🔳മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കര്‍ തുറക്കാന്‍ മുന്‍കൈ എടുത്തത് ശിവശങ്കറായിരുന്നു. അദ്ദേഹത്തെ ഇന്ന് കാലത്ത് 10 മണിക്ക് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
🔳ഹൈക്കോടതി മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയതിന് തൊട്ട് പിറകെ ശിവശങ്കര്‍ ചികിത്സയിലായിരുന്ന വഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥര്‍ സമന്‍സ് കൈമാറി. കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി എന്‍ഫോസ്‌മെന്ര്‍റ് സംഘം കൊച്ചിയിലേക്ക് തിരിച്ചു. 3.20 ഓടെ കൊച്ചിയിലെ എന്‍ഫോസ്‌മെന്ര്‍റ് ആസ്ഥാനത്തെത്തിയ ശേഷം ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങി. ആറുമണിക്കൂറിന് ശേഷം ഒടുവില്‍ അറസ്റ്റ്.
🔳മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവര്‍ത്തിച്ചയാളാണ് അറസ്റ്റിലായതെന്നും ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കും കേസില്‍ പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായെന്നും കേരളജനതയ്ക്ക് അപമാനമാണിതെന്നും കള്ളക്കടത്ത്കാര്‍ക്ക് കേരളത്തെ തീറെഴുതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
🔳ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
🔳ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ സിവില്‍സര്‍വീസ് പരിശീലന കേന്ദ്രമായ മസൂറി ഇന്‍സ്റ്റിറ്റ്യൂട്ടിനെ പഴിചാരി സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ്. കൊള്ളരുതായ്മകള്‍ ചെയ്യാനാണോ മസൂറിയില്‍ പരിശീലനം നല്‍കുന്നതെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍ പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിട്യൂറ്റ് പിരിച്ചുവിടട്ടെയെന്നും കൃഷ്ണദാസ്.
🔳മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായി കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കു അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി.
🔳ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്സ്ഫോഡ് കോവിഡ് വാക്സിന്‍ ഡിസംബര്‍ ആദ്യംതന്നെ തയ്യാറാകുമെന്ന് കമ്പനി മേധാവി അദാര്‍ പൂനവാല. പത്ത് കോടി ഡോസുകള്‍ ഉള്‍പ്പെട്ട ആദ്യബാച്ച് 2021 ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലഭ്യമാക്കുമെന്നും പൂനവാല.
🔳മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി. സാമ്പത്തിക സംവരണം കോണ്‍ഗ്രസിന്റെ ദേശീയ നിലപാടാണെന്നും അതേസമയം മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും ആശങ്കകള്‍ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.
🔳സാമ്പത്തിക സംവരണത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച മുസ്ലിം ലീഗിനെ വിമര്‍ശിച്ച് വിഡി സതീശന്‍ രംഗത്ത്. വിഷയത്തില്‍ ലീഗ് തിടുക്കം കാട്ടിയെന്ന് പറഞ്ഞ അദ്ദേഹം, യുഡിഎഫില്‍ ആലോചിക്കുന്നതിന് മുന്‍പ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ മുസ്ലിം ലീഗിന്റേത് പ്രഖ്യാപിത നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി.
🔳കനേഡിയന്‍ ഏജന്‍സിക്ക് ആരോഗ്യ സര്‍വേ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും അച്യുതമേനോന്‍ സെന്ററിനെ ആണ് വിവര ശേഖരണം ഏല്‍പ്പിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് നടത്തുന്ന കിരണ്‍ എന്ന സമഗ്ര ആരോഗ്യ സര്‍വേ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിയായ പിഎച്ച്ആര്‍ഐക്ക് കൈമാറിയെന്ന് തെളിയിക്കുന്ന രേഖകള്‍ കാരാവന്‍ പുറത്തുവിട്ടിരുന്നു.
🔳നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
🔳സംസ്ഥാനത്ത് ഇന്നലെ 66,980 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8,790 പേര്‍ക്ക് കോവിഡ്-19 . 27 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1403 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7,646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115.
🔳കോവിഡ് മൂലം ഇന്നലെ മരണം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര്‍ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്റഫ് (56), മുണ്ടംവേലി സ്വദേശി രാജന്‍ (85), തൃശൂര്‍ ചോലകോട് സ്വദേശി പുഷ്പകരന്‍ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (67), ഒല്ലൂര്‍ സ്വദേശി ശങ്കരന്‍ (76), സുരഭി നഗര്‍ സ്വദേശി സോളമന്‍ (55), കൊറട്ടി സ്വദേശി ഗോപാലന്‍ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില്‍ (51), നാട്ടുകല്‍ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി (57), കോഴിക്കോട് കാപ്പില്‍ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല്‍ സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്.
🔳സംസ്ഥാനത്ത് ഇന്നലെ 11 പുതിയ ഹോട്ട് സ്പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 687 ഹോട്ട് സ്പോട്ടുകള്‍.
🔳വീട് വിവാദത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. തനിക്കെതിരെ വിവാദമാക്കിയ വീട് ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും ആര്‍ക്കും പാത്തും പതുങ്ങാതെ നേരിട്ട് പരിശോധിക്കാമെന്നും കെഎം ഷാജി പറഞ്ഞു. ആര്‍ക്കും വന്ന് കണക്കെടുത്ത് പോകാമെന്നും പാര്‍ട്ടി ഗുണ്ടകളുടെ സുരക്ഷാ വലയത്തിനാല്‍ ചുറ്റപ്പെട്ട പാര്‍ട്ടി ഗ്രാമത്തിലല്ല തന്റെ വീടെന്നും ഷാജി കുറിപ്പില്‍ വ്യക്തമാക്കി.
🔳ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബര്‍ വിജയ് പി. നായര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഐടി ആക്ടില്‍ ഭേദഗതി വരുത്തിയതെന്നും വിജയ് പി നായര്‍.
🔳സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി വ്യാപാരിയായ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അഷ്ഫീര്‍ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി. ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതിപട്ടികയിലുള്ള 27 പ്രതികളും മലയാളികളാണ്.
🔳ഇന്നലെ നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തി. 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. പോളിങ് സമാധാനപരമായിരുന്നുവെന്നും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍.
🔳ബിഹാറിലെ ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും. എന്നാല്‍ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളൊന്നും പ്രധാനമന്ത്രിയോ നിതീഷ് കുമാറോ പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി. നിതീഷ് കുമാര്‍ 15 വര്‍ഷവും മോദി ആറ് വര്‍ഷവും ഭരിച്ചിട്ട് ജനങ്ങള്‍ക്ക് എന്താണ് ലഭിച്ചതെന്നും രാഹുല്‍.
🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.
🔳കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്മൃതി പങ്കെടുത്തിരുന്നു.
🔳ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വിദഗ്ധ കൂട്ടായ്മയില്‍ സര്‍ക്കാരിന് കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് നിര്‍മിച്ചതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിര്‍മാണമെന്നും വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നുവെന്നും കേന്ദ്രം വിശദീകരിക്കുന്നു. വിശദീകരണത്തില്‍ പക്ഷെ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുകള്‍ വെളിപ്പെടുത്തുന്നില്ല. അതിനാല്‍ ആരോഗ്യസേതുആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
🔳ജാതി വിവേചനത്തെ മറികടക്കാന്‍ മികച്ച പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍. സ്വന്തമായി മാട്രിമോണിയല്‍ വെബ്സൈറ്റ് തുറന്ന സര്‍ക്കാര്‍, ഇതില്‍ നിന്നും പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു.ഒറ്റത്തവണത്തെ ഈ സഹായം ലഭിക്കാന്‍ വധൂവരന്മാരില്‍ ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം. വധുവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്കാണ് നിക്ഷേപം എത്തുക.
🔳ദില്ലി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സസ്‌പെന്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് നടപടി.
