ്ലണ്ടില്‍ 20,051 പേര്‍ക്കും രോഗം ബാധിച്ചു. 10,114 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 1391 പേരും ബ്രസീലില്‍ 632പേരും ഫ്രാന്‍സില്‍ 625 പേരും ഇറ്റലിയില്‍ 731 പേരും  ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.59 കോടി കോവിഡ് രോഗികളും 13.42 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി. ഈ വര്‍ഷം അവസാനം വരെയാണ് ആനുകൂല്യം ലഭിക്കുക. മെയ് 14ന് തുടങ്ങിയ ഹ്രസ്വകാല പൊതുമാപ്പിന്റെ കാലാവധി നവംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടി നല്‍കിയത്.

🔳എടിപി ഫൈനല്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാലിന് തോല്‍വി. ഡൊമിനിക് തീമിനെതിരായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ തോല്‍വി.

🔳അത്‌ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ലാലിഗ മത്സരങ്ങളും താരത്തിന് നഷ്ടമാവും

🔳റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബിന്റെ ആദ്യ ചെയര്‍മാനായി ഇന്‍ഫോസിസിന്റെ മുന്‍ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ധനകാര്യമേഖലയില്‍ സാങ്കേതിക വിദ്യയിലൂന്നിയ നവീകരണത്തിന് ഇന്നൊവേഷന്‍ ഹബ് (ആര്‍ബിഐഎച്ച്) ആരംഭിക്കുമെന്ന് ഓഗസ്റ്റില്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും ആര്‍ബിഐഎച്ചിന്റെ പ്രചവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍ കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററാണ് നിലവില്‍ ക്രിസ് ഗോപാലകൃഷ്ണന്‍.

🔳ഹോള്‍സെയില്‍ കേന്ദ്രീകൃതമായ പണപ്പെരുപ്പം വര്‍ധിക്കുന്നു. ഒക്ടോബറില്‍ റെക്കോര്‍ഡ് നിരക്കിലാണ് ഇത് എത്തിയിരിക്കുന്നത്. 1.48 ശതമാനമാണ് ഈ പണപ്പെരുപ്പം. ഫാക്ടറി ഉല്‍പ്പന്നങ്ങള്‍ ഇതോടെ ചെലവേറിയതായിരിക്കുകയാണ്. സെപ്റ്റംബറില്‍ ഇത് 1.32 ശതമാനമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം ഇത് പൂജ്യം ശതമാനമായിരുന്നു. ഫെബ്രുവരിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഹോള്‍സെയില്‍ പണപ്പെരുപ്പം. ഈ വര്‍ഷം ഫെബ്രുവരിയില്‍ 2.26 ശതമാനമായിരുന്നു ഇത്. ഭക്ഷ്യ പണപ്പെരുപ്പം ഒക്ടോബറില്‍ കുറഞ്ഞിട്ടുണ്ട്. ഇത് 6.37 ശതമാനമാണ്.

🔳വെള്ളത്തിനടിയിലെ ചിത്രീകരണത്തില്‍ ടോം ക്രൂയിസിന്റെ റെക്കോഡ് തകര്‍ത്ത് കേറ്റ് വിന്‍സ്ലെറ്റ്. ഏറ്റവും അധിക നേരം വെള്ളത്തിനടിയില്‍ ശ്വാസം വിടാതെ നിന്ന റെക്കോഡാണ് കേറ്റ് തകര്‍ത്തത്. അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഏകദേശം 7 മിനിറ്റ് 14 സെക്കന്റാണ് കേറ്റ് ശ്വാസം വിടാതെ വെള്ളത്തില്‍ മുങ്ങി കിടന്നത്. മിഷന്‍ ഇംപോസിബിള്‍ റഗ് നേഷന്റെ ചിത്രീകരണത്തിന്റെ ഭാഗമായി  6 മിനിറ്റിലേറെ ടോം ക്രൂയിസ് വെള്ളത്തില്‍ മുങ്ങിയിരുന്നു. ഹോളിവുഡ് സിനിമയിലെ സര്‍വ്വകാല റെക്കോഡായിരുന്നു ഇത്.ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍ 2-വിന്റെയും 3-യുടേയും ചിത്രീകരണം പൂര്‍ത്തിയായി.

