മണ്ഡലകാല പൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് ഞായറാഴ്‌ച തുറക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുക. തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്‌ച മുതൽ സന്നിധാനത്തേക്ക് കർശന നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ചിത്തിര ആട്ട വിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്‌ച രാത്രി എട്ടിനാണ് നട അടച്ചത്.
ഞായറാഴ്‌ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകം ചെയ്‌തു അവരോധിക്കും. തന്ത്രിയുടെ കാർമികത്വത്തിൽ സോപാനത്താണ് ചടങ്ങുകൾ നടക്കുക.
രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീർത്ഥാടനം. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശന അനുമതി. 10 വയസ്സിനു താഴെയുള്ളവർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കില്ല. 10നും 60നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം. മുൻവർഷങ്ങളിൽ പ്രതിദിനം ലക്ഷകണക്കിനു ആളുകൾ എത്തിയ സ്ഥലത്താണ് ഇത്തവണ പ്രതിദിനം ആയിരം പേർ മാത്രമെത്തുന്നത്.
ശബരിമലയിൽ എത്തുന്നതിനു 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകർക്ക് നിർബന്ധമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിലില്ലാത്തവർക്ക് നിലയ്ക്കലിൽ ദ്രുത ആന്റിജൻ ടെസ്റ്റ് നടത്തും. ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ ദർശനം നടത്താൻ അനുവദിക്കൂ. മലകയറാൻ പ്രാപ്‌തരാണെന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ദർശനത്തിനെത്തുന്ന ഭക്തരുടെ കൈയില്‍ വേണം.
യാത്രയിൽ മാസ്‌ക് നിർബന്ധമാണ്, സാമൂഹിക അകലം പാലിക്കണം. കൈയിൽ കരുതിയിരിക്കുന്നതൊന്നും വഴിയിൽ ഉപേക്ഷിക്കരുത്. മല കയറുന്ന സമയത്ത് തീർത്ഥാടകർ കൂട്ടം കൂടരുത്. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. മാസ്‌കിന് പുറമെ സാനിറ്റൈസര്‍, കൈയുറ എന്നിവ നിർബന്ധമാണ്. ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തർക്ക് സാമൂഹിക അകലം കർശനമാക്കും. മല കയറുന്ന സമയത്ത് മാത്രം മാസ്‌ക് ഒഴിവാക്കാം. അല്ലാത്ത സമയത്തെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.
ത്രിവേണിപ്പാലം കടന്ന് സർവീസ് റോഡുവഴി ആയിരിക്കും യാത്ര. ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇത്തവണ ഉണ്ടാവില്ല. വെർച്ച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറിൽ പരിശോധിക്കും. പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാം. പതിനെട്ടാംപടിയിൽ പോലീസ് സേവനത്തിന് ഉണ്ടാകില്ല. കൊടിമരച്ചുവട്ടിൽനിന്ന് ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ്‌ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടർ ഉണ്ടായിരിക്കും.
സന്നിധാനത്ത് മറ്റ് പ്രസാദങ്ങൾ ഒന്നുമുണ്ടായിരിക്കില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ നിന്നും ലഭിക്കും. ഭക്തർക്ക് സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല