Headlines
Loading...
NEWS CLICK 09 NOV 20

NEWS CLICK 09 NOV 20

🔳ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാമിനെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളും വഞ്ചന കേസില്‍ പ്രതിയാണ്. ഹിഷാം ദുബായിലേക്ക് കടന്നെന്നാണ് സൂചന. അതേസമയം, എം സി കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നല്‍കി.

🔳സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്ന സുരേഷുമായിട്ടുള്ള വ്യക്തിബന്ധവും കള്ളക്കടത്തുകാരുമായിട്ടുള്ള ബന്ധവും നിയമസഭയെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നോക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനം ദുര്‍ബലപ്പെടുത്തലാണെന്ന് സുരേന്ദ്രന്‍.

🔳വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ കേരള പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ഗവര്‍ണര്‍ പരിശോധിക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍
പോരെന്നു കണ്ടാണ് നിയമഭേദഗതി തീരുമാനിച്ചത്. ഇത് പോലീസിന് അമിതാധികാരം നല്‍കുന്നതിനൊപ്പം മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് ഓര്‍ഡിനന്‍സില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുനിഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 48,798 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1692 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105.

🔳കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങള്‍ :  തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന്‍ (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന്‍ (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന്‍ (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന്‍ (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര്‍ സ്വദേശി ശങ്കരന്‍ (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശിനി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന്‍ (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന്‍ (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന്‍ (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (67), പേരാവൂര്‍ സ്വദേശിനി റോസമ്മ (94), കുറുവ സ്വദേശി കെ.പി. അബൂബക്കര്‍ (63) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 9 പുതിയ ഹോട്ട് സ്പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 617 ഹോട്ട് സ്പോട്ടുകള്‍.

🔳മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തില്‍. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തിനും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.

🔳ശബരിമല തീര്‍ഥാടകര്‍ക്കുളള കൊവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ഥാടകര്‍ കൊവിഡ് ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുന്‍കരുതലും സ്വീകരിക്കണം.

🔳കുടുംബവഴക്കിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കോഴിക്കോട് ചെമ്പനോട കിഴക്കരക്കാട്ട് സിജോ(35)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

🔳ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു. എ.എം ആരിഫ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. എഫ് എം നിലനിര്‍ത്തി എ.എം ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്.

🔳പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി ചേന്ദമംഗലം പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളി(55)മരിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടില്‍വച്ച് പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

🔳കോവിഡ്-19 പകര്‍ച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തിരിച്ചുവരവ് നടത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖര പറഞ്ഞു. ധനകാര്യ രംഗത്തെ നയിക്കുന്നവര്‍ ചെലവ് ഉള്‍ക്കൊള്ളാന്‍ പഠിക്കുന്നതിലൂടെ കൂടുതല്‍ പക്വതയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്ന ഒരു ''പാരഡൈം ഷിഫ്റ്റ്'' ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ മുന്‍ തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി രാജ്യത്തിന്റെ പുരോഗതിക്ക്‌ നോട്ട് നിരോധനം ഏറെ സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳നാല് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചില 'മുതലാളിത്ത സുഹൃത്തുക്കളെ' സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നോട്ട് നിരോധനമെന്ന നീക്കം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. 2016-ലെ നോട്ട് നിരോധനം ജനതാത്പര്യം കണക്കിലെടുത്തല്ലെന്നും രാജ്യത്തിന്റെ സമ്പദ്ഘടന അതുമൂലം തകര്‍ന്നെന്നും രാഹുല്‍ ഗാന്ധി.

🔳ബീഹാറില്‍ വോട്ടെണ്ണല്‍ നാളെ. മഹാസഖ്യത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലങ്ങള്‍ എന്‍.ഡി.എ. തള്ളിക്കളഞ്ഞു. എന്നാല്‍, ബിഹാറില്‍ ഭരണമാറ്റമുണ്ടാകുമെന്ന് തുടക്കംമുതല്‍ വ്യക്തമാണെന്ന് ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും.

🔳തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് വീണ്ടും വേല്‍യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 

🔳കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ക്ഷേത്രങ്ങള്‍ക്കുള്ള
പ്രവര്‍ത്തനനിര്‍ദേശങ്ങള്‍ ദീപാവലിക്ക് ശേഷം പുറത്തിറക്കും. 9-12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ ദീപാവലിക്ക് ശേഷം തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳കംപ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നംദിയോ ത്യാഗി അറസ്റ്റില്‍. ത്യാഗിയെയും ആറ് കൂട്ടാളികളെയുമാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശ്രമത്തില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ഇയാളെ കരുതല്‍ തടങ്കലിലാക്കിയത്.

🔳ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പറഞ്ഞു.

