Headlines
Loading...
NEWS CLICK 14 NOV 2020 ലൈവ് ടുഡേ മലയാളം സ്പെഷ്യൽ ബുള്ളറ്റിൻ

NEWS CLICK 14 NOV 2020 ലൈവ് ടുഡേ മലയാളം സ്പെഷ്യൽ ബുള്ളറ്റിൻ




🔳കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയര്‍ത്തി. മുഖാവരണം ധരിക്കാതെ പാതുസ്ഥലത്തിറങ്ങുന്നവര്‍ക്കുള്ള പിഴ 200 ല്‍നിന്ന് 500 രൂപയാക്കി. പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.

🔳സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കരനെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. തിങ്കളാഴ്ച കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യംചെയ്യും.

🔳സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം കേന്ദ്രനേതാക്കളുമായുള്ള കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍. സെക്രട്ടറിയുടെ ചുമതലയില്‍നിന്നു മാത്രമാണ് അവധി. അദ്ദേഹം പി.ബിയംഗമായി തുടരും.

🔳കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിയുന്നതിനെ പ്രകാശ് കാരാട്ട് എതിര്‍ത്തെങ്കിലും ഈ തീരുമാനത്തെ സീതാറാം യെച്ചൂരി പിന്തുണച്ചുവെന്ന് സൂചന. ബിനോയ് കോടിയേരിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയും കേസിലും വിവാദത്തിലും അകപ്പെട്ട സാഹചര്യത്തില്‍ യെച്ചൂരി നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാഗവും കോടിയേരി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍.

🔳ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തന്റെ നേര്‍ക്കാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് കെ.സുരേന്ദ്രന്‍

🔳മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതലിന്റെ ഭാഗമായി ഈ വര്‍ഷം തിരുവാഭരണം ദര്‍ശനത്തിനായി തുറന്നുവെക്കില്ലെന്ന് പന്തളം കൊട്ടാരം.

🔳സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതായി ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ഒറ്റപ്പെട്ട ചര്‍ച്ചകള്‍ ഒന്നിനും പരിഹാരമല്ലെന്നും യാക്കോബായ സഭ ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്നും ആരോപിച്ചാണ് ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചകളില്‍ നിന്നും പിന്മാറുന്നത്.

🔳കേരളത്തില്‍ ഇന്നലെ 58,221 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1822 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 55 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍  : കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81.

🔳കോവിഡ് മൂലം മരണമടഞ്ഞവരുടെ വിവതിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന്‍ (59), തോട്ടയ്ക്കല്‍ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി തുളസമ്മ (52), പേരൂര്‍ക്കട സ്വദേശി വിന്‍സന്റ് (68), തിരുവനന്തപുരം സ്വദേശി ജയരാജന്‍ (53), കൊല്ലം കൊട്ടാരക്കര സ്വദേശി ബഷീര്‍ (60), ഇടത്തറ സ്വദേശി മാണി (60), മൈനാഗപ്പള്ളി സ്വദേശി അജിമോന്‍ (39), ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഹംസ (80), കരുവാറ്റ സ്വദേശി ടി.കെ. ജോസഫ് (80), കോട്ടയം സ്വദേശിനി കൊച്ചുപെണ്ണ് (90), പുതുപ്പള്ളി സ്വദേശി പുരുഷന്‍ (60), താഴത്തങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി (77), എറണാകുളം ഏറമല്ലൂര്‍ സ്വദേശിനി ഫാത്തിമ ഇബ്രാഹിം (85), അരങ്ങത്ത് ക്രോസ് റോഡ് സ്വദേശിനി ഹംസ ബീവി (78), പവര്‍ഹൗസ് സ്വദേശി രാധാകൃഷ്ണന്‍ (57), തൃശൂര്‍ ചിറ്റിശേരി സ്വദേശി ബാബു (54), കരിക്കുഴി സ്വദേശി സുലൈമാന്‍ (68), പൊന്‍കുന്നം സ്വദേശി സുബ്രഹ്മണ്യന്‍ (86), പാലക്കാട് ആലത്തൂര്‍ സ്വദേശിനി സാറാമ്മ (74), ഒറ്റപ്പാലം സ്വദേശി അലി (69), മലപ്പുറം മൂത്തേടം സ്വദേശി വീരന്‍ (75), പൂക്കോട്ടൂര്‍ സ്വദേശി നിസാര്‍ (32), പൊന്നാനി സ്വദേശിനി സാറു (71), കണ്ണൂര്‍ ചേലാട് സ്വദേശി കെ.എം. ഹംസ (60) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ  11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 616 ഹോട്ട് സ്‌പോട്ടുകള്‍.