🔳രാജ്യത്ത് ഇന്നലെ 49,660 കോവിഡ് രോഗികള്‍. 508 മരണം. ഇതോടെ ആകെ മരണം 1,20,563 ആയി, ഇതുവരെ 80.38 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് നിലവില്‍ 6.01 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 73.14 ലക്ഷം പേര്‍ രോഗമുക്തി നേടി.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 6,378 പേര്‍ക്കും ഡല്‍ഹിയില്‍ 5,673 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,924 പേര്‍ക്കും കര്‍ണാടകയില്‍ 3,146 പേര്‍ക്കും ആന്ധ്രയില്‍ 2,949 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2516 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 8,790 രോഗികളുമായി കേരളമാണ് രാജ്യത്ത് പ്രതിദിന രോഗ വ്യാപനത്തില്‍ മുന്നില്‍.
🔳ആഗോളതലത്തില്‍ പ്രതിദിന രോഗവ്യാപനം അഞ്ച് ലക്ഷത്തിനടുത്ത്. ഇന്നലെ 4,92,729 പേര്‍ക്ക് രോഗവ്യാപനവും 6,995 മരണവും. ആകെ 4.47 കോടി പേര്‍ക്ക് രോഗവ്യാപനവും 11.78 ലക്ഷം മരണവും സംഭവിച്ചു.അമേരിക്കയില്‍ ഇന്നലെ 78,167 പേര്‍ക്ക് രോഗവ്യാപനവും 1,011 മരണവും. മെക്‌സിക്കോയില്‍ 643 പേരും ബ്രസീലില്‍ 487 പേരും ഫ്രാന്‍സില്‍ 346 പേരും ഇന്നലെ മരണമടഞ്ഞു.
🔳യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയയ്ക്കെതിരെ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം വിവിധ രാജ്യങ്ങള്‍ക്ക് കത്തയച്ചു.
🔳അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകാരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഓസ്‌ട്രേലിയന്‍ പര്യനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന്റെ കലിപ്പ് മുഴുവന്‍ സൂര്യകുമാര്‍ യാദവ് തീര്‍ത്തത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 43 പന്തില്‍ 79 റണ്‍സോടെ പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയശില്‍പി. ഈ വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിമൂന്നാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി.
🔳നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) 'റുപേ ഫെസ്റ്റിവല്‍ കാര്‍ണിവലി'നു തുടക്കമായി. ഈ ഉത്സവകാലത്ത് റൂപേ കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന വാങ്ങലുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ് റുപേ ഫെസ്റ്റിവല്‍ കാര്‍ണിവല്‍. മിന്ത്രയില്‍ 10 ശതമാനം കിഴിവു ലഭിക്കുമ്പോള്‍ ടെസ്റ്റ്ബുക്ക് ഡോട്ട് കോമില്‍ നിന്ന് ടെസ്റ്റ് പാസില്‍ കിഴിവ് 65 ശതമാനമാണ്. സാംസംഗിന്റെ ടിവികള്‍, എസികള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയില്‍ 52 ശതമാനം വരെയും, മിഎന്‍ മംസില്‍ 250 രൂപയും ബാറ്റായില്‍ 25 ശതമാനവും പി&ജിയില്‍ 30 ശതമാനവും കിഴിവു ലഭിക്കും. റുപേ ഉത്സവ കാര്‍ണിവലിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍നിന്നു ലഭിക്കും.
🔳സ്മാര്‍ട്ട്ഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റിനായി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടില്‍ 5,000 കോടി രൂപ നിക്ഷേപിക്കും. ഇതിനായി തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ടാറ്റ ഇലക്ട്രോണിക്സിന് 500 ഏക്കര്‍ ഭൂമി നല്‍കി. ആപ്പിളിന്റെ ഐഫോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്നതും പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ കമ്പനികള്‍ക്കുവേണ്ടിയുള്ള സ്മാര്‍ട്ട്ഫോണ്‍ ഘടകഭാഗങ്ങളാകും ടാറ്റയുടെ പ്ലാന്റില്‍ നിര്‍മിക്കുക. സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണവും പുതിയ പ്ലാന്റില്‍ ലക്ഷ്യമിടുന്നുണ്ട്.