🔳മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  നവാഗതയായ രഥീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹര്‍ഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യന്‍, ശ്യാം മോഹന്‍, അര്‍ജുന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

🔳2020 ഒക്ടോബറില്‍ 199 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി. 2019ല്‍ ഇതേ കാലയളവില്‍ 98 യൂണിറ്റ് മാത്രമാണ്  കമ്പനി വിറ്റതെന്നാണ് കണക്കുകള്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ അനുസരിച്ച് പ്രതിമാസ വില്‍പ്പനയില്‍ 103.06 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ ഇംപെരിയാലെ 400-നാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳മരണമെന്ന മഹാസത്യം നിഴല്‍ പോലെ പിന്തുടരുന്ന മനുഷ്യരുടെ കഥ. ശ്മശാനമില്ലാത്ത ഭൂമിയില്‍ നിന്ന് പിഞ്ചുകുഞ്ഞിന്റെ ജഡവും പേറി ഭൂമിയുടെ ഇരുട്ടില്‍ എവിടെയെങ്കിലും അത് മറവ് ചെയ്യാന്‍ ശ്രമിച്ച് പരാജയമടയുന്ന ശിവധര്‍മന്റെ കഥ. 'ഭൂമിശ്മാനം'. ജി.ആര്‍. ഇന്ദുഗോപന്‍. സൈന്ധവ ബുക്സ്. വില 114 രൂപ.

🔳കൊവിഡ് ഭീഷണി ഇനിയും അടങ്ങിയിട്ടില്ല. അതിനാല്‍ പുറത്തുപോകുമ്പോള്‍, അല്ലെങ്കില്‍ യാത്ര ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ. ഈ വിഷയത്തെ കുറിച്ച് നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന- ചീഫ് സൈന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥന്‍. സാമൂഹികാകലം, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, മാസ്‌ക് ധരിക്കുക- ഇത്രയുമാണ് കരുതലെടുക്കേണ്ട മൂന്ന് കാര്യങ്ങള്‍. സാമൂഹികാകലത്തിന് പ്രാധാന്യം കൊടുത്തേ മതിയാകൂ. ഒരാള്‍ മറ്റൊരാളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിച്ചേ പറ്റൂ. ഈ അകലം എത്രയും കൂട്ടാം, അത്രയും നല്ലത്. മാസ്‌ക് ശരിയായി ധരിക്കുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തണം. അതുപോലെ തന്നെ യാത്രയിലാണെന്ന് വച്ച് കൈകളുടെ ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്, എപ്പോഴും ഒരു ആല്‍ക്കഹോള്‍- ബേസ്ഡ്- ഡിസ് ഇന്‍ഫെക്ടന്റ് ബോട്ടില്‍ കൂടെ കരുതുക. യാത്ര ചെയ്യുന്നതോ, അതല്ലെങ്കില്‍ യാത്രാ സംബന്ധമായി കഴിയുന്നതോ ആയ സ്ഥലങ്ങളില്‍ വെന്റിലേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കഴിയുന്നതും അടഞ്ഞ ഇടങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം സമയം ചിലവിടാതിരിക്കണമെന്നും ഡോ. സൗമ്യ ഓര്‍മ്മിപ്പിക്കുന്നു. യാത്ര ചെയ്യുന്നത് ട്രെയിനിലോ ബസിലോ ആകട്ടെ, വെന്റിലേഷനുകള്‍ നിര്‍ബന്ധമായും തുറന്നിടുക. മാസ്‌ക്, അല്‍പനേരത്തേക്കാണെങ്കിലും മുഖത്തുനിന്ന് മാറ്റരുത്. പനി, ചുമ, ജലദോഷം മുതലായ പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും യാത്ര ഒഴിവാക്കുക. അതുപോലെ നിങ്ങള്‍ യാത്ര ചെയ്‌തെത്തുന്ന സ്ഥലത്ത് പ്രായമായവരോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവരുണ്ടെങ്കില്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായ ശേഷം മാത്രം അവരുമായി സമ്പര്‍ക്കം പുലര്‍ത്തുക. 