🔳കോര്‍പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി. തിരുവനന്തപുരത്ത് സംസ്ഥാന നേതാക്കളെത്തന്നെ കളത്തിലിറക്കുന്നു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെ കോര്‍പറേഷന്‍ പൂജപ്പുര വാര്‍ഡിലും സംസ്ഥാന സെക്രട്ടറിയും മുന്‍ജില്ലാപ്രസിഡന്റുമായ എസ്. സുരേഷിനെ ജില്ലാ പഞ്ചായത്ത് വെങ്ങാനൂര്‍ ഡിവിഷനിലും മത്സരത്തിനിറക്കാനാണ് തീരുമാനം.

🔳ഗുരുവായൂര്‍ ഏകാദശിക്കും ദശമിക്കും ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 3000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ തീരുമാനം. നവംബര്‍ 24 ന് ദശമി ദിവസം നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണ ഘോഷയാത്ര രണ്ട് ആനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രം നടത്തും. നവംബര്‍ 25 നാണ് ഗുരുവായൂര്‍ ഏകാദശി.

🔳തിരുവനന്തപുരം പെരുകാവ് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം. പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

🔳ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ക്വിക്ക് റിയാക്ഷന്‍ സര്‍ഫെയ്‌സ് ടു എയര്‍ മിസൈലിന്റെ ആദ്യഘട്ട പരീക്ഷണ വിക്ഷേപണം വിജയകരം. 30 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള ഈ മിസൈലിന്റെ വികസിപ്പിക്കലും പരീക്ഷണങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുരോഗമിക്കുകയായിരുന്നു.

🔳ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് ഓക്‌സ്ഫഡ്-അസ്ട്രസെനക കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവാല. കോവിഡില്‍ നിന്ന് കൃത്യമായ സംരക്ഷണം നല്‍കുന്നതാണ് അസ്ട്രസെനക കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലമെന്ന് സിറം ഇന്ത്യ.

🔳വൈദ്യ ശാസ്ത്ര ലോകത്ത് ആയുര്‍വേദം ഒരു പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അലോപ്പതിയും ആയുര്‍വേദ സമ്പ്രദായങ്ങളും കൈകോര്‍ത്ത് മുന്നോട്ട് പോകും. ഇതാദ്യമായി, നമ്മുടെ പുരാതന ഇന്ത്യയുടെ ശാസ്ത്രം 21 നൂറ്റാണ്ടിലെ ശാസ്ത്രവുമായി സമന്വയിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

🔳റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ വിഷയത്തില്‍ സുപ്രീംകോടതിയെ പരിഹസിച്ച് കോടതി അലക്ഷ്യ നടപടി നേരിട്ട കുനാല്‍ കമ്ര  മാപ്പ് പറയാനോ, പിഴയടക്കാനോ തയ്യാറല്ലെന്ന് ട്വീറ്റ് ചെയ്തു. ട്വീറ്റുകള്‍  പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെയും സുപ്രീംകോടതി ജഡ്ജിമാരെയും അഭിസംബോധന ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് കുനാല്‍ ഇത് പറയുന്നത്.  

🔳തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ അറിയിപ്പ്. നവംബര്‍ 16 മുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. നവംബര്‍ 16 മുതല്‍ കോളേജുകള്‍ തുറക്കാനുള്ള തീരുമാനവും മാറ്റിയതായി അഝികൃതര്‍ അറിയിച്ചു.

🔳ഹരിയാനയില്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലികൊന്നു.. ഗുഡ്ഗാവ് സ്വദേശിയായ ആകാശ്(28) എന്ന യുവാവിനെയാണ് ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്.