🔳ഇര്‍ഫാന്‍ പത്താന്റെ 36-ാം ജന്‍മദിനത്തില്‍ 'കോബ്ര' സിനിമയിലെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന വിക്രം ചിത്രമാണ് കോബ്ര. വിക്രമിന്റെ വില്ലനായാണ് ഇര്‍ഫാന്‍ സിനിമയിലെത്തുന്നത്. അസ്ലാന്‍ യില്‍മാസ് എന്ന ഫ്രഞ്ച് ഇന്റര്‍പോള്‍ ഓഫീസര്‍ ആയാണ് ഇര്‍ഫാന്‍ കോബ്രയില്‍ വേഷമിടുന്നത്. കറുത്ത സ്യൂട്ട് ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് ഇര്‍ഫാന്‍ ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ് കോബ്ര. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തില്‍ നായിക.
🔳ഹലാല്‍ ലവ് സ്റ്റോറി സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയാവാന്‍ ഒരുങ്ങി ഗ്രേസ് ആന്റണി. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിലാണ് ഗ്രേസ് ആന്റണി നായികയാവുന്നത്. നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമായി എത്തുന്ന സിനിമ കൂടിയാണിത്. കുടുംബ കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ഹ്യൂമറും സറ്റയറും ആയിരിക്കും.
🔳കാലമെന്ന ചുമര്‍ഘടികാരത്തില്‍ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങള്‍ സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാകുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ ആഗോളീകരണ കാലത്തിന്റെ പുത്തന്‍ വിപണ സമവാക്യങ്ങള്‍, ആധിപത്യത്തിന്റെ ഇരുപ്പിളങ്ങള്‍ കാളുന്ന അധിനി വേഷത്തിന്റെയും ഇരകളാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന വിഷയ വൈവിധ്യങ്ങളുടെ കൊളാഷ് ആണ് ഈ സമ്പൂര്‍ണ്ണ സമാഹാരം. 'കെ വി മോഹന്‍ കുമാര്‍ സമ്പൂര്‍ണ്ണ കഥകള്‍'.
🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. രണ്ട് വര്‍ഷം മുമ്പ് വിപണിയിലെത്തിയ ഈ വാഹനം 2021 ല്‍ ഇന്ത്യയില്‍ എത്തും. ആഗോളതലത്തില്‍ ഇ-ട്രോണിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇ-ട്രോണിന്റെ 17,600 യൂണിറ്റുകള്‍ 2020-ന്റെ ആദ്യ പകുതിയില്‍ വിറ്റഴിക്കാന്‍ ഔഡിക്ക് കഴിഞ്ഞു. അടുത്ത വര്‍ഷം ഇ ട്രോണ്‍ വൈദ്യുത വാഹന ശ്രേണിയില്‍ ക്യു ഫോര്‍ ഇ ട്രോണ്‍, ഇ ട്രോണ്‍ ജി ടി എന്നിവ അവതരിപ്പിക്കാനാണ് ഔഡിയുടെ പദ്ധതി.
🔳അന്തരീക്ഷവായൂ മലിനീകരണവും കോവിഡ് മരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് പഠനം. കോവിഡ് മൂലമുണ്ടായ മരണങ്ങളില്‍ 15 ശതമാനം സംഭവിച്ചത് വായു മലിനീകരണം മൂലമാണെന്നാണ് പഠന റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് അന്തരീക്ഷ മലിനീകരണവും കോവിഡും ചേരുന്നതിലൂടെയുള്ള അപകടാവസ്ഥയെ കുറിച്ച് പറയുന്നത്. കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലങ്ങളായുള്ള വായു മലിനീകരണം ജനങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. കോവിഡ് കൂടി പിടിപെട്ടതോടെ ശ്വാസകോശ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്താകമാനമുള്ള കോവിഡ് മരണങ്ങളില്‍ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വായു മലിനീകരണം ശ്വാസകോശത്തെ തകരാറിലാക്കുകയും എസിഇ2ന്റെ പ്രവര്‍ത്തനം കൂട്ടുകയും ചെയ്യുന്നു. ബ്രിട്ടനിലുണ്ടായ 6000ളം കോവിഡ് മരണങ്ങള്‍ക്ക് വായു മലിനീകരണം കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യവാനായ ഒരാള്‍ക്ക് കോവിഡും പരിസ്ഥിതി മലിനീകരണവും മരണ കാരണമാകുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്തരീക്ഷ മലനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനവും മറികടക്കാന്‍ വാക്‌സിന്‍ ഇല്ലെന്നും, മലിനീകരണം കുറയ്ക്കുക മാത്രമാണ് മാര്‍ഗമെന്നും റിപ്പോര്‍ട്ടില്‍ ഓര്‍മിപ്പിക്കുന്നു.
ശുഭദിനം
കവിത കണ്ണന്‍
സൗജന്യങ്ങള്‍, ഇളവുകള്‍ എന്നിവയ്ക്ക് താഴെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ചെറിയൊരു വാചകമുണ്ട്. ' നിബന്ധനകള്‍ക്ക് വിധേയം' എന്ന്. നല്‍കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമാണ് അതിനര്‍ഹത എന്നര്‍ത്ഥം. അല്ലാത്തവര്‍ക്ക് അത് വെറും ആകര്‍ഷണം മാത്രം. നിബന്ധനകള്‍ വെച്ച് സ്‌നേഹം പരിശീലിക്കുമ്പോഴാണ് അത് താല്‍ക്കാലികവും അപക്വവുമായി മാറുന്നത്. തനിക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യുന്നവരേയും തന്റെ വ്യവസ്ഥകളിലൂടെ മാത്രം സഞ്ചരിക്കുന്നവരേയും ഇഷ്ടപ്പെടാനും ചേര്‍ത്തു നിര്‍ത്താനും ആര്‍ക്കും സാധിക്കും. വ്യവസ്ഥകളുള്ള സ്‌നേഹത്തിന് എപ്പോഴും അളവുകോലുകളും ഉണ്ടാകും. അവര്‍ ഇടയ്ക്കിടെ പരിശോധന നടത്തി ഗുണനിലവാരം തിട്ടപ്പെടുത്തുകയും ചെയ്യും. ഒരാള്‍ക്ക് എക്കാലവും മറ്റൊരാളെ സ്‌നേഹിക്കാന്‍ കഴിയുമോ? ഒരാളെ എന്നും ഒരുപോലെ സനേഹിക്കാന്‍ കഴിയുമോ? ലാഭനഷ്ടക്കണക്കുകളോ നിബന്ധനകളോ ഇല്ലാതെ ആരെങ്കിലും, ആരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടാകുമോ? സ്‌നേഹിക്കുന്നവരുടെ ഇഷ്ടങ്ങള്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് മീതെ പറക്കുവാന്‍ ആരെങ്കിലും അനുവദിച്ചിട്ടുണ്ടാകുമോ? ചോദ്യങ്ങള്‍ സ്വയം ചോദിക്കാം , മനസ്സ് പറയുന്ന ആ ഉത്തരങ്ങള്‍ക്കായി കാതോര്‍ക്കാം. ഒന്ന് സത്യമാണ്, എന്തെങ്കിലും കാരണത്തിന്റെ പേരില്‍ ഒരാളെ സ്‌നേഹിച്ചാല്‍ ആ കാരണം അവസാനിക്കുമ്പോള്‍ ആ സ്‌നേഹത്തിനും തിരശ്ശീലവീഴും. കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വ്യവസ്ഥകളുണ്ടെങ്കില്‍ അതിനെ സ്‌നേഹം എന്നല്ലല്ലോ വിളിക്കേണ്ടത്, കച്ചവടം എന്നല്ലേ... അതെ,. ഒരു കാരണവും ഇല്ലാതെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ സമ്മര്‍ദ്ദങ്ങളില്ലാതെ ഉപാധികളില്ലാതെ സ്‌നേഹിക്കാനാകൂ. മറ്റുള്ളവര്‍ക്ക് നല്‍കുന്ന നമ്മുടെ സ്‌നേഹവും നിരുപാധികമായി മാറട്ടെ - ശുഭദിനം