🔳അധിനിവേശം മാനസികവൈകല്യമാണെന്നും അധിനിവേശ ശക്തികള്‍ 18-ാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ജെയ്‌സാല്‍മറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ചൈനയെ കടന്നാക്രമിച്ചത്. ഇത്തരം ശക്തികള്‍ ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണെന്നും എന്നാല്‍ അതിര്‍ത്തികളില്‍ ഭീഷണിയുണ്ടായാല്‍ രാജ്യത്തെ സൈനികര്‍ തക്ക മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി.
🔳കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാനായി സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററില്‍ പോയി പറഞ്ഞാല്‍ മതിയെന്നും ചെന്നിത്തല.
🔳തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍. വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അതുപരിഹരിക്കുമെന്നും കാനം പറഞ്ഞു. എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐയാണ്. കേരളത്തില്‍ സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും കാനം.
🔳സ്വര്‍ണക്കടത്ത് വിഷയത്തിലും സിഎജിക്കെതിരായ ധനമന്ത്രിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലും സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കുകയാണ് ചെയ്യുന്നത്. കേരളം സിപിഐഎമ്മിന്റെ തറവാട്ടുസ്വത്തല്ല. കേരളത്തിനെതിരായ നടപടിയായി ഇത്തരം കാര്യങ്ങളെ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ ബലിയാടാക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട. കേരളത്തിലെ ജനങ്ങളുടെ പേര് പറഞ്ഞ് തട്ടിപ്പുനടത്താന്‍ ശ്രമിക്കേണ്ടന്നും മുരളീധരന്‍.
🔳മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം പിന്‍മാറിയത് നിര്‍ഭാഗ്യകരം എന്ന് യാക്കോബായ സഭ. മുന്‍പ് നടത്തിയ ചര്‍ച്ചകളുടെ സംക്ഷിപ്തമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പിനെ തള്ളിപ്പറയുകയാണ് ഓര്‍ത്തഡോക്സ് സഭ ചെയ്തിരിക്കുന്നതെന്നും യാക്കോബായ സഭ പറഞ്ഞു.
🔳യുഎഇ കോണ്‍സുലേറ്റ് 9973 കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തുവെന്ന് സാമൂഹിക നീതി വകുപ്പ്. 250 ഗ്രാം വീതം 39,894 പേര്‍ക്ക് നല്‍കി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹിക നീതി വകുപ്പ്.
🔳എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സ്വര്‍ണ-ഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ക്കും. ഇ.ഡി. കേസില്‍ ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ വിധിവരുന്നത് ചൊവ്വാഴ്ചയാണ്.
🔳കേരളത്തില്‍ ഇന്നലെ 61,553 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6357 പേര്‍ക്ക് കോവിഡ്-19. 26 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1848 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107.
🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രന്‍ നായര്‍ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രന്‍ (55), മുതുവിള സ്വദേശി ഗംഗാധരന്‍ (62), റസല്‍പുരം സ്വദേശി സുദര്‍ശനന്‍ (53), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അയ്യപ്പന്‍ പിള്ള (74), കാവനാട് സ്വദേശി സുബയ്യന്‍ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പന്‍ (67), പാലത്തുണ്ടിയില്‍ സ്വദേശി ഷംസുദ്ദീന്‍ (70), കോട്ടയം വേലൂര്‍ സ്വദേശി സെയ്ദ് സുലൈമാന്‍ (54), കോട്ടയം സ്വദേശി വര്‍ക്കി ജോര്‍ജ് (94), തീക്കോയി സ്വദേശി സുഗതന്‍ (68), കോട്ടയം സ്വദേശിനി പപ്പി (82), ചങ്ങനാശേരി സ്വദേശി തങ്കമ്മ ജോസഫ് (70), മൂലേടം സ്വദേശിനി തങ്കമ്മ (62), ഇടുക്കി ചെറുതോണി സ്വദേശി മാത്യു (52), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിനി ദേവയാനി (61), കാലൂര്‍ സ്വദേശി കുഞ്ഞി (90), ചാവക്കാട് സ്വദേശിനി ജുബൈരിയ (62), പറവത്താനി സ്വദേശിനി ലില്ലി (78), ചേറ്റുപുഴ സ്വദേശി വേലായുധന്‍ (78), മലപ്പുറം കവനൂര്‍ സ്വദേശിനി നബീസ (54), തേഞ്ഞിപ്പാലം സ്വദേശിനി രാധാമ്മ (80), കുന്നുമ്മല്‍പൊറ്റി സ്വദേശി അബ്ദുള്‍ അസീസ് (52), വള്ളിക്കുന്ന് നോര്‍ത്ത് സ്വദേശി ഹംസകോയ (69), പീയുംകടവ് സ്വദേശി സിദ്ദിഖ് (68), വാളാഞ്ചേരി സ്വദേശിനി ബീവി (67), എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി . ഇതോടെ സംസ്ഥാനത്ത് ആകെ 609 ഹോട്ട് സ്‌പോട്ടുകള്‍.