🔳ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പാക്കിസ്ഥാന്‍ സൈനികരുടെ ഭാഗത്ത് നിന്നുള്ള വെടിവെയ്പ്പില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം അഞ്ചായി. മൂന്ന് ഗ്രാമീണരും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നാണ് മേഖലയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു

🔳ഇന്ത്യയില്‍ ഇന്നലെ 44,619 കോവിഡ് രോഗികള്‍. മരണം 516. ഇതോടെ ആകെ മരണം 1,29,225 ആയി, ഇതുവരെ 87.73 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.80 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 81.61 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 7,802 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 4,132 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,835 പേര്‍ക്കും കര്‍ണാടകയില്‍ 2,016 പേര്‍ക്കും ആന്ധ്രയില്‍ 1,593 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,939 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലേയും റെക്കോഡ് വര്‍ദ്ധനവ്. ഇന്നലെ മാത്രം 6,41,922 പുതിയ കോവിഡ് രോഗികള്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. അമേരിക്കയില്‍ ഇന്നലെ 1,75,439 പേര്‍ക്കും ഇറ്റലിയില്‍ 40,902 പേര്‍ക്കും രോഗം ബാധിച്ചു. പ്രതിദിന മരണസംഖ്യ പതിനായരത്തിനടുത്ത്. 9,809 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 1,341 പേരും ഫ്രാന്‍സില്‍ 932 പേരും ബ്രസീലില്‍ 614 പേരും മെക്‌സിക്കോയില്‍ 626 പേരും ഇറ്റലിയില്‍ 550 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 5.37 കോടി കോവിഡ് രോഗികളും 13.08 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് തെളിവില്ലെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പമാണ് കഴിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  2.7 ദശലക്ഷം വോട്ടുകള്‍ എക്വിപ്‌മെന്റ് മേക്കര്‍ ഡിലീറ്റ് ചെയ്‌തെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്.

🔳ബ്രിട്ടനെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പതിമൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതിന് ആജീവനാന്ത തടവ് ശിക്ഷ ലഭിച്ച പീറ്റര്‍ സ്യൂട്ട്ക്ലിഫേയാണ് 74ാം വയസില്‍ മരിച്ചത്. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും യോര്‍ക്ക് ഷെയറിനേയും ഒരു കാലഘട്ടത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയ കൊലപാതകി ആയിരുന്നു പീറ്റര്‍. 1981ലായിരുന്നു പീറ്ററിനെ തടവിലടച്ചത്.

🔳സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അറ്റാദായത്തില്‍ 41% വര്‍ധന. ഇത്  130.42 കോടിയായി. 35% ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ ബിസിനസ് 15,582 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 35.38% വര്‍ധിച്ച് 8208 കോടി രൂപയായി. വായ്പകള്‍ 34.70% വര്‍ധിച്ച് 7374 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.76% നിരക്കില്‍ നിന്ന് 1.32% ആയി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.19%. ഇസാഫ് ഈ വര്‍ഷം 29 പുതിയ ശാഖകള്‍ തുറന്നു. ശാഖകളുടെ എണ്ണം 483. കോവിഡ് കാലത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെന്ന് സിഇഒ പോള്‍ തോമസ് അറിയിച്ചു.

🔳സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ 682.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേസമയം 165.08 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്.  വരുമാനത്തിലും കാര്യായ ഇടിവുണ്ടായി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 5,449 കോടി രൂപ വിറ്റുവരവ് നേടിയപ്പോള്‍ ഈവര്‍ഷം അത് 1,424 കോടിയായി കുറഞ്ഞു.

🔳സൂപ്പര്‍ ഹിറ്റ് ചിത്രം 'അയ്യപ്പനും കോശിയും' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ തിരക്കഥയില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് നിര്‍ദേശിച്ച് നടന്‍ പവന്‍ കല്യാണ്‍. ക്ലൈമാക്‌സ് അടക്കം തിരക്കഥ പൊളിച്ചെഴുതണം എന്ന് പവന്‍ കല്യാണ്‍ നിര്‍ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തെലുങ്ക് റീമേക്കില്‍ കേന്ദ്ര കഥാപാത്രമായാണ് പവന്‍ കല്യാണ്‍ വേഷമിടുന്നത്. രണ്ടാമത്തെ കേന്ദ്ര കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യം ഉണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് നായക കഥാപാത്രങ്ങള്‍ എന്ന തിരക്കഥ തിരുത്തി നായകന്‍, പ്രതിനായകന്‍ എന്ന നിലയിലേക്ക് മാറ്റിയെഴുതണം എന്നാണ് പവന്‍ കല്യാണിന്റെ നിര്‍ദേശം.