🔳ഉത്തര്‍പ്രദേശില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. പിലിഭിത്തിലെ ഗ്രാമത്തില്‍ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായ പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെയാണ് കരിമ്പിന്‍ തോട്ടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

🔳വടക്കന്‍ ക്ശമീരിലെ കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

🔳രാജ്യത്ത് ഇന്നലെ 46,660 കോവിഡ് രോഗികള്‍. മരണം 490. ഇതോടെ ആകെ മരണം 1,26,653 ആയി, ഇതുവരെ 85.53 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 5.09 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 79.15 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳ഡല്‍ഹിയില്‍ ഇന്നലെ 7,745 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 5,585 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,920 പേര്‍ക്കും കര്‍ണാടകയില്‍ 2,740 പേര്‍ക്കും ആന്ധ്രയില്‍ 2,237 പേര്‍ക്കും  തമിഴ്നാട്ടില്‍ 2,334 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,63,209 പുതിയ കോവിഡ് രോഗികള്‍. അമേരിക്കയില്‍ 96,363 പേര്‍ക്കും ഫ്രാന്‍സില്‍ 38,619 പേര്‍ക്കും ഇറ്റലിയില്‍ 32,616 പേര്‍ക്കും ഇംഗ്ലണ്ടില്‍ 20,572 പേര്‍ക്കും ജര്‍മനിയില്‍ 14,026 പേര്‍ക്കും പോളണ്ടില്‍ 24,785 പേര്‍ക്കും രോഗം ബാധിച്ചു. 5,731 പേരാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 480 പേരും മെക്‌സികോയില്‍ 485 പേരും ഇന്നലെ മരിച്ചു.  ഇതോടെ ആകെ 5.07 കോടി കോവിഡ് രോഗികളും 12.61 ലക്ഷം മരണവും സ്ഥിരീകരിച്ചു.

🔳പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.

🔳വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ രോഹിത് ശര്‍മ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം പറന്നേക്കും. ബിസിസിഐ വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പരിക്കും ഫിറ്റ്‌നസില്ലായ്മയും ചൂണ്ടിക്കാണിച്ചായിരുന്നു സെലക്ഷന്‍ കമ്മിറ്റി ഹിറ്റ്മാനെ തഴഞ്ഞത്. എന്നാല്‍ താരം മുംബൈ ഇന്ത്യന്‍സിനോടൊപ്പം പരിശീലനം നടത്തുകയും സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ കളിക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളില്‍ പരിക്ക് കാരണം പുറത്തിരുന്ന ശേഷമായിരുന്നിത്.

🔳സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പതിമൂന്നാമത് ഐ.പി.എല്ലിന്റെ ഫൈനലിലെത്തി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഡല്‍ഹി ആദ്യമായാണ് ഐ.പി.എല്‍ ഫൈനലിലെത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്സിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🔳മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസ് ലിമിറ്റഡ് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 15.7 കോടി രൂപ അറ്റ ലാഭം നേടി.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 14 കോടിയാണ്. ഈ പാദത്തിലെ വരുമാനം 143.7 കോടി രൂപ. വായ്പയായി 116.1 കോടി രൂപ നല്‍കി. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 2269 കോടി. ആളുകള്‍ കൂടുതലായി വ്യക്തിഗത വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് അനുകൂലഘടകമാകുന്നുണ്ടെന്നു മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസ് എംഡി തോമസ് ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു.

🔳ഇന്ത്യയില്‍നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ - ഓഗസ്റ്റ് കാലയളവില്‍ 15 ശതമാനം ഉയര്‍ന്നു. വറ്റല്‍മുളക്, ജീരകം, മഞ്ഞള്‍ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വര്‍ധനയാണ് മൊത്തം കയറ്റുമതിയില്‍ പ്രതിഫലിച്ചതെന്ന് സ്‌പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രില്‍ മുതലുള്ള അഞ്ച് മാസക്കാലയളവില്‍ രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടണ്‍ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്.

🔳ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' യുടെ സംവിധായകനും മലയാളിയുമായ വിനോദ് സാം പീറ്ററാണ്  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേടിയത്. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്‌ക്കാരങ്ങള്‍ വിനോദ് സാം പീറ്റര്‍ തന്റെ സിനിമയിലൂടെ കരസ്ഥമാക്കി. രണ്ടായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് 'പഗ് ല്യാ' ഒന്നാം സ്ഥാനത്ത് എത്തിയത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'പഗ് ല്യാ' യുടെ ഇതിവൃത്തം.

🔳ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുമായി നടന്‍ അപ്പാനി ശരത്. 'രന്ധാര നഗര' എന്ന് പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. എം. അബ്ദുല്‍ വദൂദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക സംഭവത്തെ പശ്ചത്താലമാക്കിയാണ് ഒരുങ്ങുന്നത്. രേണു സൗന്ദര്‍ ആണ് നായിക. നവംബര്‍ ഒമ്പതിന്  പൂജയും ചിത്രീകരണവും ആരംഭിക്കും. മൈസൂര്‍, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍.

🔳ഇന്ത്യയിലെ ഉത്സവാഘോഷങ്ങള്‍ മോടിപിടിപ്പിക്കുന്നതിന് പ്രീമിയം എസ്.യു.വി ഹാരിയറിന്റെ കാമോ എഡിഷന്‍ വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്സ്. മാനുവല്‍ എക്‌സ് ടി വേരിയന്റിലും ഓട്ടോമാറ്റിക് എക്‌സ് ഇസെഡ് വേരിയന്റിലും നിരത്തുകളിലെത്തുന്ന ഈ സ്പെഷ്യല്‍ എഡിഷന്‍ എസ്.യു.വിക്ക് 16.50 ലക്ഷം രൂപ മുതലാണ് എക്സ്ഷോറും വില.