🔳ഓണ്‍ലൈന്‍ക്ലാസുകള്‍ക്കിടിയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് ഓണ്‍ലൈനായിട്ടായിരുന്നു ശിശുദിനാഘോഷം.
🔳മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നാളെ മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം.
🔳കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായിരുന്ന ഫൈസല്‍ കാരാട്ട് കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കൊടിയേരി ബാലകൃഷ്ണന്‍ കേരള യാത്രക്കിടെ സഞ്ചരിച്ച വിവാദ മിനി കൂപ്പര്‍ ഫൈസലിന്റേതായിരുന്നു. നിലവില്‍ മറ്റൊരു വാര്‍ഡിലെ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
🔳നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണപ്പെടുത്തിയ സംഭവത്തില്‍ പത്തനാപുരം എംഎല്‍എയും നടനുമായ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണം. ബേക്കല്‍ പോലീസ് ചോദ്യം ചെയ്യലിനായാണ് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി വ്യാജമൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് വിപിന്‍ലാലിന്റെ പരാതി. ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിന്‍ലാലാണ്. ആദ്യം കേസില്‍ പ്രതി ചേര്‍ത്ത വിപിന്‍ലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
🔳രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പരാമര്‍ശത്തിനെതിരെ ശിവസേന. ഇന്ത്യന്‍ നേതാവിനെക്കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശം അരോചകമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യയെക്കുറിച്ച് ഒബാമയുടെ അറിവ് എന്താണെന്നും ഇന്ത്യയിലെ നേതാക്കളെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
🔳മഹാരാഷ്ട്രയില്‍ എല്ലാ ആരാധനാലയങ്ങളും ഭക്തര്‍ക്കായി തിങ്കളാഴ്ച മുതല്‍ തുറന്നുകൊടുക്കുമെന്ന് സര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കും. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കും. മാസ്‌കും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കും. സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
🔳മന്ത്രിസഭാ വികസനത്തെച്ചൊല്ലി ബി.ജെ.പി. യില്‍ അസ്വാരസ്യം പുകയുന്നതിനിടെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി ജെ.ഡി.എസ്. നേതാവും മുന്‍ മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരു നേതാക്കളും 15 മിനിറ്റോളം ചര്‍ച്ച നടത്തിയത്.
🔳ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായി. നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതുമാണ് മലിനീകരണതോത് ഉയരാന്‍ കാരണമായത്.
🔳ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ ചേരി പ്രദേശമായ നിവേദിത പാലിയില്‍ വന്‍തീപിടുത്തം. നിരവധി വീടുകള്‍ അഗ്നിക്കിരയായതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.
🔳ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലടക്കം ഒരു വലിയ പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. എന്നാല്‍ ചെറുകക്ഷികളുമായി ചില നീക്കുപോക്കുകള്‍ക്ക് തയ്യാറാണെന്നും അഖിലേഷ് സൂചിപ്പിച്ചു.
🔳ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഉത്സവകാലം ആക്രമണത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
🔳ഇന്ത്യയില്‍ ഇന്നലെ 41,658 കോവിഡ് രോഗികള്‍. മരണം 449. ഇതോടെ ആകെ മരണം 1,29,674 ആയി, ഇതുവരെ 88.14 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.79 ലക്ഷം രോഗികള്‍. 82.03 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳ഡല്‍ഹിയില്‍ ഇന്നലെ 7,340 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 4,237 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,823 പേര്‍ക്കും കര്‍ണാടകയില്‍ 2,154 പേര്‍ക്കും ആന്ധ്രയില്‍ 1,657 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,912 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 5,68,147 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്നലെ 1,53,294 പേര്‍ക്കും ഇറ്റലിയില്‍ 37,255 പേര്‍ക്കും ഫ്രാന്‍സില്‍ 32,095 പേര്‍ക്കും പോളണ്ടില്‍ 25,571 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,860 രോഗം ബാധിച്ചു. 8,723 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 1,242 പേരും ബ്രസീലില്‍ 727 പേരും മെക്‌സിക്കോയില്‍ 568 പേരും പോളണ്ടില്‍ 548 പേരും ഇറ്റലിയില്‍ 544 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.43 കോടി കോവിഡ് രോഗികളും 13.17 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ശബ്ദം പുറത്ത് വിട്ട് നാസ. ഒരു നെബുലയുടെ 'ശബ്ദ'ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബഹിരാകാശ ഏജന്‍സിയായ നാസ. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഈ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വീഡിയോയിലുള്ളത്.
🔳അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനം.
🔳മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മസ്‌കത്ത് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.
🔳രണ്ടുമാസത്തെ പര്യടനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് താരങ്ങള്‍ പരിശീലനം തുടങ്ങിയത്. രണ്ട് ഗ്രൂപ്പുകളിലായി ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായിട്ടായിരുന്നു താരങ്ങളുടെ പരിശീലനം
🔳മുഹൂര്‍ത്ത വ്യാപാരത്തില്‍ എക്കാലത്തെയും ഉയരം കുറിച്ച് സൂചികകള്‍. നിഫ്റ്റി 12,750ന് മുകളിലെത്തി. സെന്‍സെക്‌സ് 194.98 പോയന്റ് നേട്ടത്തില്‍ 43,637.98ലും നിഫ്റ്റി 50.60 പോയന്റ് ഉയര്‍ന്ന് 12,770.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1803 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 621 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികള്‍ക്ക് മാറ്റമില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വ്യാപാരം നടന്ന ഓഹരികളുടെ എണ്ണത്തില്‍ വന്‍കുതിപ്പാണ് ഇത്തവണയുണ്ടായത്. ദീപാവലി ബലിപ്രതിപദയായതിനാല്‍ തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചൊവാഴ്ചയാണ് ഇനി വിപണി പ്രവര്‍ത്തിക്കുക.
🔳കാനറ ബാങ്കിന്റെ 91 ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്നാണിത്. അധികം ദൂരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഒന്നിന്റെ പ്രവര്‍ത്തനം സമീപത്തെ ബാങ്കിലേക്ക് മാറ്റും. സ്ഥിരം ജോലിക്കാരെ പിരിച്ചുവിടില്ല. കരാര്‍ ജോലിക്കാര്‍ക്ക് ജോലി നഷ്ടമാകും. പുതിയ നിയമനവും വൈകും. 2018ലാണ് സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ആസ്തിയില്‍ രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായി മാറി കാനറ.
🔳നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'റഷ്യ' ചിത്രീകരണം പൂര്‍ത്തിയായി. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്നു. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. സെക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് റഷ്യ. ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. രാഖി കിഷോര്‍, പാര്‍വ്വതി, ഗോപിക അനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
🔳ആരാധകര്‍ക്ക് ദീപാവലി സമ്മാനവുമായി 'മാസ്റ്റര്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിജയ് ആരാധകര്‍ക്കും വിജയ് സേതുപതി ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. വിജയ്യും സേതുപതിയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് വേഷമിടുന്നത്.
🔳കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച മൂന്നാമത്തെ മോഡലും കോംപാക്ട് എസ്.യു.വിയുമായ സോണറ്റിന് മികച്ച പ്രതികരണം. അവതരിപ്പിച്ച് ഇതിനോടകം 50000-ത്തില്‍ അധികം ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാ മൂന്ന് മിനിറ്റിലും രണ്ടുപേര്‍ സോണറ്റ് ബുക്കുചെയ്യുന്നുണ്ടെന്നാണ് കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 6.71 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 8.05 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയുമാണ് വില.
🔳നിങ്ങള്‍ പോയി മറഞ്ഞാലും നിങ്ങളാരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കില്‍ ആ സ്നേഹം അലയൊലി സൃഷ്ടിക്കുകയും അതെന്നെന്നും നിലനിന്നുകൊണ്ടിരിക്കുകയും ചെയ്യും. അതിനൊരിക്കലും അപ്രത്യക്ഷമാവാന്‍ കഴിയില്ല.' ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും ഊര്‍ജ്ജസ്വലനും ആധുനികനും മാനുഷികനുമായ ആത്മീയഗുരുവിന്റെ ആത്മകഥ. 'ആത്മകഥ ഓഷോ'. സൈലന്‍സ് കോഴിക്കോട്. വില 243 രൂപ.
🔳ഒഴിവാക്കാന്‍ പാടില്ലാത്ത ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളം. ഈ പഴത്തില്‍ ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസും ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. മാതളം ജ്യൂസ് കുടിക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നു. വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമാണ് മാതളം . ഈ ജ്യൂസില്‍ ഗ്രീന്‍ ടീയേക്കാള്‍ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗ സാധ്യതയെ ഗണ്യമായി വര്‍ദ്ധിപ്പിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ മാതളം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. വൃക്കരോഗങ്ങള്‍ തടയാനും വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ല് അലിയിച്ചു കളയാനും മാതളം സഹായിക്കും. 'ന്യൂറോബയോള്‍ ഡിസ്' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മാതളം ജ്യൂസ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പറയുന്നു. ഗര്‍ഭിണികള്‍ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് സഹായിക്കുകയും ചെയ്യുന്നു.