🔳ശക്തന്‍ തമ്പുരാന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് 'ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍ ' എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ചരിത്രത്തിന്റെ നാള്‍വഴികളിലേക്കൊരു യാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി . പഠനാര്‍ഹമായ രീതിയില്‍ അനേകം ഗവേഷണങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ ഒന്നാംഭാഗം പൂര്‍ത്തിയായി. സംവിധാനം - ഡോ.രാജേഷ്‌കൃഷ്ണന്‍. തൃശൂര്‍, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

🔳ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലെ ശ്രദ്ധേയമായ മോഡലായ എക്‌സ്ട്രീം 200 എസിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ഹീറോയുടെ എക്‌സ്-സെന്‍സ് സാങ്കേതികവിദ്യയ്‌ക്കൊപ്പം ബിഎസ്-6 എന്‍ജിനിലുമെത്തുന്ന ഈ ബൈക്കിന് 1.15 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

🔳ലോകം ഒരു മഹാമാരിയുടെ നിഴലില്‍ അകപ്പെട്ടുപോയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ ചിന്തിച്ചുവെന്നു രേഖപ്പെടുത്തിവെയ്ക്കുന്ന പുസ്തകമാണിത്. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും മൃഗങ്ങളും ഇതില്‍ കഥാപാത്രങ്ങളാകുന്നു. ഭാഷയും ഭാവനയും നന്നായി സമന്വയിക്കുന്ന കുഞ്ഞുകഥകള്‍. 'പണ്ട് പണ്ടൊരു നാട്ടില്‍'. എഡിറ്റര്‍ - പി. സുരേന്ദ്രന്‍. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 100 രൂപ.

🔳കൊവിഡ് രോഗം പിടിപെട്ട്, അത് മാറിയ ശേഷവും നിശ്ചിത ശതമാനം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ അമേരിക്കയില്‍ നിന്ന് പുറത്തുവന്നത്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലാണ് കൊവിഡിന് ശേഷമുള്ള ആരോഗ്യാവസ്ഥകളെ കുറിച്ച് പഠനം നടന്നത്. പ്രധാനമായും ശ്വാസതടസമാണ് കൊവിഡിന് ശേഷം ആളുകള്‍ നേരിടുന്നൊരു ആരോഗ്യപ്രശ്‌നം. പടികള്‍ കയറാന്‍ കഴിയാതെ പോകുന്ന അവസ്ഥ, നടക്കാന്‍ കഴിയാത്ത അവസ്ഥ, വ്യായാമമോ മറ്റ് ജോലികളോ ചെയ്യാന്‍ കഴിയാത്ത അവസ്ഥ എന്നിവയെല്ലാം ഇതുമൂലം സംഭവിക്കുന്നു. തുടര്‍ച്ചയായി ശ്വാസതടസം നേരിടുന്നത് ക്രമേണ മറ്റ് പല തരത്തിലും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ നാല്‍പത് ശതമാനത്തിലധികം ആളുകള്‍ പറഞ്ഞത് രോഗം ഭേദമായി രണ്ട് മാസം കഴിഞ്ഞിട്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു. ഇതില്‍ 12 ശതമാനത്തിന് അടിസ്ഥാനകാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതായ സാഹചര്യമാണ് വന്നത്.  ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വേറെയും. വിദൂരമായ അപകടസാധ്യതകള്‍ മാത്രമാണിതെന്നും അവയെക്കുറിച്ച് തന്നെ ചിന്തിച്ച് ഉത്കണ്ഠപ്പെടാതെ ലഭ്യമായ ചികിത്സയോട് സഹകരിച്ച് ആത്മവിശ്വാസത്തോടെ രോഗത്തെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയേണ്ടതുണ്ട്.