ശുഭദിനം കവി കണ്ണൻ 

സന്യാസിക്ക് നീണ്ട താടി രോമങ്ങള്‍ ഉണ്ട്.  ഒരു ദിവസം കുറച്ചു കുട്ടികള്‍ അദ്ദേഹത്തോട് ചോദിച്ചു :  അങ്ങ് രാത്രി ഉറങ്ങുമ്പോള്‍ താടി പുതപ്പിനകത്താണോ പുറത്താണോ ഇടുന്നത്.  അപ്പോള്‍ അദ്ദേഹം പറഞ്ഞു:  ഞാന്‍ ഇന്നുവരെ ഇതേക്കുറിച്ച് ആലോചിച്ചിട്ടേയില്ല.  ഇതിനു മറുപടി ഞാന്‍ നാളെ പറയാം.  ജീവിതത്തിലാദ്യമായി,. അന്നു രാത്രിയിലും അദ്ദേഹം അതേകുറിച്ചു മാത്രം ചിന്തിച്ചു.  ആദ്യം താടി അദ്ദേഹം പുതപ്പിനകത്തിട്ടുനോക്കി.  പിന്നെ പുറത്തിട്ടു നോക്കി.  അങ്ങനെ താടി അകത്തും പുറത്തുമിട്ട് അദ്ദേഹത്തി്ന്റെ ഉറക്കവും പോയി   പലപ്പോഴും വലിയ കാര്യങ്ങളല്ല, ഇത്തരം ചെറിയ കാര്യങ്ങളാകും നമ്മുടെ ഉറക്കംകെടുത്തുക.  ഉറങ്ങാന്‍ കഴിയുക എന്നത് ചെറിയകാര്യമല്ല.  ഉറങ്ങാന്‍ കഴിയാതിരിക്കുക എന്നത് പരിഹാരമില്ലാത്ത നഷ്ടമാണ്.  വെട്ടിപ്പിടിച്ച സ്വത്തോ സമ്പാദ്യമോ ആര്‍ക്കും ഉറക്കം സമ്മാനിക്കില്ല.  സ്വസ്ഥമായ ശരീരത്തിലും സന്തുഷ്ടമായ മനസ്സിലും മാത്രമേ ഉറക്കം അനുഗ്രഹമായി എത്തുകയുള്ളൂ.  കര്‍മ്മങ്ങളുടെ മൂല്യ നിര്‍ണ്ണയം നടത്താനുള്ള എളുപ്പമാര്‍ഗ്ഗം ഇതാണ്.  അവയെ ഉറക്കം കെടുത്തുന്നവ, ഉറക്കം നല്‍കുന്നവ എന്നിങ്ങനെ തരം തിരിക്കല്‍.  ചെയ്ത പ്രവൃത്തികള്‍ എത്ര വിശിഷ്ടമാണെന്ന് അവകാശപ്പെട്ടാലും അവ മനസമാധാനം നല്‍കുന്നില്ലെങ്കില്‍ എന്ത് പ്രയോജനം.  ഓരോ ദിവസത്തിനുമൊടുവില്‍ കിടക്കയിലെത്തുമ്പോള്‍ ആ ദിവസത്തേക്കുറിച്ചു ചാരിതാര്‍ത്ഥ്യവും സംതൃപ്തിയുമാണ് ഉള്ളതെങ്കില്‍ പിന്നെ ഉറക്കം നഷ്ടപ്പെടുത്താന്‍ ആര്‍ക്കുമാകില്ല.  ഉറങ്ങാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങളുമായി നടക്കുന്നവരുണ്ട്. ആ ജീവിതത്തിന് ക്രിയാത്മകതയുടേയും കാര്യക്ഷമതയുടേയും മറുവശം കൂടി നമുക്ക് കണ്ടെത്താനാകും.  ഉറക്കം ഒരു ചെറിയകാര്യമല്ല, നമ്മുടെ പ്രവൃത്തികള്‍ മനസ്സാക്ഷിക്കു നിരക്കുന്നതാകട്ടെ, പ്രതീക്ഷയുള്ള പുലരിയിലേക്ക് മിഴിതുറക്കുന്നതാകട്ടെ  - ശുഭദിനം